Articles
ആയുധം താഴെ വെക്കൂ, ശിരസ്സുയര്‍ത്തട്ടെ കേരളം
നമ്മള്‍ അടയിരുന്നു വിരിയിച്ചെടുത്ത പുരോഗമനത്തിന്റെ കുഞ്ഞുങ്ങള്‍ തെരുവില്‍ മരിച്ചുവീഴുന്നത് എന്നവസാനിക്കുമോ അന്നേ കേരളം രക്ഷപ്പെടൂ. കൊലപാതക രാഷ്ട്രീയത്തിന്റെ പേരിലല്ല, മാനവിക രാഷ്ട്രീയത്തിന്റെ പേരിലാണ് കേരളം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടേണ്ടത്. കോടതി വരാന്തകളിലൂടെ ചോര പുരണ്ട കൈകളുമായി നടക്കുന്ന രാഷ്ട്രീയ ക്രിമിനലുകള്‍ ഈ നാടിന്റെ സദ്കീര്‍ത്തിയെ ഒറ്റുകയാണ്.
രണ്ട് രാഷ്ട്രീയ കൊലപാതക കേസുകളിലാണ് രണ്ട് കോടതികള്‍ ഈയടുത്ത ദിവസങ്ങളില്‍ വിധി പറഞ്ഞത്. കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷ്, ശരത്്‌ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ സി പി എമ്മുകാരായ പത്ത് പ്രതികള്‍ക്ക് എറണാകുളം സി ബി ഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതാണ് അതിലൊന്ന്. അതില്‍ നാല് പേരുടെ ശിക്ഷ ഇന്നലെ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കണ്ണൂര്‍ കണ്ണപുരത്ത് സി പി എം പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍ എസ് എസ്, ബി ജെ പി പ്രവര്‍ത്തകര്‍ക്ക് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതാണ് രണ്ടാമത്തെ സംഭവം.
ദൈവത്തിന്റെ സ്വന്തം നാട് എന്നൊരു വിളിപ്പേരുണ്ട് കേരളത്തിന്. പ്രബുദ്ധതയുടെ പേരില്‍ നമ്മള്‍ മലയാളികള്‍ അഭിമാനിക്കുകയല്ല, അഹങ്കരിക്കുക തന്നെയാണ് ചെയ്യാറുള്ളത്. അടിത്തട്ട് സാമൂഹികതയുടെ ബലത്തില്‍ അനേകം കഠിന കാലങ്ങളെ കടന്നുപോയവരാണ് നമ്മള്‍. ഒരാളുടെ നിദ്രക്ക് മറ്റൊരാള്‍ കണ്ണിമ ചിമ്മാതെ കാവലിരുന്നതിന്റെ ഓര്‍മകള്‍ അതിവിദൂര ഭൂതകാലത്തിന്റേതല്ല. മഹാപ്രളയവും കൊവിഡും ചൂരല്‍മലയും സംഭവിച്ചിട്ട് ഏറെയായില്ലല്ലോ. പ്രതിസന്ധി കാലങ്ങളിലാണ് മലയാളികളുടെ ഒരുമയും നന്മയും കൂടുതല്‍ പ്രകടമാകുക. ഒത്തുതീര്‍പ്പുകളില്ലാതെ മനുഷ്യന്‍ എന്ന ഒറ്റവികാരത്തിലേക്ക് മലയാളി ഭാവപ്പകര്‍ച്ച നേടുമപ്പോള്‍. തൊട്ടുമുമ്പത്തെ മണിക്കൂര്‍ വരെയും അഭിപ്രായഭേദങ്ങള്‍ പറഞ്ഞു കലഹിച്ചവര്‍ ദുരന്തമുഖങ്ങളില്‍ മറ്റെല്ലാം മാറ്റിവെച്ച് മലയാളി മാത്രമായി മാറും. ഉദാഹരണങ്ങള്‍ അനവധിയുണ്ട്. മഴയൊന്ന് കനത്തു പെയ്താല്‍, മലയൊന്നു ക്ഷോഭിച്ചാല്‍, കാറ്റ് വീശിയടിച്ചാല്‍ സര്‍വ സന്നാഹങ്ങളുമായി നമ്മളിറങ്ങും. രക്ഷാ ഉപകരണങ്ങളും പണിയായുധങ്ങളും യന്ത്ര സാമഗ്രികളും വാഹനങ്ങളും വടങ്ങളും. അങ്ങനെയങ്ങനെ കൈയില്‍ കിട്ടാവുന്നതെല്ലാം എടുത്ത് നമ്മള്‍ മലയാളികളുടെ ഒരിറക്കമുണ്ട്. അതിന് ഒരു കേന്ദ്രത്തിന്റെയും ആഹ്വാനം വേണ്ട. ഒരധികാരിയുടെയും അഭ്യര്‍ഥന വേണ്ട.
2018ലെ പ്രളയ കാലത്ത് നമ്മളത് കണ്ടതാണ്. കഴുത്തറ്റവും അതിനു മുകളിലും വെള്ളം കേറി മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ നിന്ന എത്രയെത്ര മനുഷ്യരെയാണ് നമ്മള്‍ ഒന്നിച്ചുനിന്ന് കൈപിടിച്ചത്. തിരുവനന്തപുരത്ത് നിന്നും കൊല്ലത്ത് നിന്നും വള്ളങ്ങളുമായി വന്ന് മധ്യകേരളത്തിലെയും മലബാറിലെയും മനുഷ്യരെ ജീവിതത്തിന്റെ മറുകരയിലേക്ക് തുഴഞ്ഞുകൊണ്ടുപോയ മത്സ്യത്തൊഴിലാളികളെ ഓര്‍ക്കുന്നില്ലേ? തിരൂരിലെയും താനൂരിലെയും മത്സ്യത്തൊഴിലാളികള്‍ ആ നാളുകളില്‍ കേരളത്തിന്റെ സ്വന്തം സൈന്യമായി മാറിയത് നമ്മളെങ്ങനെ മറക്കാനാണ്? ഉടുത്ത വസ്ത്രത്തില്‍ തനിച്ചായിപ്പോയ മനുഷ്യര്‍ക്ക് ഉടുക്കാന്‍ വസ്ത്രവും കഴിക്കാന്‍ അന്നവും നല്‍കി. വെള്ളത്തില്‍ മുങ്ങിപ്പോയ വീടുകളിലെ അപരിചിതരായ മനുഷ്യരെ മഴക്കെടുതികളില്ലാത്ത നാടുകളിലെ ആളുകള്‍ സ്വന്തം വീടുകളിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി. ആ നാളുകളില്‍, സോഷ്യല്‍ മീഡിയ റെസ്‌ക്യൂ സെന്ററുകളായി, യുവാക്കള്‍ അതിന്റെ നടത്തിപ്പുകാരായി. മതസ്ഥാപനങ്ങളും പാര്‍ട്ടി ഓഫീസുകളും ദുരിതാശ്വാസ ക്യാമ്പുകളും വിഭവ സമാഹരണ കേന്ദ്രങ്ങളുമായി.
വയനാട്ടില്‍ ഉരുള്‍പൊട്ടിയപ്പോഴും നമ്മളത് കണ്ടു. രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധമായി കേരളത്തിന്റെ നാനാഭാഗത്ത് നിന്നുള്ള മനുഷ്യര്‍ വയനാട്ടിലേക്കെത്തി. ദിവസങ്ങളോളം അവരവിടെ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചു. വാഹനങ്ങളില്‍ ഭക്ഷണവും വസ്ത്രവുമായി അനേകം സംഘങ്ങള്‍. ആംബുലന്‍സുകളുമായി വ്യക്തികളും സംഘടനകളും. ഇനിയാരും ഭക്ഷണവും വസ്ത്രവുമായി ചുരം കയറിവരരുതേ എന്ന് അധികാരികള്‍ക്ക് അഭ്യര്‍ഥിക്കേണ്ടി വന്നു. അത്രമേല്‍ ഉദാരമായ സ്നേഹം കൊണ്ട് മലയാളികള്‍ വയനാടിന്റെ ഹൃദയം തൊട്ടു, കൂടെയുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തി.
ഇതേ കേരളത്തിലാണ് എണ്ണമറ്റ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നത് എന്നറിയുമ്പോഴാണ്, ആ കൊലയാളികളെ സംരക്ഷിക്കാന്‍ പാര്‍ട്ടികളുണ്ടായി എന്ന് മനസ്സിലാക്കുമ്പോഴാണ് നമ്മള്‍ മലയാളികള്‍ ശരിക്കും അന്തിച്ചുനില്‍ക്കുന്നത്! എല്ലാവരും ഒരേ രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടി പിടിക്കുന്ന കാലം ജനാധിപത്യത്തിന്റെ അന്ത്യമാകും. ബഹുസ്വരതയുടെ സൗന്ദര്യത്തെയാണ് ഒരര്‍ഥത്തില്‍ നമ്മള്‍ ജനാധിപത്യമായി ആഘോഷിക്കുന്നത് തന്നെ. ഇവിടെ എല്ലാവര്‍ക്കും നിലനില്‍ക്കാനുള്ള അവകാശമുണ്ട്. ഏത് പാര്‍ട്ടിക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്, ഏത് കക്ഷിയോട് ചേര്‍ന്നുനില്‍ക്കാനും പൗരന്മാരെ ഭരണഘടന അനുവദിക്കുന്നുണ്ട്. പിന്നെന്തിനാണ് രാഷ്ട്രീയത്തിന്റെ പേരില്‍ അരുംകൊലകള്‍. കൊന്നു നേടുന്നതെന്താണ് പാര്‍ട്ടികള്‍? ‘ഓരോ തുള്ളിച്ചോരയില്‍ നിന്നും ഒരായിരം പേരുയരുന്നൂ’ എന്ന് കവിക്കെഴുതാം, ഗായകര്‍ക്ക് പാടാം, മറ്റുള്ളവര്‍ക്ക് കേട്ടാസ്വദിക്കാം. പക്ഷേ അത് രാഷ്ട്രീയത്തിന്റെ ഉള്ളടക്കമാകുന്നതോടെ അവിടെ തീരും ആ പാര്‍ട്ടിയുടെ ജനാധിപത്യ സ്വഭാവം. ചോരയിലല്ല, ആശയങ്ങളിലാണ് രാഷ്ട്രീയം തിടം വെക്കേണ്ടത്. അപരന്റെ ചോര ചിന്തുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമല്ല, ക്രിമിനല്‍ പ്രയോഗമാണ്. മറ്റൊരാളുടെ നെഞ്ചില്‍ കഠാര ആഴ്ത്തുന്നവര്‍ കൊല്ലുന്നത് മനുഷ്യനെയല്ല, ജനാധിപത്യം എന്ന മൂല്യത്തെയാണ്.
സിന്ദാബാദ് വിളികളുടെ അകമ്പടിയില്‍ ആനയിക്കപ്പെടരുത് ഒരു കൊലയാളിയും. ദാക്ഷിണ്യമില്ലാതെ നിയമം നടപ്പാക്കപ്പെടുകയാണ് വേണ്ടത്. ആരെ കൊന്നിട്ടുവന്നാലും സ്വന്തം പാര്‍ട്ടി സംരക്ഷിച്ചുകൊള്ളുമെന്ന് ഒരു ക്രിമിനലിനും ആശ്വസിക്കാന്‍ വകയുണ്ടാകരുത്. നിരുപാധികം അക്രമികളെ തള്ളിപ്പറയാന്‍ പാര്‍ട്ടികള്‍ തയ്യാറാകുകയാണ് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം. ഏതറ്റം വരെ പോയിട്ടായാലും പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പാര്‍ട്ടികള്‍ തീരുമാനിക്കുന്നതിനേക്കാള്‍ വലിയ സാമൂഹിക കുറ്റകൃത്യം മറ്റെന്താണുള്ളത്? ജീവിതത്തില്‍ ആശയറ്റ മനുഷ്യരെ ചേര്‍ത്തുപിടിക്കുന്നതാകണം രാഷ്ട്രീയ പ്രവര്‍ത്തനം. എതിര്‍പാര്‍ട്ടിക്കാരുടെ ജീവനെടുക്കാന്‍ ഏതാനും ഗുണ്ടകളും ആയുധങ്ങളും മതിയാകും. അതിന് നേതാക്കള്‍ ആവശ്യമില്ല, പാര്‍ട്ടി ഘടകങ്ങള്‍ ആവശ്യമില്ല, യോഗവും സമ്മേളനവും വേണ്ട. മനുഷ്യരെ ചേര്‍ത്തുപിടിക്കാനാണ് ഇതെല്ലാം വേണ്ടത്. അവിടെയാണ് ഒരാളുടെ/ ഒരു പാര്‍ട്ടിയുടെ നേതൃസിദ്ധി പ്രകടമാകേണ്ടത്. കൊല്ലാന്‍ നടക്കുന്ന അണികള്‍ ഒരു പാര്‍ട്ടിയിലുണ്ടെങ്കില്‍ അതിനര്‍ഥം ആ പാര്‍ട്ടിയില്‍ നേതാക്കളില്ല സ്വാര്‍ഥ താത്പര്യക്കാരേ ഉള്ളൂവെന്നാണ്. അണികളെ വഴി നടത്തുന്നയാളാണ് നേതാവ്. അണികള്‍ക്കൊപ്പിച്ചു നിലപാടെടുക്കുകയും അണികളെ കയറൂരി വിടുകയും ചെയ്യുന്നവരെ അപ്പേരില്‍ സംബോധന ചെയ്യാനാകില്ല. ഏത് പാര്‍ട്ടിക്കും ബാധകമായ തത്ത്വമാണിത്.
‘തോറ്റ’ നേതാക്കളുടെ അനാവശ്യ ഭീതിയാണ് രാഷ്ട്രീയ കൊലപാതകങ്ങളുടെ പ്രധാന ഹേതു. അപ്പുറത്തൊരാള്‍ തങ്ങളെ ഇല്ലാതാക്കാന്‍ കോപ്പൊരുക്കുന്നു എന്ന നേതൃഭീതിയില്‍ നിന്നാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ആ എതിരാളിയെ ഇല്ലാതാക്കുന്നതോടെ തങ്ങള്‍ സുരക്ഷിതരാണ് എന്നവര്‍ കരുതുന്നു. നേതാക്കളുടെ ഹിതമറിഞ്ഞു ‘പ്രവര്‍ത്തിക്കാന്‍’ സന്നദ്ധതയുള്ള അക്രമികളുടെ ഊഴമാണ് പിന്നീട്. അവര്‍ കാര്യങ്ങള്‍ കണ്ടറിയുന്നു, ആയുധവുമായിറങ്ങുന്നു, ശത്രുവിന്റെ കഥ കഴിക്കുന്നു. പിന്നീട് കേസിന്റെ ഓരോ ഘട്ടത്തിലും പാര്‍ട്ടി ഒപ്പമുണ്ടാകും. വക്കീലിനെ ഏര്‍പ്പാടാക്കാനും കേസ് നടത്താനും പണമിറക്കും. വേണ്ടിവന്നാല്‍ ആശ്രിതര്‍ക്ക് സഹകരണ സ്ഥാപനങ്ങളിലോ മറ്റോ ജോലി തരപ്പെടുത്തും. അതിനു സാധിച്ചില്ലെങ്കില്‍ കൊലയാളിയുടെ കുടുംബം പട്ടിണി ആകാതിരിക്കാന്‍ വേണ്ടത് ചെയ്യും. ഇതൊന്നും ഏതോ ദേശത്തെ കഥയല്ല. നമ്മുടെ നാടിന്റെ, കേരളത്തിന്റെ യാഥാര്‍ഥ്യമാണ്. ആദ്യം പൊളിക്കേണ്ടത് ഈ വ്യവസ്ഥയാണ്. കൊലയാളികള്‍ക്ക് തണല്‍ വിരിക്കാന്‍ ആളുണ്ടാകുന്ന കാലത്തോളം ഈ കൊലകള്‍ക്ക് അറുതിയാകില്ല.
നിയമവാഴ്ചയോടുള്ള യുദ്ധപ്രഖ്യാപനമാണ് ഓരോ അക്രമവും. ഫലം അരാജകത്വമാകും. അധോലോകം വാഴുന്ന, ഗുണ്ടകള്‍ യഥേഷ്ടം വിഹരിക്കുന്ന ഭൂപ്രദേശമായി കേരളം മാറണോ എന്ന ചോദ്യം തന്നെയാണ് നമ്മുടെ മുമ്പിലുള്ളത്. അക്രമിക്കൂട്ടങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ രക്ഷാകര്‍ത്താക്കള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങും. സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടു പോകാന്‍ കഴിയുന്ന സംഭവങ്ങളില്‍ അങ്ങനെ. കഴിയില്ലെങ്കില്‍ കോടതിയില്‍ പ്രഗത്ഭ വക്കീലിനെ ഇറക്കി ജാമ്യത്തിന് ശ്രമിക്കും. എന്നിട്ടും രക്ഷയില്ലെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയ രക്ഷാ കവചമൊരുക്കാന്‍ എല്ലാ സന്നാഹവും സജ്ജമാക്കും. കോടതിവിധിയെ സ്വാധീനിക്കാവുന്ന വിധത്തില്‍ പൊതുബോധം രൂപപ്പെടുത്തും. ഇങ്ങനെയെല്ലാം ചെയ്തിട്ടും ശിക്ഷിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ജയിലിന്റെ കവാടം വരെയും അനുഗമിക്കും. നേതാക്കള്‍ പ്രതികളെ കാണാന്‍ ജയിലുകളിലേക്ക് പ്രവഹിക്കും. എത്ര തവണ കണ്ടിരിക്കുന്നു നമ്മളീ പ്രഹസനങ്ങള്‍. എത്രയുച്ചത്തില്‍ പ്രതികരിച്ചിരിക്കുന്നു നമ്മള്‍. എന്നിട്ട് മാറുന്നുണ്ടോ പാര്‍ട്ടികള്‍, മറുത്തൊന്ന് ചിന്തിക്കുന്നുണ്ടോ നേതാക്കള്‍?
നമ്മള്‍ അടയിരുന്നു വിരിയിച്ചെടുത്ത പുരോഗമനത്തിന്റെ കുഞ്ഞുങ്ങള്‍ തെരുവില്‍ മരിച്ചുവീഴുന്നത് എന്നവസാനിക്കുമോ അന്നേ കേരളം രക്ഷപ്പെടൂ. കൊലപാതക രാഷ്ട്രീയത്തിന്റെ പേരിലല്ല, മാനവിക രാഷ്ട്രീയത്തിന്റെ പേരിലാണ് കേരളം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടേണ്ടത്. കോടതി വരാന്തകളിലൂടെ ചോര പുരണ്ട കൈകളുമായി നടക്കുന്ന രാഷ്ട്രീയ ക്രിമിനലുകള്‍ ഈ നാടിന്റെ സദ്കീര്‍ത്തിയെ ഒറ്റുകയാണ്. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍, ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട ഭാര്യമാര്‍, പിതാവ് നഷ്ടപ്പെട്ട മക്കള്‍.. ഇനിയിറ്റു വീഴാതിരിക്കട്ടെ ഒരാളുടെയും കണ്ണുനീര്‍. പൊലിയാതിരിക്കട്ടെ ഒരു ജീവനും. രാഷ്ട്രീയം മാന്യന്മാരുടെ ഇടപാടാണെന്ന് നേതാക്കള്‍ പ്രവര്‍ത്തിച്ചു കാണിക്കട്ടെ. അങ്ങനെ കേരളം ലോകത്തിനു മുമ്പില്‍ ശിരസ്സുയര്‍ത്തി നില്‍ക്കട്ടെ.