Connect with us

MAVOIST

കേരളത്തിലെ മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ അടിത്തറയിളകുന്നു

ഉന്നത നേതാക്കളായ ബി ജി കൃഷ്ണമൂര്‍ത്തിയും സാവിത്രിയും പിടിയിലായതാണ് കേരളത്തിലെ പ്രസ്ഥാനത്തിനേറ്റ ആഘാതം കടുപ്പിച്ചത്.

Published

|

Last Updated

കോഴിക്കോട് | കേരളത്തിന്റെ വനമേഖലയില്‍ ഇടക്കിടെ സായുധരായി പ്രത്യക്ഷപ്പെട്ടു സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റു ഗ്രൂപ്പുകളുടെ അടിത്തറയിളകുന്നു. കേരളം പ്രഖ്യാപിച്ച കീഴടങ്ങല്‍ പദ്ധതി അംഗീകരിച്ചു ചില ഉയര്‍ന്ന നേതാക്കള്‍ മാവോവാദി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ നേതാക്കളില്‍ പലരും പിടിയിലായതും സംഘടനക്ക് കടുത്ത ആഘാതമായതാണു റിപ്പോര്‍ട്ട്.

കേരള വനമേഖലയില്‍ വിക്രം ഗൗഡ, സഞ്ജയ് ദീപക് റാവു, ജയണ്ണ, സി പി മൊയ്തീന്‍, സോമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിലവില്‍ മുപ്പതോളം പേര്‍ പ്രവര്‍ത്തന രംഗത്തുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇവരോടൊപ്പം സുന്ദരി, വയനാട് തവിഞ്ഞാല്‍ സ്വദേശി ജിഷ, കവിത, ഉണ്ണിമായ എന്നിവരുമുള്‍പ്പെടും. ജയണ്ണ, സുന്ദരി എന്നിവര്‍ക്ക് എന്‍ ഐ എ 10 ലക്ഷം ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ നീക്കം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ പോലീസ്.

ഉന്നത നേതാക്കളായ ബി ജി കൃഷ്ണമൂര്‍ത്തിയും സാവിത്രിയും പിടിയിലായതാണ് കേരളത്തിലെ പ്രസ്ഥാനത്തിനേറ്റ ആഘാതം കടുപ്പിച്ചത്. മാവോയിസ്റ്റ് ഗറില്ലാ സേനയുടെ കേരളാ തലവനായ ബി ജി കൃഷ്ണമൂര്‍ത്തി കേന്ദ്രകമ്മിറ്റിയംഗവും പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റി സെക്രട്ടറിയുമാണ്. കേരളാ പൊലീസിന്റെ പിടിയിലാവുന്ന ഏറ്റവും ഉന്നതനായ നേതാവു കൂടിയാണ് അദ്ദേഹം. കര്‍ണാടക മാണ്ഡ്യ ജില്ലയിലെ മധൂരിലാണ് ചൊവ്വാഴ്ച രാവിലെ ഇരുവരും അറസ്റ്റിലായത്.

ഏറ്റുമുട്ടലില്ലാതെ വിദഗ്ധമായാണ് ഈ രണ്ടു നേതാക്കളേയും പോലീസ് വലയിലാക്കിയത്. കേരളാ പൊലീസിലെ ആന്റീ ടെററിസ്റ്റ് സ്‌ക്വാഡ് വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. കൃഷ്ണമൂര്‍ത്തിയുടെ അറസ്റ്റോടെ കേരള വനമേഖലയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനം നിര്‍ജീവമാകുമെന്നാണു വിവരം.

പിടിയിലായ സാവിത്രി വയനാട്, കോഴിക്കോട്, കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കബനീ ദളത്തിന്റെ കമാന്‍ഡറാണ്. കേന്ദ്ര കമ്മിറ്റിയംഗമായ കുപ്പു ദേവരാജ് 2016ല്‍ നിലമ്പൂര്‍ വനത്തില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെയാണ് കൃഷ്ണമൂര്‍ത്തി നേതൃത്വത്തിലേക്ക് എത്തിയത്. കുപ്പു ദേവരാജിന്റെയും 2019ല്‍ മണിവാസകത്തിന്റെയും മരണത്തോടെ മലപ്പുറം പാലക്കാട് മേഖല കേന്ദ്രമായുള്ള ഭവാനി, നാടുകാണി ദളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമായിരുന്നു. തുടര്‍ന്ന് വയനാട്, കോഴിക്കോട്, കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള ബാണാസുര, കബനി ദളങ്ങളിലായിരുന്നു കൃഷ്ണമൂര്‍ത്തിയുടെ കേരളത്തിലെ പ്രധാന പ്രവര്‍ത്തനം. ബാണാസുര ദളം അടുത്തകാലത്ത് രൂപീകരിച്ചതാണ്.

വാണിയമ്പുഴ ആദിവാസി കോളനിയില്‍ പ്രചാരണം നടത്തിയതിന് പോത്തുകല്ല് പൊലീസ് സ്റ്റേഷനിലും ആയുധവുമായി പ്രകടനം നടത്തിയതിന് തിരുനെല്ലിയിലും കണ്ണൂര്‍ കരിക്കോട്ടക്കരി സ്റ്റേഷനിലും കൃഷ്ണമൂര്‍ത്തിക്കെതിരെ കേസുണ്ട്. കബനീ ദളത്തിന്റെ കമാന്‍ഡറാണ് പിടിയിലായ സാവിത്രി. കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോടില്‍ ആയുധവുമായി പ്രകടനം നടത്തിയതുള്‍പ്പെടെ കേരളത്തില്‍ 17 കേസുകള്‍ സാവിത്രിയുടെ പേരിലുണ്ട്.

കഴിഞ്ഞ ദിവസം കണ്ണുര്‍ ചാലില്‍ ബീച്ചില്‍ കഴിഞ്ഞ ദിവസം പിടിയിലായ രാഘവേന്ദ്ര പ്രധാന സന്ദേശവാഹകനും ഫോണുകളും ആയുധങ്ങളും റിപ്പയര്‍ ചെയ്യുന്നതില്‍ വിദഗ്ധനാണ്. കഴിഞ്ഞ മാസം പുല്‍പ്പള്ളി അമരക്കുനിയിലെ രാമു എന്ന ലിജേഷ് കീഴടങ്ങിയിരുന്നു.

മറ്റ് സംസ്ഥാനങ്ങളിലേതില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന രീതി. കേരളത്തില്‍ ഒരിക്കല്‍ പോലും സാധാരണ ജനങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയിട്ടില്ല. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലെ വനങ്ങളും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ വനങ്ങളും ഉള്‍പ്പെടുത്തി പുറത്തുനിന്നുമുള്ളവര്‍ക്കോ പൊലീസിനോ എത്തിപ്പെടാന്‍ പ്രയാസ കരമായ പ്രദേശങ്ങളിലാണ് ഇവര്‍ താവളമാക്കുന്നത്. കബനി, നാടുകാണി, ഭവാനി എന്നിങ്ങനെ മൂന്ന് ദളങ്ങളായായിരുന്നു ആദ്യം ഉണ്ടായിരുന്നത്. 2017 ല്‍ വരാഹിനി എന്ന ദളവും രൂപീകരിച്ചു. പൊതുവെ, വനത്തോട് ചേര്‍ന്നുള്ള ആദിവാസി കോളനികളിലെത്തി അവിടുത്തുകാരുമായി സംസാരിച്ചും ലഘുലേഖകള്‍ വിതരണം ചെയ്തുമാണ് പ്രവര്‍ത്തനം. സായുധ വിപ്ലവത്തെ കുറിച്ച് ആദിവാസികളോട് സംസാരിക്കുകയും അവരുടെ പിന്തുണ നേടാന്‍ ശ്രമിക്കുകയും ചെയ്യും. എന്നാല്‍, ആദിവാസി മേഖലകളിലെ യുവാക്കളുടെ പിന്തുണ നേടാന്‍ ഇതുവരെ മാവോയിസ്റ്റുകള്‍ക്ക് സാധിച്ചിട്ടില്ല.

പല കാരണങ്ങള്‍ അതിന് പിന്നിലുണ്ട്. കേരളത്തിലെ ആദിവാസികളുടെ സാമൂഹികസാമ്പത്തിക പശ്ചാത്തലവും ജീവിത നിലവാരവും മറ്റ് ഇടങ്ങളില്‍ നിന്ന്് ഏറെ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ആദിവാസി യുവാക്കളെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ മാവോയിസ്റ്റുകള്‍ക്ക് ബുദ്ധിമുട്ടായി. മാവോയിസ്റ്റ് ആക്രമണങ്ങള്‍ വളരെ അപൂര്‍വ്വമായാണ് കേരളത്തില്‍ സംഭവിച്ചത് എങ്കിലും അതീവ ജാഗ്രതയോടെയാണ് കേരള സര്‍ക്കാര്‍ ഈ ഭീഷണി കൈകാര്യം ചെയ്തത്. ഇതര സംസ്ഥാനങ്ങളില്‍ സായുധ സേനകള്‍ നടപടി കടുപ്പിച്ചപ്പോഴാണ് ഇവര്‍ കേരള വനമേഖലയില്‍ അഭയം തേടിയത് എന്നതായിരുന്നു ജാഗ്രത വര്‍ധിപ്പിക്കാന്‍ കാരണം.

റിസോര്‍ട്ടുകള്‍ക്കും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കും ആദിവാസികളുടെ ഭൂമി കയ്യേറുന്നതിനുമെതിരായ, ആക്രമണങ്ങള്‍ മാത്രമാണ് കേരളത്തിലെ മാവോയിസ്റ്റുകള്‍ നടത്തുന്നത്. ഫോറസ്റ്റ് ഔട്ട് പോസ്റ്റുകള്‍ക്കെതിരേയും ആക്രമണങ്ങളുണ്ടാകാറുണ്ട്. 2014 ല്‍ പാലക്കാട്ടിലെ കെഎഫ്‌സി ഔട്ട് ലെറ്റിനെതിരെ മാവോയിസ്റ്റുകളുടെ ആക്രമണമുണ്ടായിരുന്നു. ആ വര്‍ഷം തന്നെ നീറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന്റെ കൊച്ചി ഓഫീസിന് നേരെയും ആക്രമണമുണ്ടായി. 2014 ഡിസംബറില്‍ വയനാട്ടിലെ വനത്തില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

ബംഗാളില്‍ ഇടതു സര്‍ക്കാറിനെ അട്ടിമറിക്കുന്നതില്‍ വലതുപക്ഷ ശക്തികള്‍ക്ക് നേതൃത്വം നല്‍കാനും നിരവധി സി പി എം പ്രവര്‍ത്തകരെ കൊലപ്പെടുത്താനും മാവോയിസ്റ്റുകള്‍ മുന്നിലുണ്ടായിരുന്നു. ഈ അനുഭവം തന്നെയാണ് കേരള സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാന്‍ കാരണം.

 

Latest