Saudi Arabia
ലൈലത്തുല്‍ ഖദ്ര്‍: റമസാനിലെ 27-ാം രാവില്‍ വിശ്വാസികളാല്‍ ഇരുഹറമുകളും നിറഞ്ഞു
ഒഴുകിയെത്തിയത് 34,41,600 വിശ്വാസികള്‍.

മക്ക | വിശുദ്ധ റമസാനിലെ 27-ാം രാവിലെ നിസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ മക്കയിലെ മസ്ജിദുല്‍ ഹറമിലേക്കും പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയിലേക്കും ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍. ഉംറ തീര്‍ഥാടകരും ജമാഅത്ത്, തറാവീഹ് നിസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയവരും അണിനിരന്നപ്പോള്‍ ഇരുഹറമുകളും പരിസരവും ജനസാഗരമായി മാറി. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന രാവായ ബുധനാഴ്ചയിലെ (റമസാന്‍ 27-ാം രാവ്) ഇശാ നിസ്‌കാരത്തിനും തറാവീഹിന്റെയും ഖിയാമുല്ലൈലിന്റെയും പ്രത്യേക രാത്രി പ്രാര്‍ഥനയിലും മക്കയിലെ മസ്ജിദുല്‍ ഹറമിലും പ്രവാചകനഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും നിസ്‌കാരങ്ങളില്‍ 34,41,600 വിശ്വാസികള്‍ പങ്കെടുത്തതായി ഹറം കാര്യ മന്ത്രാലയം അറിയിച്ചു.
മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍-സുദൈസും പ്രവാചകനഗരിയിലെ മസ്ജിദുന്നബവിയില്‍ ശൈഖ് ബുദൈറും പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. രാവിലെ മുതല്‍ തന്നെ ഹറമും പരിസരങ്ങളും വിശാസികളാല്‍ നിറഞ്ഞിരുന്നു. മഗ്രിബ് ബാങ്കൊലിയോടെ ഹറമിന്റെ മുറ്റങ്ങള്‍, ഇടനാഴികള്‍, മേല്‍ക്കൂരകള്‍, ബേസ്‌മെന്റ്, ഗ്രാന്‍ഡ് മോസ്‌കിന്റെ മൂന്നാമത്തെ വിപുലീകരണം, ഹറമിലേക്കുള്ള വഴികളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. കനത്ത തിരക്ക് കണക്കിലെടുത്ത് ഈ വര്‍ഷം ഇരുഹറം കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിയിരുന്നു. ഹറം പള്ളി, മതാഫ്, സഫ-മര്‍വ്വ, ഹറമിന്റെ മുറ്റങ്ങള്‍, പരിസര പ്രദേശങ്ങള്‍, ഗേറ്റുകള്‍, ഇടനാഴികള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സൂക്ഷ്മമായ നിരീക്ഷണ സംവിധാനങ്ങളായിരുന്നു ഒരുക്കിയിരുന്നത്.
ഖുര്‍ആന്‍ പാരായണത്താലും മനസ്സുരുകിയ പ്രാര്‍ഥനകളാലും 27-ാം രാവിലെ ഹറം ശരീഫ് ആത്മീയ നിറവിലായിരുന്നു. ഭക്തിയുടെ നിറവില്‍ ശാന്തമായ അനുഭവം തേടി പുണ്യദിനത്തില്‍ സുബ്ഹിവരെ പ്രാര്‍ഥനയില്‍ മുഴുകിയാണ് കഴിഞ്ഞത്. റമസാന്‍ 29-ാം രാവിലാണ് ഈ വര്‍ഷത്തെ ഖുര്‍ആന്‍ പാരായണം ഒരാവര്‍ത്തി പൂര്‍ത്തിയാകുന്ന ‘ഖത്മുല്‍ ഖുര്‍ആന്‍’ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഊദിയില്‍ നിന്നുള്ളവരുമടക്കം പതിനായിരങ്ങളാണ് ഖത്മുല്‍ ഖുര്‍ആനിലും നിസ്‌കാരത്തിലും പങ്കെടുക്കാനായി എത്തിച്ചേരുന്നതോടെ വരും ദിവസങ്ങളില്‍ വിശ്വാസികളാല്‍ നിറയും. റമസാനിലെ പാപമോചനത്തിന്റെ അവസാന നാളുകളും വിടവാങ്ങാനിരിക്കെ ഹറമിലെത്തിയ വിശ്വാസികളില്‍ പലരും മക്കയില്‍ തന്നെ ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനയിലുമായിരിക്കും കഴിയുക.
ഉംറ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് അഞ്ച് വഖ്ത് ജമാഅത്ത് നിസ്‌കാര സമയങ്ങളില്‍ ഒഴികെ മുഴുവന്‍ സമയവും മതാഫ് ത്വവാഫ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നതിനാല്‍ മണിക്കൂറില്‍ 1,07,000 തീര്‍ഥാടകര്‍ക്ക് അനായാസേന ഉംറ നിര്‍വഹിക്കാന്‍ കഴിയുമെന്ന് ഹറം കാര്യാലയം അറിയിച്ചു.
ഇരുഹറം കാര്യാലയം, സിവില്‍ ഡിഫന്‍സ്, ട്രാഫിക് വകുപ്പ്, പോലീസ് വിഭാഗങ്ങള്‍, റെഡ്ക്രസന്റ് വിഭാഗം, ആരോഗ്യ മന്ത്രാലയം, മക്ക മുന്‍സിപ്പാലിറ്റി എന്നിവയുടെ നേതൃത്വത്തില്‍ സേവനത്തിനായി ഈ വര്‍ഷം കൂടുതല്‍ പേരെ നിയമിച്ചിരുന്നു. കൂടാതെ വിവിധ വകുപ്പുകള്‍ക്ക് സഹായവുമായി സ്‌കൗട്ട് വിഭാഗവും വളന്റിയര്‍മാരും രംഗത്തുണ്ടായിരുന്നു. തീര്‍ഥാടകര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി മക്കയില്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ഹറമിലും പരിസര പ്രദേശങ്ങളിലും മെഡിക്കല്‍ സേവനങ്ങള്‍ സജ്ജമാക്കിയിരുന്നു.