Connect with us

Kerala

പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ എൽ ഡി എഫിന് വോട്ട് ചോര്‍ച്ച

എലത്തൂര്‍, നോര്‍ത്ത്, സൗത്ത്, ബാലുശ്ശേരി മണ്ഡലങ്ങളിലാണ് കൂടുതൽ കുറവുണ്ടായത്

Published

|

Last Updated

കോഴിക്കോട് | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ എൽ ഡി എഫിന് വോട്ട് ചോര്‍ച്ച. വടകര, കുറ്റ്യാടി, നാദാപുരം, കൊടുവള്ളി മണ്ഡലങ്ങളില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സ്ഥിതി മെച്ചപ്പെടുത്തിയെങ്കിലും കോഴിക്കോട്ടെ ആറ് മണ്ഡലങ്ങളിലും വടകരയിലെ നാലിടങ്ങളിലും വോട്ട് ചോര്‍ച്ചയുണ്ടായി.

വടകരയില്‍ എതിര്‍ സ്ഥാനാര്‍ഥി ശാഫി പറമ്പിലിനെ അപേക്ഷിച്ച് കെ കെ ശൈലജക്ക് വോട്ട് കൂടിയ ഏക മണ്ഡലമാണ് തലശ്ശേരി. എന്നാല്‍, കഴിഞ്ഞ തവണ പി ജയരാജന് ലഭിച്ച വോട്ടുകള്‍ താരതമ്യം ചെയ്യുമ്പോള്‍ വോട്ടുകളുടെ എണ്ണത്തില്‍ തലശ്ശേരിയില്‍ വലിയ കുറവ് നേരിട്ടു. 2019ൽ 65,401 വോട്ടുകൾ നേടിയപ്പോൾ ഇത്തവണ കിട്ടിയത് 62,079 മാത്രം. 3,322 വോട്ടുകളുടെ വ്യത്യാസം.

കൂത്തുപറമ്പില്‍ 64,359 (2019), 61,705 (2024), വ്യത്യാസം 2,654 വോട്ടുകൾ. കൊയിലാണ്ടിയില്‍ 719 വോട്ടിന്റെ കുറവ്. പേരാമ്പ്രയില്‍ 67,725 (2019), 65,040 (2024). 2,685 വോട്ടുകളുടെ വ്യത്യാസം.

കോഴിക്കോട് ലോക്‌സഭാ മണ്ഡലം ഉള്‍ക്കൊള്ളുന്ന നിയമസഭാ മണ്ഡലങ്ങളിലാണ് വമ്പിച്ച ചോര്‍ച്ചയുണ്ടായത്. 73,314 വോട്ടുകളാണ് 2019ല്‍ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്. എന്നാല്‍, ഇത്തവണ 67,200 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 6,114 വോട്ടുകളുടെ അന്തരം.

എലത്തൂരില്‍ 67,177 (2019), 59,141 (2024). 8,036 വോട്ടുകളുടെ കുറവ്. കോഴിക്കോട് നോര്‍ത്തില്‍ 49,688 (2019), 40,266 (2024), 9,422 വോട്ടുകളുടെ വ്യത്യാസം. നിരവധി തവണ കോഴിക്കോട് നോര്‍ത്തിനെ പ്രതിനിധീകരിച്ച് എം എല്‍ എയായ എ പ്രദീപ്കുമാറിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തിപരമായ വോട്ടുകളാണ് 2019ല്‍ നോര്‍ത്തില്‍ നിന്ന് അധികമായി ലഭിച്ചതെന്ന് ആശ്വസിക്കാമെങ്കിലും എളമരം കരീമിന്റെ സ്വന്തം മണ്ഡലം കൂടിയായ നോര്‍ത്തില്‍ ഈ വോട്ടുകള്‍ നിലനിര്‍ത്താനായില്ലെന്നത് ശ്രദ്ധേയമാണ്.

കോഴിക്കോട് സൗത്ത് 40,877 (2019), 34,608 (2024), 6,269 വോട്ടുകളുടെ വ്യത്യാസം. ബേപ്പൂര്‍ 58,979 (2019), 57,093 (2024). 1,886 വോട്ടുകള്‍ കുറവ്. കുന്ദമംഗലം 70,259 (2019), 64,752 (2024), 5,507 വോട്ടുകളുടെ വ്യത്യാസം. എന്നാല്‍, കൊടുവള്ളിയില്‍ മാത്രം എളമരം കരീമിന് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 347 വോട്ടുകള്‍ അധികം ലഭിച്ചിട്ടുണ്ട്.

Latest