Kerala
എല്‍ഡിഎഫ് യോഗം ഇന്ന്; മദ്യനിര്‍മാണശാല അനുമതി അടക്കമുള്ള വിവാദ വിഷയങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്ന് സിപിഐ ആവശ്യപ്പെടും
എലപ്പുള്ളിയിലെ മദ്യനിര്‍മാണ ശാലയ്ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തേയും, കിഫ്ബി റോഡുകളില്‍ യൂസര്‍ ഫീ പിരിക്കാനുള്ള നീക്കത്തെയും സിപിഐ എതിര്‍ക്കും

തിരുവനന്തപുരം | എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിരവധി വിവാദ വിഷയങ്ങള്‍ മുന്നില്‍ നില്‍ക്കവെയാണ് ഇന്ന് യോഗം ചേരുന്നതെന്നത് ശ്രദ്ധേയമാണ്. എലപ്പുള്ളിയിലെ മദ്യനിര്‍മാണ ശാലയ്ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തേയും, കിഫ്ബി റോഡുകളില്‍ യൂസര്‍ ഫീ പിരിക്കാനുള്ള നീക്കത്തെയും സിപിഐ എതിര്‍ക്കും. വിദേശ സര്‍വകലാശാല വിഷയത്തിലും സിപിഐ നിലപാട് വ്യക്തമാക്കും. വിഷയം നിയമസഭാ സബ്ജക്റ്റ് കമ്മറ്റിക്ക് വിടണമെന്നാണ് സിപിഐ നിലപാട്. അതേ സമയം കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരായ സമരപരിപാടികളാണ് യോഗത്തിന്റെ മുഖ്യ അജണ്ട.
ഉച്ചകഴിഞ്ഞ് 3.30ന് സിപിഐ ആസ്ഥാനമായ എം എന്‍ സ്മാരകത്തിലാണ് യോഗം. എലപ്പുള്ളിയില്‍ വന്‍കിട മദ്യനിര്‍മ്മാണശാലക്ക് അനുമതി നല്‍കിയ വിഷയം യോഗത്തില്‍ ചര്‍ച്ചയാകും.
മദ്യനിര്‍മാണശാല സംബന്ധിച്ച പാര്‍ട്ടി നിലപാട് സിപിഐ മുന്നണി യോഗത്തില്‍ ഉന്നയിക്കും. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡിയും കത്ത് നല്‍കിയിട്ടുണ്ട്. കിഫ്ബി റോഡുകളില്‍ നിന്ന് യൂസര്‍ ഫീ പിരിക്കാനുള്ള നിര്‍ദേശത്തിന് എതിരെയും എതിര്‍പ്പ് ഉയരാന്‍ സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ വിഷയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ മാറിനില്‍ക്കണമെന്നാണ സിപിഐ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്ന അഭിപ്രായം.
സര്‍ക്കാരും എല്‍ഡിഎഫും ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്ന നടപടികളിലേക്ക് കടക്കണം. പൊതുവിതരണവും ക്ഷേമകാര്യങ്ങളും മെച്ചപ്പെടുത്തണം. നിര്‍ദേശങ്ങള്‍ എല്‍ഡിഎഫ് നേതൃത്വത്തെ അറിയിക്കാനും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ധാരണയായി.