Eranakulam
തൃക്കാക്കര നഗരസഭയില്‍ എല്‍ ഡി എഫ് നീക്കം പാളി; അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് യു ഡി എഫ്
തൃക്കാക്കര | തൃക്കാക്കര നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള എല്‍ ഡി എഫ് നീക്കം പാളി. ക്വാറം തികയാത്തതിനാല്‍ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണനക്കെടുത്തില്ല. 43 അംഗ കൗണ്‍സിലില്‍ 18 പേര്‍ മാത്രമാണ് യോഗത്തിനെത്തിയത്. ക്വാറം തികയാന്‍ 22 പേര്‍ വേണം. ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ കൂടാതെ നാല് സ്വതന്ത്രരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനെ മാറ്റിയില്ലെങ്കില്‍ ആറു മാസത്തിന് ശേഷം വീണ്ടും അവിശ്വാസം കൊണ്ടുവരുമെന്ന് എല്‍ ഡി എഫ് വ്യക്തമാക്കി.
അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെ പ്രതിപക്ഷ കൗണ്‍സിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 18ാം വാര്‍ഡ് കൗണ്‍സിലര്‍ സുമയാണ് കൊവിഡ് പോസിറ്റിവായത്. ഇതേതുടര്‍ന്ന് സുമ പി പി ഇ കിറ്റ് ധരിച്ചാണ് കൗണ്‍സില്‍ യോഗത്തിനെത്തിയത്. 43 അംഗ കൗണ്‍സിലില്‍ യു ഡി എഫിന് 21ഉം എല്‍ ഡി എഫിന് 17ഉം അംഗങ്ങളാണുള്ളത്. ലീഗിന് അഞ്ചു പേരുണ്ട്. അഞ്ച് സ്വതന്ത്രരില്‍ നാലുപേരുടെ പിന്തുണയിലാണ് യു ഡി എഫിന് ഭരണം ലഭിച്ചത്. ഒരു സ്വതന്ത്രന്‍ എല്‍ ഡി എഫിനൊപ്പമാണ്.