Kerala
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാളെ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തും
മലപ്പുറത്തെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കവും ഫലസ്തീൻ വിഷയവുമാകും പ്രധാന ചർച്ചയെന്നാണ് വിവരം.
മലപ്പുറം | പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുമായി നാളെ പാണക്കാട്ട് ചർച്ച നടത്തും. മലപ്പുറത്തെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കവും ഫലസ്തീൻ വിഷയത്തിലെ കോൺഗ്രസ് നിലപാടിൽ ലീഗിനുള്ള അതൃപ്തിയുമാകും പ്രധാന ചർച്ചയെന്നാണ് വിവരം.
മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്ക ലീഗിനുണ്ട്. ഫലസ്തീൻ ഐക്യദാർഢ്യറാലി നടത്തിയതിന്റെ പേരിൽ ആര്യാടനെതിരെ നടപടി എടുക്കുന്നത് വിരുദ്ധ ഫലം ചെയ്യുമെന്നാണ് ലീഗ് കോൺഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചരിക്കുന്നത്.
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവ് പാണക്കാട്ടെത്തി ലീഗ് അധ്യക്ഷനെ കാണുന്നത്.