Connect with us

From the print

സിറാജ് ക്യാമ്പയിന്‍ സജീവമാക്കാന്‍ നേതാക്കളുടെ ആഹ്വാനം

സിറാജിന്റെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പ്രസ്ഥാന കുടുംബം ഒറ്റക്കെട്ടായി ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് നേതാക്കള്‍.

Published

|

Last Updated

കോഴിക്കോട് | മലയാളിയുടെ വേറിട്ട വായനാ സംസ്‌കാരമായ സിറാജിന്റെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പ്രസ്ഥാന കുടുംബം ഒറ്റക്കെട്ടായി ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.

റഈസുല്‍ ഉലമ
സമസ്തയുടെയും സുന്നിപ്രസ്ഥാനത്തിന്റെയും ആദ്യകാല നേതാക്കള്‍ നെഞ്ചേറ്റിയ സിറാജിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും മുഅല്ലിംകള്‍ ഉള്‍പ്പെടെ സുന്നി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്്‌ലിയാര്‍ ആഹ്വാനം ചെയ്തു. നേതാക്കളുടെ നിര്‍ദേശമനുസരിച്ച് സുന്നി പ്രവര്‍ത്തകര്‍ നെഞ്ചേറ്റിയതിനെ തുടര്‍ന്നാണ് പ്രസ്ഥാനത്തിന്റെ ശബ്ദമായ സിറാജിന് മുന്‍നിരയിലെത്താനായത്. ഇനിയും വരിക്കാരെയും വായനക്കാരെയും വര്‍ധിത തോതില്‍ ചേര്‍ക്കാന്‍ താഴേതട്ടില്‍ വരെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും ക്യാമ്പയിനും ഇന്ന് നടക്കുന്ന സിറാജ് ഡേയും വിജയിപ്പിക്കണമെന്നും റഈസുല്‍ ഉലമ ആവശ്യപ്പെട്ടു.

സുല്‍ത്വാനുല്‍ ഉലമ
നമ്മുടെ പ്രസ്ഥാനത്തിന്റെ ജീവവായുവും പത്രധാര്‍മികതയുടെ മാതൃകയുമായ സിറാജിന്റെ ക്യാമ്പയിന്‍ പ്രസ്ഥാന കുടുംബം ഒറ്റക്കെട്ടായി ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് സിറാജ് ചെയര്‍മാന്‍ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ആവശ്യപ്പെട്ടു. സിറാജ് കേരളീയ സമൂഹത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയിരിക്കുകയാണ്. പ്രവര്‍ത്തകരും പ്രചാരകരും നല്‍കുന്ന പിന്തുണയാണ് പത്രങ്ങളൊക്കെ പ്രതിസന്ധിയിലകപ്പെടുമ്പോഴും പിടിച്ചുനില്‍ക്കാന്‍ ഊര്‍ജം നല്‍കുന്നത് . സിറാജിന്റെ പ്രചാരണവും മുന്നേറ്റവും ലക്ഷ്യംവെച്ച് ഈ മാസം 15 വരെ നടക്കുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളും ഇന്ന് നടക്കുന്ന സിറാജ് ഡേയും വിജയിപ്പിക്കണം. സംഘടനാ ചലനങ്ങളും നമ്മുടെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തകരിലെത്തിക്കുന്നതില്‍ സിറാജ് വഹിക്കുന്ന പങ്ക് നമുക്കെല്ലാം അനുഭവഭേദ്യമാണ്. പുതിയ സാഹചര്യത്തില്‍ നമ്മുടെ പ്രസ്ഥാനത്തിന്റെ ശക്തിയും പ്രാധാന്യവും പൊതുസമൂഹത്തിന് കൂടുതല്‍ ബോധ്യപ്പെടുത്തുന്നതിന് ഈ ക്യാമ്പയിന്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പ്രസ്ഥാന കുടുംബം ഒന്നിച്ചിറങ്ങി ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയത് ഈ ഘട്ടത്തില്‍ അനുസ്മരിക്കുന്നു- കാന്തപുരം ഉസ്താദ് പറഞ്ഞു.

സയ്യിദ് അലി ബാഫഖി
പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രസ്ഥാനത്തിന് താങ്ങും തണലുമായ സിറാജിന്റെ പ്രചാരണം ലക്ഷ്യമാക്കി ഒക്ടോബര്‍ 15 വരെ നടക്കുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കണമെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉണര്‍ത്തി. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മുഴുവന്‍ മദ്റസകളിലും മതസ്ഥാപനങ്ങളിലും ഉസ്താദുമാരും രക്ഷിതാക്കളും മാനേജ്മെന്റ്പ്രതിനിധികളും വിദ്യാര്‍ഥികളും ഒത്തുകൂടി ക്യാമ്പയിന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി
പത്രങ്ങളുടെ നിരയില്‍ ധാര്‍മികതയുടെ പ്രകാശം പരത്തി സ്ഥാനമുറപ്പിച്ച സിറാജിന്റെ പ്രചാരണം പൂര്‍വോപരി സജീവമാക്കാന്‍ പ്രവര്‍ത്തകര്‍ ആവേശത്തോടെ ഫീല്‍ഡിലിറങ്ങണമെന്ന് കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്്‌റാഹീം ഖലീല്‍ അല്‍ ബുഖാരി ആഹ്വാനം ചെയ്തു. പത്രങ്ങള്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സിറാജ് ജ്വലിച്ചുനില്‍ക്കേണ്ടത് നമ്മുടെ പ്രസ്ഥാനത്തിന് അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യം മനസ്സിലാക്കി പ്രവര്‍ത്തകര്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്ത് സിറാജിന്റെ സ്ഥാനം ഉയരങ്ങളിലെത്തിക്കണം.

കെ കെ അഹ്മദ്‌ കുട്ടി മുസ്‌ലിയാര്‍
സിറാജിന്റെ അക്ഷരവെളിച്ചം കൂടുതല്‍ കൈകളിലേക്കെത്തിക്കാന്‍ സുന്നി മാനേജ്മെന്റ് സ്ഥാപനങ്ങളും മാനേജ്മെന്റ് പ്രതിനിധികളും രംഗത്തിറങ്ങണമെന്ന് സുന്നി മാനേജ്മെന്റ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ അഹ്്മദ് കുട്ടി മുസ്്‌ലിയാര്‍ ആവശ്യപ്പെട്ടു.

സയ്യിദ് ത്വാഹാ തങ്ങള്‍
നാല് പതിറ്റാണ്ട് മുമ്പ് മലയാളക്കരയില്‍ പത്രധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് പ്രസാധനം തുടങ്ങിയ സിറാജ് മുന്‍നിര പത്രങ്ങളുടെ നിരയില്‍ സ്ഥാനംപിടിച്ചത് നിസ്വാര്‍ഥരായ നേതാക്കളുടെയും സമര്‍പ്പിതരായ അനുയായികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണെന്ന് സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ സിറാജ് കേരളീയ സമൂഹത്തില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും നമ്മുടെ പ്രസ്ഥാനത്തിന് പത്രം കരുത്തും ധൈര്യവുമായിരുന്നു. പ്രചാരണം ഊര്‍ജിതമാക്കാനും ഇന്ന് നടക്കുന്ന സിറാജ് ഡേയും ക്യാമ്പയിന്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും വിജയിപ്പിക്കാനും എസ് വൈ എസ് പ്രവര്‍ത്തകര്‍ മുന്നിലുണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഫിര്‍ദൗസ് സുറൈജി സഖാഫി
ധാര്‍മിക വിപ്ലവത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന എസ് എസ് എഫിന് വിദ്യാര്‍ഥി ലോകത്ത് മേല്‍വിലാസമുണ്ടാക്കുന്നതില്‍ സിറാജിന്റെ സഹായവും പിന്തുണയും കരുത്തുപകര്‍ന്നതായി സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സുറൈജി സഖാഫി അഭിപ്രായപ്പെട്ടു. എല്ലാ സുന്നി പ്രവര്‍ത്തകരുടെയും വിശിഷ്യാ എസ് എസ് എഫ് പ്രവര്‍ത്തകരുടെ വീടുകളില്‍ സിറാജ് എത്തണം. ഇനിയും ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ പത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.