Afghanistan crisis
ദിദ്വിജയ് സിംഗ്, മെഹബൂബാ മുഫ്തി, ഫറൂഖ് അബ്ദുള്ള എന്നീ നേതാക്കള്‍ താലിബാനെ പിന്തുണക്കുന്നുവെന്ന് കേന്ദ്ര മന്ത്രി
ആര്‍ എസ് എസിനും താലിബാനും ഒരേ പ്രത്യയ ശാസ്ത്രമാണെന്ന് കഴിഞ്ഞ ദിവസം മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് ആരോപിച്ചിരുന്നു
ന്യൂഡല്‍ഹി | ദിഗ്വിജയ് സിംഗ്, മെഹബൂബാ മുഫ്തി, ഫറൂഖ് അബ്ദുള്ള എന്നിവര്‍ താലിബാന് ഒപ്പമാണെന്ന് കേന്ദ്രമന്ത്രി അജയ് തേനി. താലിബാന്റെ സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ അവര്‍ അനുകൂലിക്കുന്നുണ്ടോ എന്നും ഇല്ലങ്കില്‍ അവരത് തുറന്ന് പറയണമെന്നും തേനി പറഞ്ഞു. വീട്ടു ജോലികള്‍ ചെയ്യാന്‍ മാത്രമുള്ളതാണ് സ്ത്രീകള്‍ എന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലെ കേന്ദ്ര മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം എക്കാലത്തേയും കൂടുതലാണ്. സ്ത്രീകളുടെ ഉന്നമനത്തിനായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് തങ്ങള്‍. അതായിരുന്നു എല്ലാകാലത്തും ഞങ്ങളുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും പോഷകാഹാരവും നല്‍കാന്‍ ഞങ്ങള്‍ പ്രയത്‌നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ എസ് എസിനും താലിബാനും ഒരേ പ്രത്യയ ശാസ്ത്രമാണെന്ന് കഴിഞ്ഞ ദിവസം മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് ആരോപിച്ചിരുന്നു. വനിതകള്‍ മന്ത്രിമാരാവരുതെന്ന് താലിബാന്‍ പറയുന്നു. അവര്‍ വീട്ടിനകത്ത് നില്‍ക്കണമെന്നും വീട്ട് ജോലികള്‍ മാത്രമേ ചെയ്യാവൂ എന്നും മോഹന്‍ ഭാഗവത് പറയുന്നു. ഇത് രണ്ടും ഒരേ പ്രത്യയശാസ്ത്രമല്ലേ എന്നായിരുന്നു ദിഗ്വിജയ് സിംഗിന്റെ ട്വീറ്റ്.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചത് തങ്ങളുടെ ലാഭത്തിന് വേണ്ടി ഉത്തര്‍പ്രദേശില്‍ കേന്ദ്രം തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കബില്‍ സിബലും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.