Connect with us

Kerala

വര്‍ഗീയതക്കെതിരായ വിജയരാഘവന്റെ പ്രസംഗം പാര്‍ട്ടി നിലപാടെന്ന് ആവര്‍ത്തിച്ച് നേതാക്കള്‍

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, മുതിര്‍ന്ന നേതാക്കളായ ടി പി രാമകൃഷ്ണനും പികെ ശ്രീമതിയും നിലപാട് വ്യക്തമാക്കി

Published

|

Last Updated

തിരുവനന്തപുരം | ലോകസഭാ തിരഞ്ഞെടുപ്പിലെ യു ഡി എഫ് വിജയം വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്ന പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസ്താവന പാര്‍ട്ടി നിലപാടാണെന്ന് ആവര്‍ത്തിച്ച് സി പി എം നേതാക്കള്‍.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, മുതിര്‍ന്ന നേതാക്കളായ ടി പി രാമകൃഷ്ണനും പികെ ശ്രീമതിയും നിലപാട് വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം മുസ്ലീങ്ങള്‍ക്കെതിരല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വിശദമാക്കി. ആര്‍ എസ് എസ് വിമര്‍ശനം ഹിന്ദുക്കള്‍ക്കും എതിരല്ല. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയെ ശക്തിയായി എതിര്‍ക്കും. അതില്‍ ഒരു വിട്ടുവീഴ്ച ഉണ്ടാകില്ല. മുസ്ലിം സമുദായത്തില്‍ ഭൂരിപക്ഷവും മതേതരവാദികളാണ്. മുസ്ലിം വര്‍ഗീയ വാദത്തിന്റെ പ്രധാനികള്‍ ജമാഅത്തെ ഇസ്ലാമിയാണ്. ജമാഅത്തെ ഇസ്ലാമിയുടെയും എസ് ഡി പി ഐയുടെയും സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. വിജയരാഘവന്‍ പറഞ്ഞത് വളരെ കൃത്യമാണ്. എസ് ഡി പി ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സഖ്യകക്ഷി എന്ന രീതിയില്‍ തന്നെയാണ് വയനാട്ടിലും വോട്ട് ലഭിച്ചത്. ലീഗ് വര്‍ഗീയ കക്ഷി എന്ന് പറയുന്നില്ല. അതാകാതിരിക്കണം എന്നാണ് പറയുന്നത്. വര്‍ഗീയ ശക്തികള്‍ക്കെതിരെ ലീഗ് കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ല. ലീഗിനകത്തും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിയുമായുള്ള ബന്ധത്തിന്റെ പ്രശ്‌നം ഉയര്‍ന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയരാഘവന്‍ വിമര്‍ശിച്ചത് വര്‍ഗീയ സംഘടനകളുമായി ചേര്‍ന്നുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെയാണെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വര്‍ഗീയ ശക്തികളെ യു ഡി എഫിനോടൊപ്പം ചേര്‍ക്കാന്‍ ലീഗ് ശ്രമിക്കുകയാണ്. എസ് ഡി പി ഐയെയും ജമാഅത്തെ ഇസ്ലാമിയെയും യു ഡി എഫില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ലീഗ് ശ്രമിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിജയത്തിനു പിന്നിലും വര്‍ഗീയശക്തികളുടെ സഹായം ഉണ്ടെന്ന് ആവര്‍ത്തിച്ചു.

വിജയരാഘവന്‍ പാര്‍ട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് പ്രസംഗത്തില്‍ പറഞ്ഞതെന്ന് പി കെ ശ്രീമതി പറഞ്ഞു. വിജയരാഘവന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. വര്‍ഗീയവാദികളുമായി കൂട്ടു കെട്ട് ഉണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. കേരളത്തില്‍ വര്‍ഗീയവാദികള്‍ തല ഉയര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പികെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.

 


---- facebook comment plugin here -----