Connect with us

Uae

ഇന്ത്യന്‍ ടീമിനെ ലോകകപ്പില്‍ നയിക്കുന്നത് ഏറ്റവും വലിയ ബഹുമതി; നിങ്ങളുടെ ടീമിനെ കുടുംബമായി പരിഗണിക്കുക: ഗൗതം ഗംഭീര്‍

അബുദാബി മെഡിയോര്‍ ഹോസ്പിറ്റലില്‍ കുട്ടികളുമായുള്ള സംവാദത്തിലാണ് താരത്തിന്റെ ആദ്യ പ്രതികരണം

Published

|

Last Updated

അബുദാബി | ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നതിനുമപ്പുറമൊരു ബഹുമതിയില്ലെന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ഗൗതം ഗംഭീര്‍. ഡോ. ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ മെഡിയോര്‍ ഹോസ്പിറ്റലില്‍ വിവിധ സ്‌പോര്‍ട്‌സ് അക്കാദമികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി സംസാരിക്കവെയാണ് ഗൗതം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗംഭീറിന്റെ പേര് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെയാണ് കുട്ടികളുമായുള്ള സംവാദത്തിനിടെ താരത്തിന്റെ ആദ്യ പ്രതികരണം.

”പലരും ഇതേപ്പറ്റി ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. പക്ഷെ ഇപ്പോള്‍ കുട്ടികളുടെ ചോദ്യത്തിന് മറുപടി പറയാമെന്നു കരുതുന്നു. ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുമ്പോള്‍ നമ്മള്‍ 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ള ആരാധകരെയുമാണ് പ്രതിനിധീകരിക്കുന്നത്,’ ഗംഭീര്‍ പ്രതികരിച്ചു.

ഇന്ത്യ ലോകകപ്പ് നേടാന്‍ മൈതാനത്തിനു അകത്തും പുറത്തുമുള്ള എല്ലാവരുടെയും കൂട്ട പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘140 കോടി ഇന്ത്യക്കാരാണ് ഇന്ത്യയെ ലോകകപ്പ് വിജയിപ്പിക്കാന്‍ സഹായിക്കുന്നത്. ഞങ്ങള്‍ രാജ്യത്തെ പ്രതിനിധീകരിച്ചു കളിക്കുമ്പോള്‍, എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഇന്ത്യ ലോകകപ്പ് നേടും.
എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട കാര്യം നിര്‍ഭയരായിരിക്കുക എന്നതാണ്.

ബുര്‍ജീല്‍ ഹോള്‍ഡിങ്സിന് കീഴിലുള്ള അബുദാബിയിലെ പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഫാമിലി ആശുപത്രിയായ മെഡിയോര്‍ ഹോസ്പിറ്റലിലെ സ്പോര്‍ട്സ് മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റ് സന്ദര്‍ശിച്ച് താരം വിദഗ്ധരുമായി സംവദിച്ചു. 2007 ലെ ഐസിസി വേള്‍ഡ് ട്വന്റി 20, 2011 ഐസിസി ക്രിക്കറ്റ് ലോകകപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമിലെ പ്രധാന അംഗമായിരുന്നു ഗംഭീര്‍. ഐപിഎല്‍ ഫ്രാഞ്ചൈസിയിലേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായി തിരിച്ചെത്തിയ അദ്ദേഹം ടീമിന് മികച്ച വിജയം നേടിക്കൊടുത്തിരുന്നു. ”സുരക്ഷിതമായ ഡ്രസ്സിംഗ് റൂം സന്തോഷകരമായ ഡ്രസ്സിംഗ് റൂം ആണ്, സന്തോഷകരമായ ഡ്രസ്സിംഗ് റൂം വിജയിക്കുന്ന ഡ്രസ്സിംഗ് റൂമായി മാറുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഞാന്‍ ചെയ്ത ഒരേയൊരു കാര്യം ഇതാണ്. ദൈവകൃപയാല്‍ അത് ഗുണം ചെയ്തു,” വിജയത്തെക്കുറിച് അദ്ദേഹം പറഞ്ഞു.

വളര്‍ന്നു വരുന്ന ക്രിക്കറ്റ് താരങ്ങളോട് സ്‌പോര്‍ട്‌സ്മാന്‍ഷിപ്, കഠിനാധ്വാനം, അച്ചടക്കം, പാഷന്‍ എന്നിവയുടെ പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ‘സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് നിങ്ങളെ അച്ചടക്കവും എല്ലാവരെയും ജൂനിയര്‍-സീനിയര്‍ അല്ലെങ്കില്‍ അന്തര്‍ദ്ദേശീയ-ആഭ്യന്തര വ്യത്യാസമില്ലാതെ കാണാനും പഠിപ്പിക്കും. ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് തനിയെ വിജയിക്കാന്‍ സാധിക്കില്ല. നിങ്ങളുടെ ടീമിനെ കുടുംബമായി പരിഗണിക്കുക, ”അദ്ദേഹം പറഞ്ഞു.

കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മെഡിയോര്‍ ഹോസ്പിറ്റലിലെ സമഗ്രമായ സ്പോര്‍ട്സ് മെഡിസിന്‍ സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയുടെ ഭാഗമായിരുന്നു ഗംഭീറിന്റെ ആശയവിനിമയം. ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ ഗ്രൂപ്പ് സിഒഒ സഫീര്‍ അഹമ്മദ് സ്പോര്‍ട് മെഡിസിന്‍ വിദഗ്ദന്‍ ഷിബു വര്‍ഗീസ് തുടങ്ങിയവര്‍ ഗംഭീറിനെ അനുഗമിച്ചു

 

Latest