Book Review
ചരിത്രത്തിലെ എച്ചിലിലകൾ
തങ്ങൾ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ വിജയത്തിനുവേണ്ടി മാത്രം ജീവനും ജീവിതവും ബലിയർപ്പിച്ച ആ നിസ്വാർഥരാണ് യഥാർഥത്തിൽ ചരിത്രത്തെ സൃഷ്ടിക്കുന്നതിനും മാറ്റിമറിക്കുന്നതിനും നേതാക്കൾക്ക് അവസരമൊരുക്കിയത്. പക്ഷേ, എന്നിട്ടും ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ ഈയാം പാറ്റകളെപ്പോലെ എരിഞ്ഞടങ്ങാനായിരുന്നു അവരുടെ വിധി. വിശ്രുത ബംഗാളി എഴുത്തുകാരനായ ബിമൽ മിത്രയുടെ "ചരിത്രത്തിൽ ഇല്ലാത്തവർ' എന്ന നോവൽ ഈ നിർഭാഗ്യജന്മങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ ഈ പുസ്തകത്തിന്റെ പുനർവായനക്ക് വലിയ പ്രസക്തിയുണ്ട്.
ലോകചരിത്രം അടയാളപ്പെടുത്തിയ സമരങ്ങളും യുദ്ധങ്ങളും വീരന്മാരായി വാഴ്ത്തുന്നത് അവയുടെ മുൻനിരപ്പോരാളികളെ മാത്രമാണെന്നതിന് ഉദാഹരണങ്ങൾ നിരവധിയാണ്. അവർക്ക് കരുത്ത് പകർന്നുകൊണ്ട് അണിയറയിൽ പ്രവർത്തിച്ചിട്ടുള്ള അനേകം പ്രവർത്തകർക്കും സന്നദ്ധഭടന്മാർക്കും ചരിത്രത്തിലെവിടെയും സ്ഥാനമില്ല. മറ്റൊരു നേട്ടത്തിനും വേണ്ടിയല്ലാതെ, തങ്ങൾ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ വിജയത്തിനുവേണ്ടി മാത്രം ജീവനും ജീവിതവും ബലിയർപ്പിച്ച ആ നിസ്വാർഥരാണ് യഥാർഥത്തിൽ ചരിത്രത്തെ സൃഷ്ടിക്കുന്നതിനും മാറ്റിമറിക്കുന്നതിനും നേതാക്കൾക്ക് അവസരമൊരുക്കിയത്. പക്ഷേ, എന്നിട്ടും ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ ഈയാം പാറ്റകളെപ്പോലെ എരിഞ്ഞടങ്ങാനായിരുന്നു അവരുടെ വിധി. വിശ്രുത ബംഗാളി എഴുത്തുകാരനായ ബിമൽ മിത്രയുടെ “ചരിത്രത്തിൽ ഇല്ലാത്തവർ ‘ എന്ന നോവൽ ഈ നിർഭാഗ്യജന്മങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ ഈ പുസ്തകത്തിന്റെ പുനർവായനക്ക് വലിയ പ്രസക്തിയുണ്ട്.
സ്വാതന്ത്ര്യലബ്ധിക്കു മുൻപുള്ള കൽക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തിൽ, അവിടുത്തെ രാജ്യസ്നേഹികളായ ഏതാനും ചെറുപ്പക്കാരുടെ ദൈനംദിന ജീവിതവ്യവഹാരങ്ങളിലൂടെ ബംഗാളിന്റെ സാമൂഹിക രാഷ്ട്രീയ സ്ഥിതിഗതികളെ സൂക്ഷ്മാവലോകനം ചെയ്യുകയാണ് നോവലിസ്റ്റ്. സാമൂഹിക സേവനം ലക്ഷ്യമാക്കി രൂപവത്കരിച്ച “ദരിദ്രബാന്ധവഭണ്ഡാരം’ എന്ന സന്നദ്ധസംഘടനയുടെ സജീവപ്രവർത്തകരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങളായ അളകേശൻ, താരകൻ, നിഖിലൻ, കളീപദൻ തുടങ്ങിയവർ. അവരുടെ നേതാവായ പ്രഫുല്ലന്റെ നിർദേശപ്രകാരമാണ് സംഘടന പ്രവർത്തിക്കുന്നത്. ഞായറാഴ്ചകളിൽ രാവിലെ അവർ വീടുതോറും കയറിയിറങ്ങി പിടിയരി വാങ്ങും. എന്നിട്ട് ദരിദ്രജനങ്ങൾക്ക് വിതരണം ചെയ്യും. ഈ പ്രവൃത്തി അവിടുത്തെ നിസ്സഹായരായ നിരവധി വിധവകൾക്ക് വലിയ ആശ്വാസമായിരുന്നു. തങ്ങളുടെ സേവനം യഥാർഥത്തിൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഭാഗമാണെന്നാണ് ഗ്രൂപ്പിനെ നയിക്കുന്ന അളകേശൻ എന്ന അളകേശ് ചക്രവർത്തി ഉദ്ഘോഷിക്കുന്നത്. ഈ സേവനത്തിലൂടെ മനുഷ്യരുടെ മനുഷ്യത്വത്തെ ഉണർത്താനാണ് അവർ ശ്രമിച്ചത്. രാജ്യസ്നേഹമെന്നത് മനുഷ്യസ്നേഹമാണെന്നും, ജനങ്ങളുടെ ദാരിദ്ര്യനിർമാർജനത്തിലൂടെ ഉണ്ടാകുന്ന സാമൂഹിക സമത്വത്തിലൂടെ മാത്രമേ രാജ്യത്തിന് സ്വാതന്ത്ര്യം നേടാൻ കഴിയൂ എന്നും ബോധ്യപ്പെടുത്താനാണ് ഈ യുവാക്കൾ ശ്രമിക്കുന്നത്.
ബിമൽ മിത്രയുടെ ഈ നോവലിനെ ജീവസുറ്റതാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് ഇതിലെ അനന്യമായ കഥാപാത്ര സൃഷ്ടിയാണ്. സന്നദ്ധഭടന്മാരായ യുവാക്കൾക്കൊപ്പം തന്നെ പ്രാധാന്യമുള്ളവരാണ് പാരുൽ ബാല എന്ന പെൺകുട്ടിയും, മിസ്റ്റർ സിംസൺ എന്ന ബ്രിട്ടീഷുകാരനായ പോലീസ് ഓഫീസറും. വ്യക്തിത്വമാർന്ന കഥാപാത്രങ്ങളാണ് ഇവരെല്ലാം തന്നെ. അതേസമയം, മനുഷ്യസഹജമായ ദൗർബല്യങ്ങളും അവരെ ചൂഴ്‌ന്നു നിൽക്കുന്നത് കാണാം. നോവലിന്റെ കഥാഗതിയുടെ നൈസർഗിക പ്രവാഹത്തിന് ഇവർ വഹിക്കുന്ന പങ്ക് ചെറുതല്ല.
താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനു വേണ്ടി എല്ലാം ത്യജിച്ച പ്രവർത്തകനാണ് അളകേശൻ. ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് അയാളുടെ പരമമായ ലക്ഷ്യം. അതിനുവേണ്ടി സാമൂഹിക സേവനത്തിൽ ഏർപ്പെടുന്ന അയാൾ പിന്നീട് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള സമരങ്ങളിലും പ്രക്ഷോഭങ്ങളിലും നേരിട്ടു പങ്കെടുക്കുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തിൽ ഹിംസ പാപമല്ലെന്നു വിശ്വസിക്കുന്ന അളകേശൻ ഒരിക്കൽ മറ്റു പ്രക്ഷോഭകർക്കൊപ്പം ഒരു തീവണ്ടി കൊള്ളയടിക്കുകയും തുടർന്നുണ്ടായ സംഘർഷത്തിനിടയിൽ രണ്ട് പോലീസുകാരെ വെടിവെച്ചു കൊല്ലുകയും ചെയ്യുന്നു. തന്റെ പേരിൽ പോലീസ് വാറന്റ് പുറപ്പെടുവിച്ചതറിഞ്ഞപ്പോൾ അയാൾ ഒളിവിൽ പോകുന്നു. ഹരിമുക്ത്യാറിന്റെ മകൾ അനാഥയായ പാരുൽ ബാലയുടെ വീട്ടിൽ അവളുടെ സംരക്ഷകനായി അളകേശൻ ഒളിവിൽ കഴിയുമ്പോഴാണ് ഒരു ദിവസം അവിടെ പോലീസുകാർ എത്തുന്നതും തുടർന്ന് അയാൾ കൊല്ലപ്പെടുന്നതും. കർത്തവ്യനിർവഹണത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത, വ്യക്തിബന്ധങ്ങൾക്ക് ഒരു സ്ഥാനവും കൽപ്പിക്കാത്ത തികഞ്ഞ അച്ചടക്കമുള്ള പ്രവർത്തകൻ എന്നാണ് അളകേശൻ തന്നെത്തന്നെ വിളിക്കുന്നത്. എന്നാൽ പാരുലിനോടുള്ള അയാളുടെ സമീപനം ആ പ്രഖ്യാപനത്തിന്റെ സംശുദ്ധിയിൽ സംശയിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നു. പാരുലിനൊപ്പം ഫോട്ടോയെടുത്തതിന്റെ പേരിലാണ് തന്റെ സുഹൃത്തും അനുയായിയുമായ താരകനെ അയാൾ സംഘടനയിൽനിന്നും പുറത്താക്കുന്നത്. താരകനു മാപ്പു കൊടുക്കാൻ പല അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും അളകേശൻ വഴങ്ങുന്നില്ല. അതിന് അയാൾ പറയുന്ന ന്യായം ഇതാണ്:
“നമ്മൾ സ്വീകരിച്ചിട്ടുള്ള ധർമത്തിൽ മാപ്പ് എന്നൊരു വാക്കില്ലെന്ന് പ്രഫുല്ലൻ പറയാറുണ്ട്. അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ നമ്മുടെ പാർട്ടി എന്നേ തകർന്നുപോകുമായിരുന്നു. നമ്മുടെ പാർട്ടിക്ക് മരിക്കാനും കൊല്ലാനുമേ അറിയാവൂ. ശിക്ഷിക്കാനും ശിക്ഷിക്കപ്പെടാനും. പക്ഷേ മാപ്പു കൊടുക്കാനറിയില്ല. ഞാനും വല്ലപ്പോഴും വല്ല കുറ്റമോ പിഴയോ ചെയ്യുന്നുവെങ്കിൽ എന്നെയും നിങ്ങൾ വെറുതെ വിടരുത്. ശിക്ഷിക്കണം. ആ ശിക്ഷ ഞാൻ തല കുനിച്ചു സ്വീകരിക്കും.’ പക്ഷേ, താരകനെപ്പോലെയുള്ള അങ്ങേയറ്റം കൂറും സമർപ്പണബുദ്ധിയുമുള്ള ഒരു അംഗത്തെ നിസ്സാരമായ കാരണത്തിൽ പുറത്താക്കുന്ന അളകേശന്റെ പ്രവൃത്തി ന്യായീകരിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. പാരുലിന്റെ വീട്ടിലെത്തിയ താരകനെ അളകേശൻ അടിച്ചോടിക്കുമ്പോൾ അത് തടയാൻ ചെല്ലുന്ന പാരുലിനോട് അയാൾ പറയുന്നത് താരകൻ പ്രസ്ഥാനത്തിന്റെ പണം മോഷ്ടിച്ചു എന്നാണ്. അവളോട് സത്യം പറയാനുള്ള മടിയും സങ്കോചവുമാണ് അളകേശനെ ഇത്തരമൊരു ക്രൂരമായ കള്ളം പറയാൻ പ്രേരിപ്പിക്കുന്നത്. അതേസമയം പാരുലിന്റെ മനസ്സിൽ താരകനോട് സ്നേഹത്തിന്റെ ഒരു കണികയെങ്കിലുമുണ്ടെങ്കിൽ അത് മായ്ച്ചുകളയാനുള്ള അയാളുടെ തന്ത്രമായും അതിനെ വിവക്ഷിക്കാവുന്നതാണ്. അളകേശന്റെ ആ പ്രവൃത്തി പക്ഷേ പരിഹാസ്യമായ അയാളുടെ വ്യക്തിത്വത്തിന്റെ പ്രകാശനമായേ വായനക്കാർക്ക് കാണാൻ കഴിയുകയുള്ളൂ. ഉജ്ജ്വലമായ വ്യക്തിത്വത്തിന്റെ പ്രതീകമായാണ് താരക് സെൻ എന്ന കഥാപാത്രത്തെ നോവലിസ്റ്റ് ആദ്യം അവതരിപ്പിക്കുന്നത്. പ്രസ്ഥാനത്തിനു വേണ്ടി എല്ലാം ത്യജിച്ച അവൻ അളകേശന്റെ ഉറ്റ സുഹൃത്തും അനുയായിയുമാണ്. അളകേശൻ തന്നെ സംഘടനയിൽനിന്നും പുറത്താക്കിയപ്പോൾ അവന്റെ മനസ്സ് നിരാശാഭരിതമാകുന്നു. എന്നാൽ പാരുലിന്റെ വീട്ടിൽ ചെന്ന താരകനെ സംഘടനയുടെ പണം മോഷ്ടിച്ചവൻ എന്ന് അളകേശൻ ആക്ഷേപിച്ചപ്പോൾ അവന്റെയുള്ളിൽ അയാളോടുള്ള പക ഉരുണ്ടുകൂടുകയാണ്. വളരെ പെട്ടെന്നാണ് അവൻ അളകേശനെ ഒറ്റിക്കൊടുക്കുന്നവനായി മാറുന്നത്. അതിന്റെ പ്രതിഫലമായി ലഭിച്ച പതിനായിരം രൂപ കൈപ്പറ്റി പാരുൽ ബാലയെ വിവാഹം കഴിച്ചെങ്കിലും സത്യം അവളിൽ നിന്നും മറച്ചു വെക്കാൻ അവൻ അങ്ങേയറ്റം ശ്രദ്ധിച്ചു. അപ്പോഴും അളകേശന്റെ ഓർമകളിൽ കഴിയുന്ന പാരുൽ സത്യാവസ്ഥ മനസ്സിലാക്കുന്നപക്ഷം തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന ഭയമായിരുന്നു താരകന്. മനുഷ്യസഹജമായ പകയും പ്രതികാരവാഞ്ഛയും ശാന്തപ്രകൃതക്കാരായ ആളുകളെ സന്നിവേശിക്കുമ്പോൾ ഉണ്ടാകുന്ന വലിയ ദുരന്തം അളകേശനെ ഒറ്റിക്കൊടുക്കുന്ന താരകന്റെ മനോവ്യാപാരങ്ങളിലൂടെ നോവലിസ്റ്റ് വെളിപ്പെടുത്തുന്നു. യഥാർഥത്തിൽ മനുഷ്യമനസ്സിന്റെ ശക്തിദൗർബല്യങ്ങളെ വെളിപ്പെടുത്താൻ നോവലിസ്റ്റ് ആശ്രയിക്കുന്നത് താരകനേയും അളകേശനേയുമാണ്. സ്നേഹവും സഹനവും ആത്മനിന്ദയും മാറിമാറി ഭരിക്കുന്ന മനുഷ്യമനസ്സിന്റെ വിചിത്രഭൂമികകളെയാണ് ഈ കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് കാണിച്ചുതരുന്നത്.
അതേസമയം സഹനത്തിന്റെ മൂർത്തീമദ്ഭാവമായാണ് പാരുൽ ബാല ഗാംഗുലി എന്ന കഥാപാത്രം വായനക്കാരുടെ മുന്നിലെത്തുന്നത്. ആദ്യം അച്ഛനും പിന്നെ അമ്മയും മരിച്ചതിനെ തുടർന്ന് അക്ഷരാർഥത്തിൽ അനാഥയായ അവളെ പിന്നീട് സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് അളകേശനും കൂട്ടുകാരുമാണ്. തന്റെ സംരക്ഷകനായ അളകേശനോട് അവൾക്ക് ആരാധനയാണ്. തന്റെ ഗുരുവായാണ് അവൾ അയാളെ സങ്കൽപ്പിക്കുന്നത്. അവളെക്കുറിച്ച് അളകേശൻ കൂട്ടുകാരോട് ഇങ്ങനെ പറയുന്നുണ്ട്. “വേറെ ആരുമില്ലെങ്കിലും പാരുൽ ഒരുത്തി മതി ഈ നാട് സ്വാതന്ത്രമാകാൻ. അത്രയ്ക്കുണ്ട് അവളുടെ സഹനശക്തി.’ അളകേശനോട് അവൾക്ക് പ്രണയമുണ്ടായിരുന്നോ എന്നൊന്നും നോവലിസ്റ്റ് വ്യക്തമാക്കുന്നില്ല. എന്നാൽ അയാൾ കൊല്ലപ്പെട്ടതിനു ശേഷം താരകന്റെ നിർബന്ധത്തിനു വഴങ്ങി അവൾ അവനെ വിവാഹം കഴിക്കുന്നുണ്ടെങ്കിലും തന്റെ മനസ്സ് താരകന് നൽകാൻ അവൾ തയ്യാറാകുന്നില്ല. അവളുടെ മനസ്സിൽ ഇപ്പോഴും അളകേശനാണെന്നും തനിക്ക് അവിടെ സ്ഥാനമില്ലെന്നും ഒരിക്കൽ താരകൻ തന്നെ മിസ്റ്റർ സിംസനോട് സമ്മതിക്കുന്നുമുണ്ട്. പക്ഷേ സത്യത്തിൽ അളകേശനോടുള്ള പ്രണയമല്ല അതിനേക്കാൾ തീവ്രമായ, മനസ്സിനെ സദാ ചുട്ടുപൊള്ളിക്കുന്ന ഒരു ഓർമയാണ് പാരുലിന്റെ മനസ്സിനെ മഥിച്ചിരുന്നതെന്ന് മറ്റാർക്കും മനസ്സിലാക്കാൻ കഴിഞ്ഞതുമില്ല. അധികാരികളിൽനിന്നും പതിനായിരം രൂപ ഇനാം വാങ്ങി അളകേശനെ ഒറ്റിക്കൊടുത്തത് താനാണെന്ന സത്യം പാരുൽ അറിയാതിരിക്കാൻ താരകൻ സദാ ശ്രദ്ധിച്ചിരുന്നെങ്കിലും ഒരിക്കൽ അപ്രതീക്ഷിതമായി അവൾ അതറിഞ്ഞപ്പോൾ സ്വന്തം ജീവൻ തന്നെ കുരുതി കഴിച്ചുകൊണ്ട് താരകനോട് പ്രതികാരം ചെയ്യുകയാണ് ആ പെൺകുട്ടി. യഥാർഥത്തിൽ ഈ നോവലിലെ ഏറെ തിളക്കമാർന്ന വ്യക്തിത്വമുള്ള കഥാപാത്രമാണ് പാരുൽ ബാല.
മനഃസാക്ഷിയുള്ള ബ്രിട്ടീഷ് ഓഫീസറുടെ പ്രതിനിധിയാണ് മിസ്റ്റർ സിംസൺ. നാട്ടുകാരായ പ്രക്ഷോഭകാരികളെ പ്രതിഫലം വാങ്ങി ഉദ്യോഗസ്ഥർക്ക് ഒറ്റിക്കൊടുക്കുന്ന നാടൻ സി ഐ ഡിമാരെ അദ്ദേഹം വെറുത്തു. ഒരിക്കൽ അദ്ദേഹം അവരോട് തുറന്നു ചോദിക്കുന്നുണ്ട്. “നിങ്ങൾ എന്തിനാണ് നിങ്ങളുടെ സഹോദരന്മാർക്കെതിരെ പ്രവർത്തിക്കുന്നത്? മനസ്സാക്ഷി വേദനിക്കുന്നില്ലേ നിങ്ങൾക്ക്?’ പ്രക്ഷോഭകാരികൾ തെമ്മാടികളാണെന്നും അവരെ തൂക്കിലേറ്റണമെന്നും, തങ്ങൾ എന്നും ബ്രിട്ടന്റെ പക്ഷത്താണെന്നും, ഗാന്ധിജിയെ തങ്ങൾ അംഗീകരിക്കുന്നില്ലെന്നുമാണ് അതിന് സി ഐ ഡിമാർ മറുപടി പറയുന്നത്. നാടിന്റെ യഥാർഥ ശത്രുക്കൾ ഇംഗ്ലീഷുകാരല്ല ഈ ഒറ്റുകാർ തന്നെയാണെന്ന ആ ബ്രിട്ടീഷ് ഓഫീസറുടെ ആത്മഗതം, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും ദുഷിച്ചതും വെറുക്കപ്പെട്ടതുമായ ഒരു വർഗമായി ഈ വഞ്ചകരെ അടയാളപ്പെടുത്തുന്നുണ്ട്. (അവരുടെ കൂട്ടത്തിലേക്ക് തികഞ്ഞ രാജ്യസ്നേഹിയായ താരകൻ അറിഞ്ഞോ അറിയാതെയോ എത്തിച്ചേർന്നത് വിധി വൈപരീത്യമെന്നെ പറയേണ്ടു.) വ്യക്തിജീവിതത്തിൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വന്ന വ്യക്തിയാണ് സിംസൺ. എങ്കിലും ചില മൂല്യങ്ങൾ അദ്ദേഹം എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു. അതിന് മങ്ങലേറ്റപ്പോൾ ഉദ്യോഗം രാജിവെച്ച് അദ്ദേഹം നാട്ടിലേക്കു തിരിച്ചുപോകുകയാണ്.
ഇരുപതാം നൂറ്റാണ്ടിലെ ബംഗാളി എഴുത്തുകാരിൽ പ്രമുഖനായ ബിമൽ മിത്ര (1912 – 1991) യുടെ ഏറെ ശ്രദ്ധിക്കപ്പെട്ട നോവലുകളിലൊന്നാണ് ചരിത്രത്തിൽ ഇല്ലാത്തവർ. നൂറിലധികം നോവലുകളുടെയും ചെറുകഥകളുടെയും സ്രഷ്ടാവായ ഈ എഴുത്തുകാരൻ ബംഗാളി ചലച്ചിത്രലോകത്തും സജീവസാന്നിധ്യമായിരുന്നു. ഏറെക്കാലം റെയിൽവേ ജീവനക്കാരനായിരുന്ന ബിമൽ മിത്ര മുഴുവൻ സമയവും എഴുത്തിനുവേണ്ടി വിനിയോഗിക്കാൻ മുപ്പത്തിയെട്ടാമത്തെ വയസ്സിൽ ഉദ്യോഗം രാജിവെച്ചു. എഴുത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ പ്രശസ്തിയുടെ ഉയരങ്ങളിലെത്തിയ അദ്ദേഹത്തെ തേടി ബംഗാളിലെ ഉന്നത പുരസ്‌കാരമായ രബീന്ദ്ര പുരസ്കാർ ഉൾപ്പെടെ നിരവധി ബഹുമതികൾ എത്തുകയുണ്ടായി. വർഗസംഘർഷങ്ങളും സാമൂഹിക അസമത്വങ്ങളുമാണ് ബിമൽ മിത്രയുടെ നോവലുകളുടെ മുഖ്യ പ്രതിപാദ്യം. ബംഗാളിന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ നിരവധി പ്രശ്നങ്ങൾ ആവിഷ്കരിക്കുന്നവയാണ് അവയെല്ലാം. രാജാവ് രാജ്ഞി അടിമ, വിലയ്ക്കുവാങ്ങാം, ബീഗം മേരി ബിശ്വാസ്, എന്നിവയാണ് ഈ എഴുത്തുകാരന്റെ പ്രശസ്തമായ മറ്റു നോവലുകൾ.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ ഈയം പാറ്റകളെപ്പോലെ എരിഞ്ഞടങ്ങിയ ലക്ഷക്കണക്കിന് ആളുകളുണ്ട്. ചരിത്രത്തിൽ ഒരു സ്ഥാനവുമില്ലാതെ, അവഗണനയുടെയും വിസ്മൃതിയുടെയും ഓരങ്ങളിലേക്ക് തള്ളിനീക്കപ്പെട്ടവർ. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വന്തം ജീവിതവും സ്വാതന്ത്ര്യവും ത്യജിച്ചവരാണവർ… അവരുടെ രക്തത്തിലും വിയർപ്പിലും ചവിട്ടി അധികാരത്തിന്റെ സുവർണ പഥത്തിലെത്തിയവരും ആ പാവങ്ങളെക്കുറിച്ചോർത്തില്ല, പിന്നീടൊരിക്കലും. താരകനും അളകേശ് ചക്രവർത്തിയും പാരുൽ ബാല ഗാംഗുലിയും നിഖിൽ ദാസുമെല്ലാം ഇത്തരത്തിൽ അവഗണിക്കപ്പെട്ടവരുടെ പ്രതിനിധികളാണ്… നോവലിസ്റ്റിന്റെതന്നെ വാക്കുകളിൽ പറഞ്ഞാൽ കല്യാണപ്പന്തലിൽനിന്ന് തൂത്തെറിയപ്പെട്ട എച്ചിലിലകൾ… ചരിത്രത്തിൽ അവർക്ക് സ്ഥാനമില്ല, ചരിത്രപുസ്തകങ്ങളിൽ അവരെക്കുറിച്ച് പരാമർശവുമില്ല. അതിന്റെ കാരണം ചരിത്രമെന്നത് ഇല്ലാക്കഥകളുടെ കൂടി വിവരണമാണെന്നതു തന്നെയാകാം.