From the print
ലീഗിന്റെ രാജ്യസഭാ സീറ്റ്: അഡ്വ. ഹാരിസ് ബീരാന് സാധ്യത
യൂത്ത് ലീഗ് അതൃപ്തിയിൽ
മലപ്പുറം | മുസ്്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി പട്ടികയിൽ പ്രമുഖ അഭിഭാഷകനും ഡൽഹി കെ എം സി സി അധ്യക്ഷനുമായ ഹാരിസ് ബീരാന് സാധ്യതയേറി. യുവാക്കൾക്ക് പരിഗണന ലഭിക്കുമെന്ന് യൂത്ത് ലീഗ് പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് ഹാരിസ് ബീരാന്റെ പേര് ലീഗിന്റെ മുതിർന്ന നേതാക്കളിൽ ഒരു വിഭാഗം സജീവ ചർച്ചയാക്കിയിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യസഭാ സീറ്റ് സംബന്ധിച്ച ചർച്ച തുടങ്ങുമെന്ന് നേരത്തേ തന്നെ നേതാക്കൾ പറഞ്ഞതാണ്. ചർച്ച പുരോഗമിക്കും തോറും അവകാശവാദങ്ങളും ശക്തമായിട്ടുണ്ട്. യുവാക്കൾക്ക് പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിൽ യൂത്ത് ലീഗ് സീറ്റിൽ കണ്ണുവെച്ചിരിക്കുന്നതിനിടെ എല്ലാം തകിടംമറിയുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
രാജ്യസഭാ സീറ്റിലേക്ക് പുതുമുഖം വരുമെന്ന് സംസ്ഥാന അധ്യക്ഷൻ സ്വാദിഖലി ശിഹാബ് തങ്ങൾ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ പുതുമുഖ പരീക്ഷണത്തിൽ യൂത്ത് ലീഗിന് സീറ്റ് ലഭിക്കുമെന്നായിരുന്നു വിലയിരുത്തിയിരുന്നത്. എന്നാൽ ഈ നീക്കത്തിന് തിരിച്ചടിയാകുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്ന വിവരം.
പാർട്ടി സംസ്ഥാന അധ്യക്ഷനടക്കം മുതിർന്ന നേതാക്കളുടെ പിന്തുണയിലാണ് ഹാരിസ് ബീരാൻ സ്ഥാനാർഥി പട്ടികയിൽ ഒന്നാമതെത്തിയത്. ഡൽഹിയിലെ പാർട്ടി മുഖമാണ് ഇദ്ദേഹം.
സി എ എ ഉൾപ്പെടെ പാർട്ടിയുടെ വിവിധ കേസുകൾ കൈകാര്യം ചെയ്യുന്നത് ഹാരിസ് ബീരാനാണ്. ഇദ്ദേഹത്തിന് സീറ്റ് നൽകുന്നതിലൂടെ പാർട്ടിക്ക് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കാനും ദേശീയ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാനുമാകുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന “ഇന്ത്യ’ മുന്നണി യോഗത്തിൽ സ്വാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തിരുന്നു. നേതാക്കളുടെ ഈ ഡൽഹി യാത്രക്ക് ശേഷമാണ് ഹാരിസ് ബീരാന്റെ പേര് സജീവ ചർച്ചയായത്.
സ്ഥാനാർഥി നിർണയ സമയത്ത് തന്നെ യൂത്ത് ലീഗ്, യുവ നേതാക്കൾക്ക് പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. അന്ന് ലീഗ് ഉന്നയിച്ച മൂന്നാം സീറ്റിൽ യുവത്വത്തെ പരിഗണിക്കണമെന്ന ആവശ്യവുമായി സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളടക്കമുള്ള നേതാക്കൾ സംസ്ഥന പ്രസിഡന്റിനെ കണ്ടിരുന്നു.
എന്നാൽ മൂന്നാം സീറ്റ് രാജ്യ സഭയിൽ ഒതുങ്ങിയതോടെ യൂത്ത് ലീഗിന്റെ ഈ ആവശ്യം അപ്പോൾ പരിഗണിക്കാമെന്നാണ് പറഞ്ഞിരുന്നത്. ഈ വിശ്വാസത്തിലായിരുന്നു യൂത്ത് ലീഗ് രാജ്യസഭാ സീറ്റിലേക്ക് നീക്കം നടത്തിയത്. ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബുവിനെയാണ് യൂത്ത് ലീഗ് രാജ്യസഭയിലേക്ക് ഉയർത്തിക്കാട്ടുന്നത്.
എന്നാൽ ഈ നീക്കങ്ങളെല്ലാം ഫലം കാണുമോ എന്നതാണ് യൂത്ത് ലീഗ് നേതാക്കളെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നത്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും സ്ഥാനാർഥി പട്ടികയിൽ സജീവ പരിഗണനയിലുണ്ട്.