Kerala
കോഴിക്കോട്ട് 16ന് ലീഗിൻ്റെ വഖ്ഫ് സംരക്ഷണ മഹാറാലി
മറ്റ് സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും

കോഴിക്കോട് | കേന്ദ്ര വഖ്ഫ് ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് ഈ മാസം 16ന് കോഴിക്കോട്ട് വഖ്ഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും. ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും ലീഗിന്റെ ദേശീയ നേതൃയോഗം തീരുമാനിച്ചു.
രാജ്യസഭയിലും ബില്‍ പാസ്സായതിനെ തുടര്‍ന്ന് ചേര്‍ന്ന അടിയന്തര നേതൃയോഗത്തിലാണ് സമര പരിപാടികള്‍ തീരുമാനിച്ചത്. വഖ്ഫ് ഭേദഗതി ബില്ലിനെ നിയമപരമായി നേരിനാടാനും തീരുമാനമായി. പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ബില്ലിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കും. ഇതിനായി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും പാര്‍ട്ടി എം പിമാരെയും ചുമതലപ്പെടുത്തി. ദേശീയതലത്തില്‍ ഓരോ സംസ്ഥാനത്തും നടക്കുന്ന പ്രക്ഷോഭങ്ങളുടെ തീയതി അതത് സംസ്ഥാന കമ്മിറ്റികള്‍ കൂടി തീരുമാനിച്ച് പ്രഖ്യാപിക്കും. മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ബില്ലിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് യോഗം വിലയിരുത്തി.
രണ്ടാം മോദി സര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവന്ന സി എ എക്ക് സമാനമായ നിയമമാണ് മൂന്നാം മോദി സര്‍ക്കാറിന്റെ വഖ്ഫ് ബില്ലെന്ന് സ്വാദിഖലി തങ്ങള്‍ പറഞ്ഞു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എം പി, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് സമദാനി എം പി, ഡോ. എം കെ മുനീര്‍ എം എല്‍ എ, നവാസ് കനി എം പി, ഹാരിസ് ബീരാന്‍ എം പി, ദസ്തഗീര്‍ ആഗ, ഖുര്‍റം അനീസ് ഉമര്‍, സി കെ സുബൈര്‍ പങ്കെടുത്തു.