From the print
ഭിന്നത പരിഹരിക്കാന്‍ ലീഗ് - ഇ കെ വിഭാഗം ചര്‍ച്ച ഇന്ന്
വൈകിട്ട് മൂന്നിന് മലപ്പുറത്താണ് യോഗം ചേരുന്നത്.
മലപ്പുറം | ഇ കെ വിഭാഗം സമസ്തയിലും മുസ്്ലിം ലീഗും ഇ കെ വിഭാഗവും തമ്മിലുമുള്ള ഭിന്നത രൂക്ഷമായിരിക്കെ ഇരു വിഭാഗവും ഇന്ന് ചര്‍ച്ചക്കിരിക്കുന്നു. വൈകിട്ട് മൂന്നിന് മലപ്പുറത്താണ് യോഗം ചേരുന്നത്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, ഇ കെ വിഭാഗം പ്രസിഡന്റ് ജിഫ്്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്്ലിയാര്‍, എം ടി അബ്ദുല്ല മുസ്്ലിയാര്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കുക. ഇരു വിഭാഗത്തു നിന്നും പത്ത് പേര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ഖാസി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയ ഉമര്‍ ഫൈസി മുക്കം, സുപ്രഭാതം ചുമതലക്കാരും യുവജന സംഘടനാ നേതാക്കളുമായ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ മുണ്ടുപാറ എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ചര്‍ച്ചയില്‍ ലീഗ് അനുകൂലികള്‍ മുന്നോട്ട് െവക്കുമെന്നാണ് അറിയുന്നത്. അതേസമയം, ജിഫ്്രി തങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തിയ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിനെതിരെയും സി ഐ സി വിഷയത്തില്‍ മുന്‍ധാരണ ലംഘിച്ച സ്വാദിഖലി തങ്ങളുടെ നിലപാടിനെതിരെയും നടപടി വേണമെന്ന് ലീഗ് വിരുദ്ധരും ചര്‍ച്ചയില്‍ ഉന്നയിക്കും. ഒപ്പം സമ്മേളനം വിളിച്ച് സമാന്തര സമിതി രൂപവത്കരിച്ച അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, എം സി മായിന്‍ ഹാജി, ജബ്ബാര്‍ ഹാജി തുടങ്ങിയവര്‍ക്കെതിരെയും ലീഗ് വിരുദ്ധ പക്ഷം പരാതി ഉന്നയിക്കും.
“ആര്‍ദശ സംരക്ഷണ സമിതി’ എന്ന പേരില്‍ ലീഗ് അനുകൂല ചേരി സമാന്തര സമിതി രൂപവത്കരിച്ച് പരസ്യ പോരിലേക്ക് നീങ്ങിയതോടെയാണ് നേതൃത്വത്തിന്റെ ഇടപെടല്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട് ഇ കെ വിഭഗത്തിനകത്തെ ലീഗ് അനുകൂലര്‍ ചേര്‍ന്ന് സമിതി രൂപവത്കരിച്ചത്.
സി ഐ സിയുമായി ബന്ധപ്പെട്ട വിഷയമാണ് ഇ കെ വിഭാഗം- ലീഗ് തര്‍ക്കത്തിന് തുടക്കമിടുന്നത്. ഇത് പിന്നീട് ഇ കെ വിഭാഗത്തിനകത്ത് ലീഗ് അനുകൂലരും(സുഹാബി) വിരുദ്ധരും(ഷജറ) എന്നീ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടി. ഇതിനിടെ, ധാരണകള്‍ തള്ളി പാണക്കാട് തങ്ങന്മാരടക്കമുള്ള മുസ്്ലിം ലീഗ് നേതാക്കള്‍ ഇ കെ വിഭാഗത്തെ തള്ളി സി ഐ സിക്ക് പിന്തുണ കൊടുത്തു. സമാന്തര പ്രവര്‍ത്തനമെന്നോണം പാണക്കാട് ഖാസി ഫൗണ്ടേഷന്‍ രൂപവത്കരിക്കുകയും ചെയ്തു. ഇതിനിടെ, ഉമര്‍ ഫൈസി മുക്കം സ്വാദിഖിലി ശിഹാബ് തങ്ങള്‍ക്കെതിരെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ഇതോടെ ഉമര്‍ ഫൈസിക്കെതിരെ ലീഗ് അനുകൂലര്‍ പൊതുപരിപാടികളുമായി രംഗത്ത് വരാന്‍ തുടങ്ങി. സുപ്രഭാതം ദിനപത്രത്തില്‍ സി പി എം അനുകുല തിരഞ്ഞെടുപ്പ് പരസ്യവും പ്രസിദ്ധീകരിക്കുകയും മുസ്്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം ജിഫ്്രി തങ്ങളെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനയുമായി രംഗത്തു വരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്ന് ഇരു വിഭാഗവും പ്രശ്‌നപരിഹാരത്തിന് യോഗം ചേരുന്നത്.