From the print
ലീഗ് പ്രവേശം:വാർത്ത തള്ളി ദേവര്‍കോവില്‍;സ്വാഗതം ചെയ്ത് ലീഗ്
പ്രചാരണത്തിന് പിന്നില്‍ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരെന്ന് • "ഛിദ്രശക്തി' എന്ന് ഉദ്ദേശിച്ചത് പി എം എ സലാമിനെ
കോഴിക്കോട് | മുസ്‌ലിം ലീഗ് പ്രവേശന റിപോര്‍ട്ടുകള്‍ തള്ളി ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് അഹ്്മദ് ദേവര്‍കോവില്‍. പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തക്ക് പിന്നാലെയാണ് നിഷേധിച്ച് അദ്ദേഹം രംഗത്ത് വന്നത്. ഇത്തരത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ദേവര്‍കോവില്‍ നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് വിവാദം. മുസ്‌ലിം ലീഗുമായി ദീര്‍ഘകാലം യോജിച്ച് പോയിട്ടുള്ള പാര്‍ട്ടിയെന്ന നിലക്ക് ഇ കെ സമസ്തയുമായി ഇനിയും അവര്‍ അങ്ങനെ തുടരണമെന്നാണ് ആഗ്രഹമെന്നായിരുന്നു പരാമര്‍ശം. അതില്‍ എന്തെങ്കിലും അകല്‍ച്ച ഉണ്ടാക്കണമെന്നാഗ്രഹിക്കുന്ന ഛിദ്രശക്തികളുണ്ടെങ്കില്‍ അവരെ ഒറ്റപ്പെടുത്താന്‍ ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രസ്താവന ഏറ്റെടുത്ത് നാഷനല്‍ ലീഗ് രംഗത്ത് വന്നു. മുസ്‌ലിം ലീഗിന് ഗുണകരമല്ലാത്ത നിലപാടെടുക്കുന്നവര്‍ ഛിദ്രശക്തികളാണെന്നാണ് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് അഹ്്മദ് ദേവര്‍കോവില്‍ പറയുന്നതെന്ന് നാഷനല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ് പ്രതികരിച്ചു. ലീഗുമായി നേരത്തേയുണ്ടാക്കിയ ധാരണ യാഥാര്‍ഥ്യവത്കരിക്കുന്നതിന് ദേവര്‍കോവിലിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം ആരോപിച്ചു.
അതേസമയം, ലീഗിന് തുറന്ന മനസ്സാണുള്ളതെന്നും അങ്ങനെ ചര്‍ച്ച നടത്തിയതായി അറിയില്ലെന്നും ഇ ടി മുഹമ്മദ് ബശീര്‍ എം പി പറഞ്ഞു. പാര്‍ട്ടിയിലേക്ക് വരുന്നവരെ ലീഗ് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമും ഡോ. എം കെ മുനീറും കെ എം ഷാജിയും മാധ്യമങ്ങളെ കണ്ടു. പാര്‍ട്ടി ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പി എം എ സലാം പറഞ്ഞു. മുസ്‌ലിം ലീഗ് ഏത് സമയത്തും ഇത്തരം ആളുകള്‍ക്ക് വേണ്ടി വാതിലുകള്‍ തുറന്ന് വെക്കാറുണ്ടെന്ന് ഡോ. എം കെ മുനീര്‍ പറഞ്ഞു. മുമ്പ് പലരും തിരിച്ച് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഹ്്മദ് ദേവര്‍കോവില്‍ തിരിച്ചുവരുന്നത് സ്വാഗതാര്‍ഹമെന്ന് കെ എം ഷാജിയും പ്രതികരിച്ചു.
ഇ കെ സമസ്തയുമായുള്ള ലീഗ് ഭിന്നത മുതലെടുക്കാന്‍ ഇടതുമുന്നണി ശ്രമിച്ചിരുന്നുവെന്നും പൊന്നാനിയിലെ സ്ഥാനാര്‍ഥിത്വം ഇതിന്റെ ഭാഗമായിരുന്നുവെന്നുമുള്ള ആരോപണം നിലനില്‍ക്കുമ്പോഴാണ് ദേവര്‍കോവില്‍ ലീഗിലേക്കെന്ന വാര്‍ത്തകള്‍ വരുന്നത്. അതേസമയം, വ്യാജ വാര്‍ത്തക്ക് പിന്നില്‍ പാര്‍ട്ടി പുറത്താക്കിയവരാണെന്ന് അഹ്്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. വിഭാഗീയ പ്രവര്‍ത്തനത്തെ തുടർന്ന് പാര്‍ട്ടി പുറത്താക്കിയ ചിലർ ഇടതുപക്ഷ വിരുദ്ധരായ ചില മാധ്യമ പ്രവര്‍ത്തകരെ കൂട്ടുപിടിച്ചാണ് വ്യാജ നിര്‍മിതികള്‍ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തന്നെ വ്യക്തിപരമായി വേട്ടയാടാന്‍ സകല ഹീനമാര്‍ഗവും പ്രയോഗിച്ചുവരുന്ന ചില വ്യക്തികളുടെ ഏറ്റവും പുതിയ കുതന്ത്രമാണ് വാര്‍ത്തക്ക് പിന്നില്‍. ലീഗിന്റെ ഔദ്യോഗിക പദവികളും സ്ഥാപനങ്ങളും ഉപയോഗിച്ച് ഇ കെ സമസ്തയെ നശിപ്പിക്കാനിറങ്ങിയ കടുത്ത സുന്നി ആശയ വിരുദ്ധരായ പി എം എ സലാമിനെപ്പോലുള്ളവരെ സൂചിപ്പിച്ചാണ് “ഛിദ്രശക്തി’ എന്നു പ്രയോഗിച്ചത്. ഈ മാധ്യമ പ്രതികരണത്തിലെ ചില കാര്യങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണ് വ്യാജ നിര്‍മിതിക്കാവശ്യമായ ഉരുപ്പടി ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.