From the print
ഹമീദ് ഫൈസിക്കെതിരെ നടപടി വേണമെന്ന് ലീഗ് വിഭാഗം
സ്വാദിഖലി തങ്ങള്‍ക്കെതിരായ പരാതി പുറത്തുവിട്ട് മറുപക്ഷം.
മലപ്പുറം/കോഴിക്കോട് | ഹമീദ് ഫൈസിക്കെതിരെ നടപടി ആവശ്യപ്പെട്ട് അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിലുള്ള ലീഗ് അനുകൂല വിഭാഗം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കത്ത് കൈമാറി. ക്രിസ്മസ് കേക്ക് മുറി വിവാദത്തിലടക്കം സ്വാദിഖലി തങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയ ഹമീദ് ഫൈസിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നാണ് ലീഗ് അനുകൂലികളുടെ ആവശ്യം. ഹമീദ് ഫൈസി കടുത്ത വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുവെന്നും ലീഗ്-സമസ്ത ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നുവെന്നും കത്തില്‍ ആരോപിക്കുന്നു. ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, കെ എ റഹ്മാന്‍ ഫൈസി കാവനൂര്‍, കുട്ടി ഹസന്‍ ദാരിമി, എം സി മായിന്‍ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി തുടങ്ങിയ 25 നേതാക്കളാണ് ഹമീദ് ഫൈസിക്കെതിരെ കത്ത് നല്‍കിയത്. പ്രശ്‌നങ്ങള്‍ രഞ്ജിപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കത്തിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മലപ്പുറത്ത് പറഞ്ഞു.
അതേസമയം, പാണക്കാട് സ്വാദിഖലി തങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗള്‍ഫ് ഘടകം എസ് കെ എസ് എസ് എഫ് നേതാക്കളുടെ നേതൃത്വത്തില്‍ ഇ കെ സമസ്ത നേതൃത്വത്തിന് നല്‍കിയ പരാതി പുറത്തുവന്നു. കേക്ക് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ മറുവിഭാഗം പരാതി നല്‍കിയ സാഹചര്യത്തിലാണ് നവംബര്‍ ഏഴിന് നല്‍കിയ കത്ത് പുറത്തെത്തിയത്. ദുബൈ നാഷനല്‍ സെക്രട്ടറി, ദുബൈ എസ് കെ എസ് എസ് എഫ്. ഐ ടി മീഡിയാ കണ്‍വീനര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒമ്പത് പേരാണ് പരാതി നല്‍കിയിരുന്നത്. ‘സമസ്ത’യുടെ തീരുമാനങ്ങളെ വെല്ലുവിളിച്ച് സി ഐ സി പ്രസിഡന്റായി തുടരുന്നുവെന്നതാണ് പരാതിയിലെ മുഖ്യ വിഷയം. ബിദ്അത്തുകാരുടെ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നു, ഖാസി ഫൗണ്ടേഷന്‍ വഴി മഹല്ലുകളില്‍ ഭിന്നിപ്പിന് ശ്രമിക്കുന്നു, സുപ്രഭാതം പത്രത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നു, ‘സമസ്ത’ക്ക് സമാന്തര സംവിധാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് കത്തില്‍ ഉന്നയിച്ചത്.
സ്വാദിഖലി തങ്ങളെ ഇ കെ സമസ്തയുടെ മുഴുവന്‍ സംഘടനാ സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെടുന്നു. എസ് കെ എസ് എസ് എഫ് ഭാരവാഹികളായ എ സി മുഹമ്മദ് ഫാസില്‍, സിറാജ് വയനാട്, ശരീഫ് ബ്ലാത്തൂര്‍, റിഫായി ഹദ്ദാദ് തുടങ്ങിയവരാണ് കത്ത് നല്‍കിയത്.