Kerala
ഫലസ്തീന്‍ വിഷയത്തില്‍ ലീഗിന് കൃത്യമായ നിലപാടുണ്ട്, സിപിഎം ക്ഷണിച്ചതിന് നന്ദി: പി. കെ. കുഞ്ഞാലിക്കുട്ടി
സിപിഎം റാലി നടത്തുന്നതില്‍ സന്തോഷമാണുള്ളത്. ലീഗ് പങ്കെടുക്കാത്തത്തില്‍ കുറ്റം കാണേണ്ട കാര്യം ഇല്ല.
തിരുവനന്തപുരം| ഫലസ്തീന്‍ വിഷയത്തില്‍ ലീഗിന് കൃത്യമായ നിലപാടുണ്ടെന്നും സിപിഎം ക്ഷണിച്ചതിന് നന്ദിയെന്നും മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി. സിപിഎം നടത്തുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ ലീഗ് പങ്കെടുക്കില്ലെന്ന ഔദ്യോഗിക അറിയിപ്പിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യുഡിഎഫിന്റെ ഒരു കക്ഷി എന്ന നിലയില്‍ സാങ്കേതികമായി റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീന്‍ വിഷയത്തില്‍ കേരളത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മുന്നണിയുടെ ഭാഗമായതുകൊണ്ട് മാത്രമാണ് പങ്കെടുക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുധാകരന് മറുപടി ലീഗ് സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ രാഷ്ട്രീയ വിവാദങ്ങള്‍ക്കും അതീതമായി എല്ലാവരും ഫലസ്തീന്‍ ജനതക്ക് പിന്തുണ കൊടുക്കണം.
ഫലസ്തീന്‍ വിഷയത്തില്‍ ആരു റാലി നടത്തിയാലും പിന്തുണച്ചാലും സ്വാഗതം ചെയ്യണമെന്നും പിന്തുണക്കണമെന്നുമാണ് ഇടി പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. സിപിഎം റാലി നടത്തുന്നതില്‍ സന്തോഷമാണുള്ളത്. ലീഗ് പങ്കെടുക്കാത്തത്തില്‍ കുറ്റം കാണേണ്ട കാര്യം ഇല്ല. സിപിഎം റാലിയില്‍ മത സംഘടനകള്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.