Connect with us

Kerala

ലീഗ് മതരാഷ്്ട്ര വാദികളുമായി സഖ്യം ചേരുന്നു; ഇതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസ്: സി പി എം

സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചകള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Published

|

Last Updated

കൊല്ലം | കേരളത്തില്‍ മുസ്്‌ലിം ലീഗ് മതരാഷ്ട്ര വാദികളുമായി സഖ്യം ചേരുന്നുവെന്നും അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസ്സാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചകള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗ് മതരാഷ്ട്രവാദ സംഘടനകളുമായി കൂടിച്ചേര്‍ന്നുകൊണ്ട് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. എന്താണ് അങ്ങനെ സഖ്യം ചേര്‍ന്നാല്‍ എന്ന് ചോദിക്കുന്ന സ്ഥിതിയിലേക്ക് അവര്‍ എത്തുകയാണ്. ജമാഅത്തെ ഇസ്ലാമിയെയും എസ് ഡി പി ഐയെയും പോലെയുള്ള സംഘടനകളുമായാണ് അവര്‍ ചേരുന്നത്. അതിന്റെ ഗുണഭോക്താവ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസാണ്.

നേരത്തെ വിവിധ തിരഞ്ഞെടുപ്പുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്ന ഇത്തരം സംഘടനകള്‍ ഇപ്പോള്‍, സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു ഡി എഫിന് വോട്ട് ചെയ്യുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. യു ഡി എഫിന്റെ ഭാഗമായി നില്‍ക്കാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങളെ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് നയിക്കാനുള്ള വഴി തുറക്കുകയാണ് മുസ്്‌ലിം ലീഗ് ചെയ്യുന്നത്. ഇത് വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണ്. മുസ്ലീം ലീഗിന്റെ അണികളെ മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കാനുള്ള അവസരമാണ് ഇതുവഴി സൃഷ്ടിക്കപ്പെടുന്നത്. ഇത്തരം സഖ്യങ്ങള്‍ സ്വാഭാവികമായും ലീഗിന്റെ അടിത്തറ തകര്‍ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി പി എമ്മാണ് ഏറ്റവും പ്രധാനപ്പെട്ട ശത്രുവെന്നാണ് ലീഗ് പറയുന്നത്. ആര്‍ എസ്എ സിന്റെ നമ്പര്‍ വണ്‍ ശത്രുവാണ് സി പിഎം. കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട ശത്രുവും സി പി എം തന്നെ. ജമാഅത്തെ ഇസ്ലാമിയുടെയും എസ് ഡി പി ഐയുടെയും ഒന്നാമത്തെ ശത്രുവും സി പി എമ്മാണ്. ഇങ്ങനെ സി പി എമ്മിനെതിരായ ഒരു ഐക്യധാര രൂപപ്പെടുത്തുക എന്നതാണ് ഇവരുടെ ഉന്നം. ഇടതുപക്ഷ പ്രസ്ഥാനത്തിന് മതനിരപേക്ഷ നിലപാടുള്ള മുസ്ലീം ജനവിഭാഗത്തിലെ സ്വാധീനം തകര്‍ക്കാനുള്ള പ്രചാരണങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐയെ വിജയിപ്പിക്കാന്‍ യു ഡി എഫ് വോട്ട് നല്‍കിയ കാര്യം പുറത്തുവന്നു. ന്യൂനപക്ഷ രാഷ്ട്രീയം ഇത്തരത്തില്‍ മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചില ഘട്ടങ്ങളില്‍ യു ഡി എഫിന്റെ വോട്ടുകള്‍ ബി ജെ പിയിലേക്ക് ചേര്‍ന്ന് അവരെ വിജയിപ്പിക്കുന്ന പ്രവണത ദൃശ്യമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് തൃശൂരെന്നും നേരത്തെ യു ഡി എഫിന് അനുകൂലമായി ആര്‍ എസ് എസ് വോട്ട് ചെയ്തിരുന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest