governor v/s ldf govt
ഗവർണറുടെ പത്രസമ്മേളനം മല എലിയെ പ്രസവിച്ച പോലെയെന്ന് ലീഗ് നേതാവ് കെ എൻ എ ഖാദർ
ഗവർണർമാർ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറുകളോട് ഈ വിധം ഏറ്റുമുട്ടുന്നത് നല്ല കീഴ്‌വഴക്കം അല്ല. സർക്കാർ മാറി വരുമല്ലോ.
മലപ്പുറം | ഗവർണറുടെ പത്രസമ്മേളനം മല എലിയെ പ്രസവിച്ച പോലെയായെന്ന് മുസ്ലിം ലീഗ് നേതാവ് കെ എൻ എ ഖാദർ അഭിപ്രായപ്പെട്ടു. 2019ലെ കണ്ണൂർ ചരിത്ര കോൺഗ്രസ്സിൽ ഗവർണർക്ക് നേരെ ഒരു വധശ്രമവും ഗൂഢാലോചനയും ഉണ്ടായിരുന്നുവെന്ന്, പുറത്തുവിട്ട വീഡിയോ അടിസ്ഥാനപ്പെടുത്തി വിശ്വാസിക്കാനാകുന്നില്ല. കെ കെ രാഗേഷ് താഴെ ഇറങ്ങി പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചതായിട്ടാണ് തോന്നിയത്. സർക്കാറും ഗവർണറും തമ്മിൽ കൈമാറിയ കത്തുകൾ പുറത്തുവിടത്തക്ക പ്രാധാന്യം ഉള്ളവയല്ല. ഗവർണർമാർ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറുകളോട് ഈ വിധം ഏറ്റുമുട്ടുന്നത് നല്ല കീഴ്‌വഴക്കം അല്ല. സർക്കാർ മാറി വരുമല്ലോ. അദ്ദേഹം ഒരക്ഷരം പരസ്യമായി പ്രതികരിക്കാതെ ആ രണ്ട് ബില്ലുകളോട് വിയോജിച്ച് ഒപ്പിടാതെ മാറ്റിവെച്ചുവെങ്കിൽ കൂടുതൽ നന്നായേനെ. ഗവർണർ പദവി അല്ലെങ്കിലും ആവശ്യമായ ഒന്ന് അല്ലെന്ന് ഞാൻ മുമ്പ് എഴുതിയതാണെന്നും കെ എൻ എ ഖാദർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:
ഗവർണ്ണറുടെ പത്രസമ്മേളനം മല എലിയെ പ്രസവിച്ച പോലെയായി.
കണ്ണൂരിലെ യൂത്ത് കോൺഗ്രസ്സുകാർ, വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന ആരോപണം പോലെ ഒന്നാണ് ഈ വധശ്രമ ആരോപണവും. രണ്ടും ആ നിലയ്ക്ക് കാണാൻ കഴിയില്ല. അല്ലെങ്കിലും ഇർഫാൻ ഹബീബിനു ചേർന്ന പണിയാണ് അതെന്നു തോന്നുന്നില്ല. സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളോടൊ, ബന്ധു നിയമനങ്ങളോടൊ,അനർഹരെ നിയമിക്കുന്നതിനോടൊ ഒരിക്കലും യോജിക്കാൻ കഴിയില്ല. അതെ സമയം ഗവർണ്ണർമാർ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളോട് ഈ വിധം ഏറ്റുമുട്ടുന്നത് നല്ല കീഴ് വഴക്കം അല്ല. സർക്കാർ മാറി വരുമല്ലോ. അദ്ദേഹം ഒരക്ഷരം പരസ്യമായി പ്രതികരിക്കാതെ ആ രണ്ട് ബില്ലുകളോട് വിയോജിച്ച് ഒപ്പിടാതെ മാറ്റിവെച്ചുവെങ്കിൽ കൂടുതൽ നന്നായേനെ. ഗവർണ്ണർ പദവി അല്ലെങ്കിലും ആവശ്യമായ ഒന്ന് അല്ലെന്ന് ഞാൻ മുമ്പ് എഴുതിയതാണ്. അത് ഇപ്പോഴത്തെ സംഭവങ്ങൾ കൊണ്ട് അല്ല.