Haritha Issue
ഹരിതയില്‍ ലീഗ് നേതൃത്വത്തില്‍ ചേരിതിരിവ്; പുറത്താക്കപ്പെട്ടവര്‍ക്ക് വാതിൽ തുറന്നിട്ട് ഒരു വിഭാഗം; കൊട്ടിയടച്ച് മറുവിഭാഗം
കോഴിക്കോട് | എം എസ് എഫിന്റെ വനിതാ വിഭാഗമായ ഹരിതയെ മുന്‍ നിര്‍ത്തി ലീഗ് നേതൃത്വത്തില്‍ അഭിപ്രായ വ്യത്യാസം പുകയുന്നു. സ്ഥാന ഭ്രഷ്ടകരാക്കപ്പെട്ട വനിതാ നേതാക്കള്‍ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നതായി വ്യക്തമാക്കിയ സാഹചര്യത്തിലാണ് നേതാക്കള്‍ക്കിടിയില്‍ ചേരിതിരിവു രൂപപ്പെട്ടത്. മുതിര്‍ന്ന നേതാക്കളായ കെ പി എ മജീദ്, എം കെ മുനീര്‍ എന്നിവര്‍ പിരിച്ചുവിട്ട കമ്മിറ്റിയിലെ നേതാക്കളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവിധം പാര്‍ട്ടി വിശാലമാണെന്ന നിലയിലേക്കു കാര്യങ്ങള്‍ കൊണ്ടുവരുമ്പോള്‍ സാദിഖലി തങ്ങളെ ഉപയോഗിച്ച് പി കെ കുഞ്ഞാലിക്കുട്ടി അത്തരം നീക്കങ്ങള്‍ സമ്പൂര്‍ണമായി അടച്ചു. സമന്വയത്തിന്റെ ഭാഷയില്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ട കെ പി എ മജീദിനെ ഈ വിഷയത്തില്‍ അനാവശ്യമായ സംസാരം ആവശ്യമില്ലെന്നു വിലക്കിയതായാണു വിവരം. ഹരിതയിലെ പെണ്‍കുട്ടികള്‍ ബ്രില്യന്റാണെന്നു പറഞ്ഞ എം കെ മുനീറിനുമുണ്ട് വിലക്ക്.
‘ഹരിത’ വിഷയത്തില്‍ ലീഗ് സംസ്ഥാന കമ്മിറ്റി വ്യക്തമായ തീരുമാനം എടുത്തുകഴിഞ്ഞതാണെന്നും മുസ്ലിംലീഗ് തീരുമാനത്തില്‍ മാറ്റമില്ലെന്നും ഉന്നതാധികാര സമിതി അംഗം പി എം സാദിഖലി തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹരിത എം എസ് എഫിനുകീഴിലുള്ള സംവിധാനമാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ എം എസ് എഫ് കൈകാര്യംചെയ്യുമെന്നും പറഞ്ഞ് കൈയ്യൊഴുയുകയാണ് അദ്ദേഹം ചെയ്തത്. ഇതാണ് പാര്‍ട്ടിയുടെ അവസാന വാക്കെന്ന് ആവര്‍ത്തിച്ചുകൊണ്ട് പുകഞ്ഞ കൊള്ളികള്‍ പുറത്ത് എന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഏറ്റവും ഒടിവില്‍ ദേശീയ ജന. സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ചെയ്തത്.
ഹരിതയിലെ തിരുത്തല്‍ നടപടികള്‍ പാര്‍ട്ടി കൂടിയാലോചിച്ച് എടുത്ത് തീരുമാനമാണെന്നും തീരുമാനമെടുത്താല്‍ പിന്നെ മാറ്റില്ലെന്നുമാണു കുഞ്ഞാലിക്കുട്ടി പറഞ്ഞത്. സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങള്‍ അവരൊക്കെ ഒരുമിച്ചിരുന്നതാണ് തീരുമാനമെടുക്കുന്നത്. തങ്ങള്‍ ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍ പിന്നെ അത് മാറ്റാറില്ല. അതില്‍ ഉറച്ചുനില്‍ക്കലാണ് പതിവ്. ലീഗില്‍ തങ്ങന്മാരുടെ വാക്ക് അവസാന വാക്കാണ്. അതില്‍ പിന്നെ ചര്‍ച്ചയുടെ ആവശ്യമില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
ഹരിത നേതാക്കളുടെ കാഴ്ചപ്പാടുകളും നിലപാടും പൊതുസമൂഹം വിലമതിച്ചതോടെ അവരെ കൈയ്യൊഴിയുന്നത് തിരിച്ചടിയാവുമെന്നു പാര്‍ട്ടിയില്‍ ഒരു വിഭാഗം നിലപാട് സ്വീകരിച്ചതോടെയാണ് കെ പി എ മജീദും മുനീറുമെല്ലാം അവരെ കൈവിടരുതെന്ന നിലപാടിലേക്കു നീങ്ങിയത്. എന്നാല്‍ എത്ര മികച്ച നേതാക്കളായാലും അവര്‍ക്കുമുന്നില്‍ കീഴടങ്ങരുതെന്ന വലിയ സമ്മര്‍ദ്ദമാണ് ഇപ്പോള്‍ ലീഗ് അനുഭവിക്കുന്നത്.
ഹരിതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ചര്‍ച്ചയുടെ വാതിലുകള്‍ ഇനിയും അടഞ്ഞിട്ടില്ലെന്നായിരുന്നു കെ പി എ മജീദിന്റെ പ്രതികരണം. ഏത് വിഷയവും ഇനിയും ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഒരുക്കമാണ്. നിരന്തര ചര്‍ച്ചകളിലൂടെയും നീതിപൂര്‍വ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്ലിംലീഗ് വളര്‍ച്ചയുടെ പാതകള്‍ പിന്നിട്ടതെന്നും മജീദ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
മുസ്ലിംലീഗിന്റെ ആശയാദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളെയും കേള്‍ക്കാനും പരിഗണിക്കാനും കഴിയുന്ന പ്രസ്ഥാനമാണിത്. നീതി തേടി വരുന്നവര്‍ക്ക് നീതി ഉറപ്പാക്കലാണ് പാര്‍ട്ടിയുടെ പാരമ്പര്യം. ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയാവുകയും മുസ്ലിംലീഗിനെതിരെ നെഗറ്റീവ് കാമ്പയിന് എതിരാളികള്‍ അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് അതീവ ഹൃദയ വേദനയോടെയാണ് നോക്കി കാണുന്നതെന്നും പറഞ്ഞ മജീദിന്റെ നിലപാടിനെതിരെ പാര്‍ട്ടിയില്‍ നിന്നു വലിയ കടന്നാക്രമണം ഉണ്ടായി എന്നാണു വിവരം. ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും ഹരിത ഭാരവാഹികളുമായി ആശയവിനിമയം തടഞ്ഞിട്ടില്ലെന്ന് എം കെ മുനീര്‍ എം എല്‍ എയും പറഞ്ഞിരുന്നു. ഇരു നേതാക്കളുടേയും വാക്കുകള്‍ ഏറെ പ്രതീക്ഷയോടെയാണ് ഹരിത നേതാക്കള്‍ കണ്ടിരുന്നത്.
മുസ്ലീം ലീഗ് നേതൃത്വം വീണ്ടും ഹരിത നേതാക്കളുമായി ചര്‍ച്ച നടത്തും എന്നതിന്റെ സാധ്യതകള്‍ സൂചിപ്പിച്ചുകൊണ്ടായിരുന്നു മുനീറിന്റെ പ്രതികരണം. പാര്‍ട്ടി ഒരിക്കലും ഹരിത നേതാക്കളെ പുറത്തായിട്ടില്ല. മറിച്ച് ഭാരവാഹിത്വത്തില്‍ നിന്നും മാത്രമെ പുറത്താക്കിയിട്ടുള്ളൂവെന്നും മുനീര്‍ ഓര്‍മിപ്പിച്ചിരുന്നു. ഹരിത നേതാക്കളെ പ്രശംസിച്ച് കൊണ്ടായിരുന്നു മുനീറിന്റെ പ്രതികരണം. ‘നമ്മുടെ മുഴുവന്‍ കുട്ടികളും ബ്രില്ല്യന്റാണ്. ഇനിയും ഉണ്ട് ബ്രില്ല്യന്റായ കുട്ടികള്‍’ എന്നായിരുന്നു മുനീറിന്റെ വാക്കുകള്‍. ഈ വാക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ച ഹരിതാ നേതാക്കള്‍, പി കെ കുഞ്ഞാലിക്കുട്ടിയും തങ്ങളെ പാര്‍ട്ടി പാര്‍ട്ടി ഉള്‍ക്കൊള്ളുമെന്ന നിലപാടിനെ പിന്‍തുണക്കും എന്ന പ്രതീക്ഷയിലായിരുന്നു. ഹരിതയുടെ പ്രവര്‍ത്തകര്‍ ഞങ്ങള്‍ വളര്‍ത്തിയ പ്രഗല്‍ഭരായ കുട്ടികളാണെന്ന് നേരത്തെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചതാണ് ഇവര്‍ക്കു പ്രതീക്ഷ പകര്‍ന്നത്.
പാര്‍ട്ടിയുടെ മുന്‍കാല നേതാക്കള്‍ വലിയ ത്യാഗം സഹിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുവരാനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും നടത്തിയ പരിശ്രമങ്ങളുടെ വിജയമാണതെന്നും പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തുന്നത് മനോഹരമായ കാഴ്ചയാണെന്നുമായിരുന്നു പ്രതികരണം. ഹരിതയുമായി ബന്ധപ്പെട്ടു മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തതെന്നും ദേശീയ കമ്മിറ്റിയിലും പ്രശ്നം ചര്‍ച്ചചെയ്യുമെന്നും പറഞ്ഞിരുന്ന അദ്ദേഹം ഒരുപാട് വക്രീകരിക്കപ്പെട്ട നിലയിലാണ് മാധ്യമങ്ങള്‍ ഹരിത പ്രശ്നം ചര്‍ച്ച ചെയ്യുന്നതെന്നും പ്രശ്നം ഭംഗിയായി പരിഹരിക്കുമെന്നും പറഞ്ഞപ്പോള്‍ ഹരിതാ നേതാക്കള്‍ ഏറെ പ്രതീക്ഷയിലായി.
പാര്‍ട്ടി പിശകുകള്‍ തിരുത്തി തങ്ങളുടെ നിലപാടിനെ അംഗീകരിക്കുമെന്നും ലൈംഗികാധിക്ഷേപം നടത്തിയവരെ ശിക്ഷിച്ച് മാതൃക കാട്ടുമെന്നും പൊതുസമൂഹത്തില്‍ മുസ്്ലിം ലീഗിന്റെ ഉന്നത പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നും കരുതിയ ഹരിത മുന്‍ നേതാക്കളുടെ പ്രതീക്ഷകളാണ് ഇപ്പോള്‍ കരിഞ്ഞു തുടങ്ങിയത്.