Kerala
ഇ കെ വിഭാഗത്തെ ഹൈജാക്ക് ചെയ്യാന്‍ ലീഗ് ശ്രമിക്കുന്നു: മന്ത്രി അബ്ദുര്‍റഹ്മാന്‍
കേരള മുഖ്യമന്ത്രിക്ക് മുസ്ലിം ലീഗിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മന്ത്രി അബ്ദുറഹ്മാന്‍
മലപ്പുറം | ഇ കെ വിഭാഗം സമസ്തയെ ഹൈജാക്ക് ചെയ്യാന്‍ ലീഗ് ശ്രമിക്കുന്നുവെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. ഇ കെ സമസ്ത വേദികള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ലീഗ് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസത്തിനെതിരായ സമസ്ത സമ്മേളനത്തിലെ പ്രമേയം ഇതിന്റെ ഭാഗമാണ്. ഇത് സമസ്ത നേതാക്കള്‍ തിരിച്ചറിയുന്നുണ്ട്. കേരള മുഖ്യമന്ത്രിക്ക് മുസ്ലിം ലീഗിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മന്ത്രി അബ്ദുറഹ്മാന്‍ വ്യക്തമാക്കി.
കമ്മ്യൂണിസത്തെ മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്ന പ്രമേയം കഴിഞ്ഞ ദിവസം ഇ കെ വിഭാഗത്തിന്റെ മലപ്പുറം ജില്ലാ സമ്മേളനം പ്രമേയം പാസ്സാക്കിയിരുന്നു. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവല്‍ക്കരിച്ചും താത്വികാദ്ധ്യാപനം നല്‍കുന്ന കമ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മത നിഷേധം കൂടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നുമായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം.
ഈ പ്രമേയത്തെ തള്ളി ഇകെ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്ത് വരികയും ചെയ്തു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രമേയം പാസ്സാക്കിയത് എന്ന് തങ്ങള്‍ വ്യക്തമാക്കിയിരുന്നു.