Alappuzha
സുന്നി വിഭാഗത്തില്‍ വിള്ളലുണ്ടാക്കാന്‍ ലീഗ് ശ്രമിക്കുന്നു: മുഖ്യമന്ത്രി
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സംഘപരിവാറിനും ജമാഅത്തെ ഇസ്ലാമിക്കും പറ്റിയ ആളുകളെയാകും യു ഡി എഫ് സ്ഥാനാര്‍ഥികളാക്കുകയെന്നും മുഖ്യമന്ത്രി
ഹരിപ്പാട് | മതനിരപേക്ഷ വാദികളായ സുന്നി വിഭാഗത്തില്‍ പോലും വിള്ളലുണ്ടാക്കി മത രാഷ്ട്രവാദികളോടൊപ്പം ചേര്‍ക്കാന്‍ മുസ്‍ലിം ലീഗ് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാഭൂരിപക്ഷം വരുന്ന മുസ്്ലിംകളും തള്ളിക്കളഞ്ഞ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയേയും എസ് ഡി പി ഐയേയും പരസ്യമായി പിന്തുണക്കുന്ന സമീപനമാണ് ലീഗ് സ്വീകരിച്ചിരിക്കുന്നത്. ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന ലീഗിന്റെ ഈ സമീപനം ആത്മഹത്യാപരമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം ഹരിപ്പാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നാല് സീറ്റിനും കുറച്ച് വോട്ടിനും വേണ്ടി ലീഗും യു.ഡി.എഫും ആരെയും കൂടെകൂട്ടുന്ന സ്ഥിതിയാണിപ്പോള്‍. മുസ്ലിം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികളുടെ കൈയിലേക്ക് എറിഞ്ഞുകൊടുക്കാനുള്ള ശ്രമമാണ് മുസ്ലിംലീഗിലെ ഒരു വിഭാഗം നടത്തുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് ജയം ആദ്യം ആഘോഷിച്ചത് തീവ്രനിലപാടുകാരായ എസ്.ഡി.പി.ഐയാണ്. അവരുടെ വിജയമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം ചിത്രീകരിച്ചത്. ഇതെങ്ങനെ സംഭവിക്കുന്നു. വര്‍ഗീയ കക്ഷികളുമായി യു.ഡി.എഫ് രഹസ്യവും പരസ്യവുമായി കൂട്ടുകൂടുന്നതിന്റെ തെളിവാണിത്. ഇടതുമുന്നണി ഇത്തരത്തിലൊരു രാഷ്ട്രീയ കച്ചവടത്തിനുമില്ല. നാല് വോട്ടിനുവേണ്ടി എല്‍.ഡി.എഫ് രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നും പിണറായി പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സംഘപരിവാറിനും ജമാഅത്തെ ഇസ്ലാമിക്കും പറ്റിയ ആളുകളെയാകും യു.ഡി.എഫ് സ്ഥാനാര്‍ഥികളാക്കുക. ബി.ജെ.പി ശക്തിപ്രാപിച്ച സ്ഥലങ്ങള്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണ്. വര്‍ഗീയതയ്ക്കെതിരേ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ബി ജെ പിയുടെ കൈയിലാകാനിടയായത്. സംഘപരിവാറുമായി തുറന്ന സഖ്യത്തിനാണ് യു.ഡി.എഫ് ശ്രമി്ക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അത് പ്രകടമായി. കോണ്‍ഗ്രസിന് 86000 വോട്ടാണ് തൃശൂരില്‍ കുറഞ്ഞത്. ബി ജെ പിക്കാകട്ടെ 75000 വോട്ടിന്റെ വര്‍ധനയുമുണ്ടായി. ബി ജെ പിയിലേക്ക് പോയ വോട്ട് കോണ്‍ഗ്രസിന്റേതാണ്. ഇടതുപക്ഷത്തിനാകട്ടെ, 16000 വോട്ടിന്റെ വര്‍ധന തൃശൂരിലുണ്ടാവുകയും ചെയ്തു. യു.ഡി.എഫിന്റെ വോട്ടുകൊണ്ടാണ് ബി ജെ പി വിജയിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.