Haritha Issue
ലീഗ് പ്രവർത്തക സമിതി 26ന്; ഹരിത വീണ്ടും ചർച്ചയാകും
ഹരിതയിൽ ഇനിയും ചർച്ച നടക്കുമെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട് | അടഞ്ഞ ഹരിത വിഷയം വീണ്ടും തുറക്കാൻ മുസ്‌ലിം ലീഗ്. ഈ മാസം 26ന് മഞ്ചേരിയിൽ ചേരുന്ന ലീഗ് സംസ്ഥാന കമ്മിറ്റിയിൽ ഹരിത വിവാദം വീണ്ടും ചർച്ച ചെയ്യുമെന്നാണ് സൂചന. മരവിപ്പിക്കപ്പെട്ട ഹരിതയുടെ മുൻ സംസ്ഥാന കമ്മിറ്റി നേതാക്കൾ പാർട്ടിക്കുള്ളിൽ നിന്ന് പോരാടാനുള്ള തീരുമാനമെടുത്തതോടെയാണ് പെൺകുട്ടികളെ പുകഴ്ത്തിക്കൊണ്ടുള്ള ലീഗ് നേതൃത്വത്തിന്റെ പുതിയ അനുനയ ശ്രമം.
മുസ്‌ലിം ലീഗ് വളർത്തിക്കൊണ്ടു വന്ന കുട്ടികൾ പ്രഗത്ഭരാണെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഹരിത വിഷയത്തിൽ വീണ്ടും എല്ലാ വിശദാംശങ്ങളും ചർച്ച ചെയ്യും. സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി ലീഗ് നേതാക്കൾ യത്‌നിച്ചതിന്റെ ഫലമാണിത്. ഇ ടി മുഹമ്മദ് ബശീർ, സ്വാദിഖലി തങ്ങൾ അടക്കമുള്ള നേതാക്കളുമായി ഹരിത പ്രശ്നം വീണ്ടും സംസാരിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ വിവിധ കമ്മിറ്റികൾ എടുത്ത തീരുമാനങ്ങൾ വിശദമായ ചർച്ചക്ക് വിധേയമാക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഹരിതയിലെ കുട്ടികളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നായിരുന്നു ഡോ. എം കെ മുനീർ എം എൽ എയുടെ പ്രതികരണം. സ്ഥാനങ്ങളിൽ നിന്ന് നീക്കി എന്നല്ലാതെ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കാൻ അവർക്ക് അവകാശമുണ്ട്. ഹരിത മുൻ നേതാക്കളുടെ പരാതി ലീഗ് നേതൃത്വം കേട്ടിരുന്നു. രണ്ട് വിഭാഗങ്ങൾക്കും പറയാനുള്ള കാര്യങ്ങൾ കേട്ടു. എന്നാൽ പിന്നീട് നേതൃത്വം എടുത്ത തീരുമാനത്തിൽ അവർക്ക് സംതൃപ്തി ഉണ്ടായില്ല. സമാന്തര കൂട്ടായ്മ ഉണ്ടാക്കുമെന്ന് അവർ പറഞ്ഞിട്ടില്ല.
ലീഗിന്റെ പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് പോകാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് വ്യക്തമാക്കിയത്. ഹരിതയുടെ പ്ലാറ്റ് ഫോമിൽ അവർക്ക് തുടരാമെന്നും മുനീർ കൂട്ടിച്ചേർത്തു.
ഹരിതയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിന്റെ തീരുമാനം വ്യക്തമാണെന്നായിരുന്നു ഉന്നതാധികാര സമിതി അംഗം സ്വാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.
കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ ഏറെ വിവാദത്തിലകപ്പെടാവുന്ന വിമർശങ്ങൾ ഹരിത മുൻ നേതാക്കൾ ഉന്നയിക്കുമെന്നായിരുന്നു ലീഗ് നേതാക്കളടക്കം കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. വാർത്താസമ്മേളനത്തിന് ശേഷം ഡോ. എം കെ മുനീർ പെൺകുട്ടികളെ വിളിച്ച് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.