Connect with us

Kerala

ചോര്‍ച്ച; വാട്ടര്‍ അതോറിറ്റിക്ക് പ്രതിവര്‍ഷ നഷ്ടം 200 കോടി

വിതരണത്തിനായി തയാറാക്കുന്ന വെള്ളത്തിന്റെ 20 മുതല്‍ 25 ശതമാനം വരെയാണ് ചോര്‍ച്ച മൂലം നഷ്ടമാവുന്നത്.

Published

|

Last Updated

പത്തനംതിട്ട | കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കണക്ഷനുകളിലുണ്ടാകുന്ന ചോര്‍ച്ച മൂലം പ്രതിവര്‍ഷം 200 കോടി രൂപയുടെ നഷ്ടം ഉണ്ടാവുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വിതരണത്തിനായി തയാറാക്കുന്ന വെള്ളത്തിന്റെ 20 മുതല്‍ 25 ശതമാനം വരെയാണ് ചോര്‍ച്ച മൂലം നഷ്ടമാവുന്നത്. വിതരണ കുഴലുകളില്‍ ഉണ്ടാവുന്ന തകരാറുകള്‍ അടക്കം ഒരു വര്‍ഷം 2.5 ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ മില്യന്‍ ലിറ്റര്‍ ജലം നഷ്ടപ്പെടുന്നതായാണ് വാട്ടര്‍ അതോറിറ്റിയുടെ കണക്കുകളില്‍ നിന്ന് വെളിപ്പെടുന്നത്. അതോറിറ്റിയുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ നഷ്ടമായി കണക്കാക്കുന്നത് 529.20 കോടി രൂപയാണ്. സഞ്ചിത നഷ്ടം 4515.29 കോടി രൂപയും. 2022 മെയ് 31ലെ കണക്കനുസരിച്ച് ഗാര്‍ഹിക വിഭാഗം കണക്ഷനുകളില്‍ 70,049 മീറ്ററുകള്‍ പ്രവത്തനക്ഷമമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഗാര്‍ഹിക കണക്ഷനുകളുടെ 1.90 ശതമാനം വരും. എന്നാല്‍ 100 ശതമാനം സര്‍ച്ചാര്‍ജ് ഈടാക്കുന്നതിനാല്‍ കേടായ മീറ്ററുകള്‍ കൊണ്ട് കാര്യമായ നഷ്ടം ഉണ്ടാകുന്നില്ല.

വാട്ടര്‍ അതോറിറ്റിക്ക് വിവിധ ഇടങ്ങളില്‍ നിന്നായി 1845.04 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട്. ഇതില്‍ 375.75 കോടി രൂപ 100 കിലോ ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ നല്‍കാനുള്ളതാണ്. ഗാര്‍ഹിക വിഭാഗത്തില്‍ നിന്നും 231.03 കോടിയും ഗാര്‍ഹികേതര വിഭാഗത്തില്‍ നിന്ന് 607.40 കോടിയും പഞ്ചായത്തുകളില്‍ പൊതുടാപ്പുകളുടെ ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ 340.99 കോടിയും മുന്‍സിപ്പാലിറ്റികളില്‍ നിന്നും 429.69 കോടിയും കോര്‍പ്പറേഷനുകളില്‍ നിന്ന് 156.76 കോടിയും രൂപ കുടിശ്ശികയുണ്ട്. ഇതിന് പുറമേ, സ്‌പെഷ്യല്‍ വിഭാഗത്തില്‍ നിന്ന് 9.97 കോടിയും വ്യവസായ വിഭാഗത്തില്‍ നിന്നും 7.49 കോടിയും മറ്റുള്ളവ 61.71 കോടിയും രൂപ ഉള്‍പ്പെടുന്നു. കെ ജെ മാക്‌സി എം എല്‍ എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി റോഷി അഗസ്റ്റിനാണ് നിയമസഭയില്‍ ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്്തമാക്കിയത്.

 

Latest