Connect with us

National

അശ്ലീല വീഡിയോ ക്ലിപ്പുകള്‍ ചോര്‍ത്തി; പ്രജ്ജ്വല്‍ രേവണ്ണയുടെ മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍

ഹാസന്‍ കോടതിയും കര്‍ണാടക ഹൈക്കോടതിയും കാര്‍ത്തിക് ഗൗഡയുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു.

Published

|

Last Updated

ബെംഗളുരു| അശ്ലീലവീഡിയോ ക്ലിപ്പുകള്‍ ചോര്‍ത്തിയ കേസില്‍ പ്രജ്ജ്വല്‍ രേവണ്ണയുടെ മുന്‍ ഡ്രൈവര്‍ കാര്‍ത്തിക് ഗൗഡയെ അറസ്റ്റുചെയ്ത് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി). അശ്ലീല വീഡിയോ ക്ലിപ്പുകള്‍ ചോര്‍ത്തിയതിനാണ് കാര്‍ത്തിക് ഗൗഡയെ അറസ്റ്റ് ചെയ്തത്. ഹാസന്‍-മൈസൂര്‍ അതിര്‍ത്തിയിലെ ദേശീയ പാതയില്‍ വച്ചാണ് കാര്‍ത്തിക്കിനെ എസ് ഐ ടി പിടികൂടിയത്. കാര്‍ത്തിക്കിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ബെംഗളുരുവിലേക്ക് കൊണ്ടുപോയി.

പ്രജ്ജ്വലിന്റെ ലൈംഗികാതിക്രമ വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവുകള്‍ ബി.ജെ.പി നേതാവ് ദേവരാജെ ഗൗഡയ്ക്ക് കാര്‍ത്തിക് നല്‍കിയെന്നും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരാഴ്ച മുമ്പ് ഹാസന്‍ മണ്ഡലത്തില്‍ ഇത് പ്രചരിപ്പിച്ചെന്നുമാണ് കേസ്. കേസെടുത്ത് ഒരു മാസമായിട്ടും കാര്‍ത്തിക്കിനെ അറസ്റ്റ് ചെയ്യാത്തതില്‍ എസ്‌ഐടിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഹാസന്‍ കോടതിയും കര്‍ണാടക ഹൈക്കോടതിയും ഇയാളുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു.

വീഡിയോകള്‍ ചോര്‍ത്തിയതിന് കാര്‍ത്തികിനും മറ്റ് നാല് പേര്‍ക്കുമെതിരെ ഏപ്രില്‍ 23ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രജ്ജ്വല്‍ രേവണ്ണയുടെ ഡ്രൈവറായി ഏതാനും വര്‍ഷം ജോലിചെയ്ത കാര്‍ത്തിക് പിന്നീട് പ്രജ്ജ്വലുമായി തെറ്റിപ്പിരിയുകയായിരുന്നു.

അതേസമയം ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രജ്ജ്വല്‍ രേവണ്ണയെ എസ്‌ഐടി ഞായറാഴ്ചയും ചോദ്യം ചെയ്തു. പ്രജ്ജ്വലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

 

 

Latest