Connect with us

Career Education

പാചകം പഠിക്കാം പ്ലെയ്സ്മെൻ്റോടെ

ആഡംബര ജോലി ആഗ്രഹിക്കുന്നവർക്ക് അവസരങ്ങളുടെ ഖനി തീർക്കുകയാണ് ഹോസ്പിറ്റാലിറ്റി/ ഹോട്ടൽ മാനേജ്‌മെൻ്റ് കോഴ്സുകൾ

Published

|

Last Updated

പഞ്ചനക്ഷത്ര ഹോട്ടലുകളിൽ, ആഡംബര കപ്പലുകളിൽ, വിമാനത്താവളങ്ങളിലെ ലോഞ്ചുകളിൽ തുടങ്ങി ആഡംബര ജോലി ആഗ്രഹിക്കുന്നവർക്ക് അവസരങ്ങളുടെ ഖനി തീർക്കുകയാണ് ഹോസ്പിറ്റാലിറ്റി/ ഹോട്ടൽ മാനേജ്‌മെൻ്റ് കോഴ്സുകൾ. കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെൻ്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (എൻ സി എച്ച് എം) യുടെ അംഗീകാരത്തോടെ ഹോട്ടൽ മാനേജ്‌മെൻ്റ് കോഴ്‌സുകൾ പഠിപ്പിക്കുന്ന നിരവധി പ്രശസ്തമായ സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. മാസ്റ്റേഴ്‌സ്, ബാച്ചിലർ, പി ജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് എന്നിവയിലായി നിരവധി കോഴ്‌സുകൾ ലഭ്യമാണ്. പഠിച്ചിറങ്ങുന്നവർക്കെല്ലാം നൂറുശതമാനം പ്ലേസ്‌മെൻ്റ് ഉറപ്പാണ്.
ബാച്ചിലർ, മാസ്റ്റേഴ്‌സ് കോഴ്‌സുകൾക്ക് എൻ സി എച്ച് എം ടി നടത്തുന്ന ജെ ഇ ഇ പൊതുപ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ ലഭിക്കുക. പരീക്ഷ വിജയിച്ചാൽ 93 സ്ഥാപനങ്ങളിലേക്ക് അഡ്മിഷൻ നേടാം. ഈ വർഷത്തെ ബി എസ്‌സി പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന് ഏപ്രിൽ 27 വരെ അപേക്ഷിക്കാം. ഓൺലൈൻ വഴി നടത്തുന്ന പരീക്ഷക്ക് മൾട്ടിപ്പിൾ ചോയ്‌സ് ക്വസ്റ്റ്യൻസ് ആയിരിക്കും. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഈ പരീക്ഷ മെയ് 14ന് നടക്കും. ഇംഗ്ലീഷ് നിർബന്ധ വിഷയമായി പഠിച്ച് ഏതെങ്കിലും ഒരു സ്ട്രീമിലുള്ള പ്ലസ് ടു പാസ്സായ കുട്ടികൾക്കും ഫൈനൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ഏത് പ്രായക്കാർക്കും അപേക്ഷിക്കാം നിശ്ചിത വയസ്സ് നിബന്ധനയില്ല.
യു ജി, പി ജി അല്ലാത്ത മറ്റ് കോഴ്‌സുകൾക്ക് അതത് സ്ഥാപനങ്ങൾ നേരിട്ട് അഡ്മിഷൻ നടത്തുകയാണ് ചെയ്യുക. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും www.nchmjee.nta.nic.in സന്ദർശിക്കുക

കോഴ്‌സുകളുടെ പ്രത്യേകതകൾ
ബി എസ് സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർഥി 90 സെറ്റ് വിഭവങ്ങളുണ്ടാക്കാൻ പഠിക്കും. ഡിപ്ലോമക്കാർ ഇരുനൂറ്റമ്പതോളം വിഭവങ്ങളുടെ രുചി രഹസ്യങ്ങളാണ് സ്വന്തമാക്കുന്നത്. ബിരുദ വിദ്യാർഥി ഒന്നാംവർഷം വിവിധ ലോകരാജ്യങ്ങളിലെ ഭക്ഷണമുണ്ടാക്കി പഠിക്കും. രണ്ടാംവർഷം ഇന്ത്യൻ വിഭവം, മൂന്നാം വർഷം അറേബ്യൻ, മെഡിറ്ററേനിയൻ, ഇറ്റാലിയൻ അങ്ങനെ നീളുന്നു പട്ടിക. കോഴ്സ് പഠിച്ചിറങ്ങുന്നതോടെ ഏത് രാജ്യത്തിലെയും ഏത് വിഭവവും അനായാസം ഉണ്ടാക്കാൻ വിദ്യാർഥികൾക്ക് കഴിയും. ഇവരെ തേടി നിരവധി അവസരങ്ങളാണ് പുറത്ത് കാത്തിരിക്കുന്നത്.

കേരളത്തിലെ സ്ഥാപനങ്ങൾ
കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റ്
കോഴിക്കോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റ്
വയനാട്ടിലെ ലക്കിടിയിലുള്ള ഓറിയൻ്റഡ് സ്‌കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റ്.
ഇവിടെ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് മികച്ച പ്ലെയ്സ്‌മെൻ്റ് ലഭിക്കാറുണ്ട്.

അവസരങ്ങൾ
ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, റിസോർട്ടുകൾ, റെയിൽവേഴ്‌സ്, എയർലൈൻസ്, വിനോദ കപ്പലുകൾ, ഫുഡ് ഔട്ട്‌‌ലെറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഹോട്ടൽ മാനേജർ, എക്‌സിക്യൂട്ടീവ് ഷെഫ്, ഫ്രണ്ട് ഓഫീസ് റിസപ്ഷനിസ്റ്റ്, റെസ്റ്റോറൻ്റ് മാനേജർ, കിച്ചൻ സൂപ്പർവൈസർ, ഹോസ്പിറ്റാലിറ്റി, ഫുഡ് ആൻഡ് ബിവറേജസ് മാനേജർ, വെയിറ്റർ/വെയിട്രസ്, ബട്‌ലർ, ഹൗസ് കീപിംഗ് മാനേജർ, ബാർട്ടെൻ്റർ തുടങ്ങിയ അവസരങ്ങളുടെ കലവറയാണുള്ളത്. അധ്യാപന രംഗത്തും അവസരങ്ങൾ നിരവധിയാണ്.

മറ്റ് പഠന സാധ്യതകൾ
വിവിധ സർവകലാശാലകൾക്ക് കീഴിൽ കേരളത്തിൽ ബി എസ് സി ഹോട്ടൽ മാനേജ്‌മെൻ്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി പഠിക്കാവുന്നതാണ്. പത്താം ക്ലാസ്സ് പാസ്സായവർക്ക് കേരള ടൂറിസം വകുപ്പിന് കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കാം. ആറ് കോഴ്‌സുകൾ ഇവിടങ്ങളിൽ ലഭ്യമാണ്. ഇഷ്ടമുള്ള ബ്രാഞ്ച് തിരഞ്ഞെടുത്ത് വിദ്യാർഥികൾക്ക് പഠിക്കാം. കേരളത്തിലെ വയനാട്, പത്തനംതിട്ട ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രവർത്തിക്കുന്നുണ്ട്.
ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻ്റ് പഠനം ഉദ്ദേശിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന കോഴ്‌സുകൾ.

M Sc in Hospitality Administration
B Sc in Hospitality and Hotel Administration – Generic
Post Graduate Diploma in Accommodation Operations & Management
Post Graduate Diploma in Dietetics & Hospital Food Service
Diploma in Food Production
Diploma in Food & Beverage Service
Diploma in Front Office Operation
Diploma in Housekeeping Operation
Diploma in Bakery & Confectionery
Craftsmanship Certificate Course in Food Production & Patisserie
Craftsmanship Certificate Course in Food & Beverage Service

കരിയർ കൗൺസിലർ, വെഫി ഫോൺ: 9633872234

Latest