Connect with us

Ongoing News

പഠിക്കാം ചിട്ടയോടെ; പേടിയോടെയല്ല

പരീക്ഷാഹാളിൽ ചോദ്യപ്പേപ്പറിലെ ചോദ്യങ്ങളെ മൂന്ന് രീതികളിൽ തരം തിരിക്കാം. നന്നായി അറിയുന്നവ, ഭാഗികമായി അറിയുന്നവ, ഉത്തരം അറിയാത്തവ എന്നിങ്ങനെ.

Published

|

Last Updated

പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകന് പരീക്ഷയെ പേടിയാണ്- പരീക്ഷയെ എളുപ്പമായി കാണാനുള്ള നിർദേശങ്ങൾ പങ്കുവെക്കാമോ?
| മുഹമ്മദ് നാദാപുരം

പരീക്ഷയെ കുറിച്ചുള്ള ചെറിയ ഉത്കണ്ഠ കുട്ടികളിൽ സാധാരണമാണ്. എന്നാൽ, ഉത്ക്കണ്ഠ അധികമായാൽ അത് പ്രതികൂല ഫലം ആയിരിക്കും ഉണ്ടാക്കുക. പരീക്ഷ എന്നാൽ ഒരു വർഷത്തെ നമ്മുടെ പഠനം കൃത്യമായും ആസൂത്രിതമായും സമയത്തിനുള്ളിൽ ലഭിച്ച ചോദ്യങ്ങൾക്ക് വ്യക്തതയോടെ ഉത്തരം എഴുതുക എന്നതാണല്ലോ, അവനവന്റെ കഴിവുകൾക്ക് അനുസരിച്ച് സമയം നഷ്ടപ്പെടുത്താതെ ഗൗരവത്തോടെ പഠിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ ഈ പ്രക്രിയ വളരെ നല്ല രീതികളിൽ പൂർത്തിയാക്കാനും വിജയിക്കാനും ഉയർന്ന മാർക്കുകൾ കരസ്ഥമാക്കാനും സാധിക്കും.

നമ്മുടെ സ്വഭാവത്തിന് അനുസൃതമായി വേണം പഠന സമയം ചിട്ടപ്പെടുത്താൻ. ചില കുട്ടികൾനേരത്തേ ഉറക്കം വരുന്ന സ്വഭാവക്കാരായിരിക്കാം. ഇക്കൂട്ടർ രാത്രി ഉറക്കമിളിച്ച് പഠിക്കുന്നതിനേക്കാൾ സൗകര്യപ്രദമായ സമയം അതിരാവിലെ ആകുമെന്നതിനാൽ അത് തിരഞ്ഞെടുക്കുന്നത് ആയിരിക്കും ഉചിതം. ചിലർക്കാവട്ടെ രാത്രി കൂടുതൽ സമയം ഇരിക്കാനാവും താത്പര്യം, ആ കൂട്ടർക്ക് അങ്ങനെയും ആവാം.

പഠിക്കുന്ന സമയത്ത് തയ്യാറാക്കുന്ന ചെറുകുറിപ്പുകൾ ആവർത്തിച്ചു വായിച്ച് ആശയം പൂർണമായും തെളിഞ്ഞു വരുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിലൂടെ ആത്മവിശ്വാസം ഉയർത്താൻ സഹായിക്കും. ഇതിലൂടെ വ്യക്തതയോടെ കാര്യങ്ങൾ ഓർത്തിരിക്കാനുള്ള കഴിവിനെ പരിപോഷിപ്പിക്കുകയും ആവാം. പരീക്ഷ അടുത്തിരിക്കുന്ന വേളയിൽ ഒരു നിശ്ചിത സമയത്ത് റിവിഷൻ എന്നതിന് പകരം സമയം കിട്ടുമ്പോഴൊക്കെ എവിടെ നിന്ന് റിവിഷൻ എന്ന വ്യത്യസ്ത രീതി ആസ്വദിച്ച് ചെയ്യാം.
പരീക്ഷാ സമയത്ത് കുട്ടികൾ ഏറ്റവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങണം. പരീക്ഷാകാലത്ത് കഴിക്കുന്ന ആഹാര ക്രമത്തിലും വേണം നല്ല ശ്രദ്ധ.

മത്സ്യ മാംസങ്ങൾക്ക് പകരം ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താം, ചായ കാപ്പിക്ക് പകരമായി പഴച്ചാറുകളും സൂപ്പുകളും കഴിക്കുന്നത് ശരീരത്തെയും മനസ്സിനെയും ഊർജസ്വലമാക്കാൻ ഉപകരിക്കും. ഇഷ്ടം, പ്രാധാന്യം എന്നിവ അനുസരിച്ച് പഠിക്കാനുള്ള വിഷയങ്ങളെ തരംതിരിച്ച് സമയം ക്രമീകരിക്കുന്നത് പഠനം എളുപ്പമാക്കും.
ഓർമശക്തിക്കൊപ്പം വേഗതയും കൂട്ടിക്കിട്ടുവാനുള്ള മാർഗങ്ങൾ അവലംബിക്കണം. കൃത്യസമയത്തിനുള്ളിൽ പഠിച്ച ഭാഗങ്ങൾ മാർക്കിനനുസരിച്ച് എഴുതി ഫലിപ്പിക്കുകയാണല്ലോ പരീക്ഷ, അതിനാൽ മുൻകാല ചോദ്യപ്പേപ്പറുകൾ സമയബന്ധിതമായി ചെയ്തു ശീലിക്കൽ പ്രധാനമാണ്.

വീട്ടിലുള്ളവരും ശ്രദ്ധിക്കണം
ആവശ്യത്തിലധികം മക്കളെ പുകഴ്ത്തി സംസാരിക്കുന്നതും ആത്മവിശ്വാസം തകർക്കുന്ന രീതിയിൽ കുറ്റപ്പെടുത്തുന്നതും താരതമ്യം ചെയ്യലും നല്ലതല്ല. നമ്മുടെ കുട്ടികളുടെ മാനസിക സമ്മർദം കൂട്ടാൻ മാത്രമാണ് ഇവ രണ്ടും ഉപകരിക്കുക. ആദ്യത്തെ വിഭാഗത്തിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ പറ്റുമോ എന്ന ആശങ്കയും രണ്ടാമത്തെ വിഭാഗക്കാരിൽ ഇനിയും ഞാൻ കഷ്ടപ്പെട്ട് പഠിച്ചിട്ട് എന്ത് കാര്യം എന്ന തോന്നലും ഉണ്ടാക്കാനേ ഇത് ഉപകരിക്കു. പരീക്ഷാകാലത്ത് കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും വലിയ സഹായം വീട്ടിനകത്ത് സമാധാന അന്തരീക്ഷം നിലനിർത്തുക എന്നതാണ്.

മുതിർന്നവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളും ഒഴിവാക്കുക, ടി വി, സിനിമ എന്നിവയുടെ ഉപയോഗം കുറക്കുക, ബന്ധു, വിരുന്ന് സന്ദർശനം ഒഴിവാക്കുക എന്നിവ ചെയ്യുന്നതിലൂടെ നമ്മളും അവരോടൊപ്പം ഉണ്ട് എന്ന തോന്നൽ കുട്ടികളിൽ ഉണർത്താനും മാനസിക പിന്തുണ നൽകി അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും ആവും. കുട്ടികൾക്ക് എല്ലാ വിഷയവും ഒരേ പോലെ താത്പര്യപ്പെട്ടത് ആവണമെന്നില്ല. ചില കുട്ടികൾക്ക് ചില വിഷയങ്ങളിൽ പ്രത്യേക താത്പര്യം ഉണ്ടാവും.
എന്നാൽ ഉന്നത പഠനപ്രവേശനത്തിന് എല്ലാ വിഷയങ്ങളുടെ മാർക്കുകളും പരിഗണിക്കും എന്നുള്ളത് വസ്തുതയാണ്. അവിടെ നമുക്ക് ഇഷ്ടപ്പെട്ട വിഷയങ്ങൾ മാത്രം തിരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരം ഉണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്യാം.

പരീക്ഷാഹാളിൽ ചോദ്യപ്പേപ്പറിലെ ചോദ്യങ്ങളെ മൂന്ന് രീതികളിൽ തരം തിരിക്കാം. നന്നായി അറിയുന്നവ, ഭാഗികമായി അറിയുന്നവ, ഉത്തരം അറിയാത്തവ എന്നിങ്ങനെ. ആദ്യം നന്നായി അറിയുന്നവ തിരഞ്ഞെടുത്ത് എഴുതുന്നതിലൂടെ ആത്മവിശ്വാസം ഉയരുകയും ഭാഗികമായി അറിയുന്നതു കൂടി നല്ല രീതിയിൽ എഴുതി ഫലിപ്പിക്കാനും ആവും. എല്ലാവർക്കും വിജയാശംസകൾ.

ഉന്നത പഠനം, പരീക്ഷകൾ, പ്രവേശനം, തൊഴിൽ സംബന്ധമായ സംശയങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുന്നു. ചോദ്യങ്ങൾ ഇമെയിൽ, വാട്സ്ആപ്പ് വഴി അയക്കാം.
9349918816

ചീഫ് കരിയർ കൗൺസിലർ, സിജി ചേവായൂർ

Latest