Connect with us

Driving Licence

ലൈസൻസിനായി കാത്ത് ലേണേഴ്‌സുകാർ

ഡ്രൈവിംഗ് ടെസ്റ്റിനുള്ള അവസരം നാളെയോടെ അവസാനിക്കും. സ്‌പെഷ്യൽ ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തണം

Published

|

Last Updated

കണ്ണൂർ | ലേണേഴ്‌സ് പാസ്സായവരുടെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള അവസരം നാളെ അവസാനിക്കുന്നതോടെ ലൈസൻസ് കിട്ടാൻ ഇനിയും കാത്തിരിക്കണം. ഇതോടെ പാസ്സായവർ വീണ്ടും പണമടച്ച് ടെസ്റ്റെടുക്കേണ്ട അവസ്ഥയാണ്. 2020 ഫെബ്രുവരി മുതൽ ലേണേഴ്‌സ് ടെസ്റ്റ് പാസ്സായി ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ മോട്ടോർ വാഹന ഓഫീസുകളിലും ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നവരുടെ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ഒരു ദിവസം 120 സ്ലോട്ടുകളാണ് ടെസ്റ്റിനായി അനുവദിക്കുന്നത്. അതിനാൽ എല്ലാവർക്കും സമയം ലഭിക്കുന്നില്ല. ആഴ്ചയിൽ അഞ്ച് ദിവസമാണ് ടെസ്റ്റ് നടക്കുന്നതെങ്കിലും പല സ്ഥലങ്ങളിലും ഇത് രണ്ടോ മൂന്നോ ദിവസമാക്കി ചുരുക്കുന്നതും അപേക്ഷകരെ വലക്കുന്നുണ്ട്. കണ്ണൂർ ജില്ലയിൽ മാത്രം മുപ്പതിനായിരത്തോളം അപേക്ഷകരാണ് ടെസ്റ്റിന് വേണ്ടി കാത്തിരിക്കുന്നത്. സ്ലോട്ട് കിട്ടാത്തവർ പണം ചെലവാക്കി വീണ്ടും ലേണേഴ്‌സിന് ഓൺലൈനായി അപേക്ഷ പുതുക്കണം. എന്നാൽ ഇവർ പരീക്ഷ എഴുതേണ്ടതില്ല. ബൈക്ക്, കാർ എന്നിവക്ക് 1,500 രൂപ മുതലാണ് ഫീസടക്കേണ്ടത്.

ഒരു വർഷമായി ഫീസടച്ച് കാത്തിരിക്കുന്നവരാണ് വീണ്ടും പണമടക്കേണ്ടി വരുന്നത്. ലേണേഴ്‌സ് എടുത്ത് ഡ്രൈവിംഗ് ടെസ്റ്റ് എടുക്കുന്നതിനുള്ള പരമാവധി ഇടവേള ആറ് മാസമാണ്. ആദ്യ ലോക്ക്ഡൗണിന് ശേഷം സമയം നൽകിയിരുന്നെങ്കിലും രണ്ടാം ലോക്ക്ഡൗണിന് ശേഷം ഇതു സംബന്ധിച്ച് നിർദേശങ്ങളൊന്നുമുണ്ടായില്ല. ടെസ്റ്റ് സംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാറാണ് പുറപ്പെടുവിക്കേണ്ടത്. അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് അധിക ബാച്ചായി ടെസ്റ്റ് നടത്താൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവിംഗ് സ്‌കൂളുകൾ കേന്ദ്ര- സംസ്ഥാന സർക്കാറിന് നിവേദനം നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. മൊബൈൽ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്‌പെഷ്യൽ ടെസ്റ്റുകൾ നടത്തി അപേക്ഷകരുടെ ദുരിതം ഒഴിവാക്കിക്കൊടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

---- facebook comment plugin here -----

Latest