Connect with us

hamas- israel war

ഇസ്റാഈൽ വ്യോമാക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ്

അഞ്ച് സ്ഥലങ്ങളിലായി നടന്ന വ്യോമാക്രമണത്തിലാണ് വിദേശികൾ അടക്കം ബന്ദികൾ കൊല്ലപ്പെട്ടതെന്ന് ഹമാസ്

Published

|

Last Updated

ഗസ്സ സിറ്റി |  ഗസ്സയിൽ ഇസ്റാഈൽ വ്യോമാക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ ഗസ്സ മുനമ്പിൽ തടവിലാക്കപ്പെട്ട 13 ഇസ്റാഈലികളും വിദേശികളും കൊല്ലപ്പെട്ടതായാണ് ഹമാസ് സായുധ വിഭാഗമായ ഇസെദീൻ അൽ-ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചത്.

അഞ്ച് സ്ഥലങ്ങളിലായി നടന്ന വ്യോമാക്രമണത്തിലാണ് ബന്ദികൾ കൊല്ലപ്പെട്ടതെന്ന് ഹമാസ് അറിയിച്ചു. ഒക്‌ടോബർ ഏഴിന് ഇസ്റാഈലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ 150 ഓളം പേരെയാണ് ബന്ദികളാക്കിയത്. മുന്നറിയിപ്പില്ലാതെ സാധാരണക്കാരുടെ വീടുകൾക്ക് നേരെ ഇസ്റാഈൽ ബോംബെറിഞ്ഞാൽ ബന്ദികളെ കൊല്ലുമെന്ന് ഹമാസ് ഭീഷണി മുഴക്കിയിരുന്നു.

വടക്കൻ ഗസ്സ മുനമ്പിലെ മുഴുവൻ ജനങ്ങളും 24 മണിക്കൂറിനകം ഫലസ്തീന്റെ തെക്കൻ പ്രദേശത്തേക്ക് മാറണമെന്ന് ഇസ്റാഈൽ അന്ത്യശാസനം നൽകിയിട്ടുണ്ട്. ഇസ്റാഈൽ. ഐക്യരാഷ്ട്ര സഭയെയാണ് ഇസ്റാഈൽ ഇക്കാര്യം അറിയിച്ചത്. ഗസ്സ മുനമ്പിലെ 1.1 ദശലക്ഷ‌ം ആളുകൾക്കാണ് മുന്നറിയിപ്പ് നൽകിയത്.

അതേസമയം, ജനം വടക്കൻ ഗസ്സയിലേക്ക് നീങ്ങണമെന്ന ഇസ്റാഈൽ മുന്നറിയിപ്പ് ഹമാസ് തള്ളി. ഇസ്റാഈലിന്റെ മുന്നറിയിപ്പ് മനഃശാസ്ത്രപരമായ യുദ്ധമാണെന്നും അത് അനുസരിക്കേണ്ടതില്ലെന്നും ഹമാസ് വ്യക്തമാക്കി.

Latest