Kerala
സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു, പല കാര്യങ്ങളും തിരുത്താതെ കേരളത്തില്‍ ബി ജെ പിക്ക് രക്ഷയില്ല: ഇ ശ്രീധരന്‍
മലപ്പുറം | താന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും പരാജയത്തില്‍ നിന്ന് പാഠം പഠിച്ചെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍. പല കാര്യങ്ങളും തിരുത്താതെ കേരളത്തില്‍ ബി ജെ പിക്ക് രക്ഷയില്ല. ഞാന്‍ രാഷ്ട്രീയത്തിലിറങ്ങിയത് സജീവ രാഷ്ട്രീയക്കാരനായിട്ടല്ല, ബ്യൂറോക്രാറ്റായിട്ടാണ്. രാഷ്ട്രീയത്തില്‍ തന്റെ ഏറ്റവും പ്രായമേറിയ കാലത്താണ് ചേര്‍ന്നത്. അതിന് മുമ്പ് പല തവണയായി തനിക്ക് രാജ്യസേവനത്തിന് അവസരം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ ഇ ശ്രീധരന്‍ പാലക്കാട്ട് നിന്ന് മത്സരിച്ച് ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടിരുന്നു. പാലക്കാട്ട് അവസാന നിമിഷം വരെ ഇ ശ്രീധരന്‍ പൊരുതി നിന്നത് മാത്രമായിരുന്നു തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കുണ്ടായ ഏക പ്രതീക്ഷ. മുഖ്യമന്ത്രിയാകാനും തയാറെന്നടക്കമുള്ള നിരവധി പ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് കാലത്ത് നിറഞ്ഞുനിന്നിരുന്നു ഇ ശ്രീധരന്‍. തനിക്ക് രാഷ്ട്രീയത്തില്‍ പല പദ്ധതികളും പ്ലാനുമുണ്ട് എന്ന് പല തവണ അദ്ദേഹം പറഞ്ഞിരുന്നു.