Uae
ലെബനാന്‍ കാമ്പയിന്‍: ആദ്യവാരം ശേഖരിച്ചത് 110 ദശലക്ഷം
ഭക്ഷണം, മെഡിക്കല്‍ സപ്ലൈസ്, പാര്‍പ്പിട ഉപകരണങ്ങള്‍, മറ്റ് ദുരിതാശ്വാസ സാമഗ്രികള്‍ എന്നിവ നല്‍കുന്നതിനാണ് പൊതുജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത്.
അബൂദബി | ലെബനാനിലെ ജനങ്ങളെ സഹായിക്കുന്നതിന് യു എ ഇ ആരംഭിച്ച രണ്ടാഴ്ചത്തെ സഹായ കാമ്പയിനിന്റെ ആദ്യ ആഴ്ചയില്‍ 110 മില്യണ്‍ ദിര്‍ഹം സമാഹരിച്ചു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം ആരംഭിച്ച കാമ്പയിനില്‍ ഭക്ഷണം, മെഡിക്കല്‍ സപ്ലൈസ്, പാര്‍പ്പിട ഉപകരണങ്ങള്‍, മറ്റ് ദുരിതാശ്വാസ സാമഗ്രികള്‍ എന്നിവ നല്‍കുന്നതിനാണ് പൊതുജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത്.
അടിയന്തര സഹായമായി 100 മില്യണ്‍ ഡോളറും സിറിയയിലെ ലെബനീസ് അഭയാര്‍ഥികള്‍ക്ക് 30 മില്യണ്‍ ഡോളറും യു എ ഇ നേരത്തെ അനുവദിച്ചിട്ടുണ്ട്. അതോടൊപ്പം 450 ടണ്‍ സഹായ സാമഗ്രികള്‍ കയറ്റിയ പത്ത് ദുരിതാശ്വാസ വിമാനങ്ങളും അയച്ചു. ഒക്ടോബര്‍ 21 തിങ്കളാഴ്ച വരെയാണ് രാജ്യം കാമ്പയിന്‍ നടത്തുന്നത്.
ലെബനാന്‍ പതാക വഹിച്ച് ലാന്‍ഡ് മാര്‍ക്കുകള്‍
ലെബനാന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ശക്തമായ പ്രകടനത്തിന്റെ ഭാഗമായി ലെബനാന്‍ പതാകയും ഭൂപടവും വഹിച്ച് യു എ ഇയിലെ ബഹുനില കെട്ടിടങ്ങള്‍. ബുര്‍ജ് ഖലീഫ, മുബദാല ടവര്‍, അഡ്‌നോക് ബില്‍ഡിംഗ് എന്നിവയുള്‍പ്പെടെയുള്ള നിരവധി ഐക്കണിക് കെട്ടിടങ്ങള്‍ കാമ്പയിനില്‍ പങ്കെടുത്തു.
ഇതിന്റെ ഭാഗമായി ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ ഒക്ടോബര്‍ 19 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ മാനുഷിക ശേഖരണ പരിപാടി സംഘടിപ്പിക്കും. ദി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍, ഷാര്‍ജ ചാരിറ്റി അസോസിയേഷന്‍, ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ഫിലാന്ത്രോപിക് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് സംരംഭം.