National
ഇടത് പക്ഷത്തിന്റെ വെളിച്ചം, വേറിട്ട ശബ്ദം: യെച്ചൂരിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് പ്രധാന മന്ത്രിയും രാഷ്ട്രപതിയും
രാഷ്ട്രീയ മേഖലയെ പരസ്പരം ഇണക്കി ചേര്‍ക്കുന്നതില്‍ മികവ് പുലര്‍ത്തിയ നേതാവെന്ന് പ്രധാന മന്ത്രി. പാര്‍ട്ടി അതിര്‍ത്തികള്‍ക്കതീതമായ സൗഹൃദ വലയമുണ്ടാക്കാന്‍ യെച്ചൂരിക്ക് സാധിച്ചുവെന്ന് രാഷ്ട്രപതി.
ന്യൂഡല്‍ഹി | സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇടത് പക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് പ്രധാന മന്ത്രി പ്രതികരിച്ചു. രാഷ്ട്രീയ മേഖലയെ പരസ്പരം ഇണക്കി ചേര്‍ക്കുന്നതില്‍ മികവ് പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം. മികച്ച പാര്‍ലിമെന്റേറിയനായിരുന്നു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മോദി പറഞ്ഞു.
സീതാറാം യെച്ചൂരിയുടെ വിയോഗ വാര്‍ത്ത വേദനാജനകമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. ‘വിദ്യാര്‍ഥി നേതാവ്, ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാവ്, പാര്‍ലിമെന്റേറിയന്‍ എന്നീ നിലകളിലെല്ലാം വേറിട്ടതും സ്വാധീനശക്തിയുള്ളതുമായ ശബ്ദമായിരുന്നു യെച്ചൂരി. പ്രത്യയശാസ്ത്രത്തില്‍ പ്രതിജ്ഞാബദ്ധനായിരുന്നിട്ടും പാര്‍ട്ടി അതിര്‍ത്തികള്‍ക്കതീതമായ സൗഹൃദ വലയമുണ്ടാക്കാന്‍ യെച്ചൂരിക്ക് സാധിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാര്‍ട്ടി അണികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.’- രാഷ്ട്രപതി പറഞ്ഞു.
അറിവിലും ആശയഗതികളിലും ശ്രദ്ധേയമായ അനുഭവ സമ്പത്തുള്ള സമുന്നതനായ പാര്‍ലിമെന്റേറിയനായിരുന്നു സീതാറാം യെച്ചൂരിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുസ്മരിച്ചു. ‘യെച്ചൂരി എന്റെ സുഹൃത്തായിരുന്നു. അനവധി തവണ ഞങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ദുഃഖാര്‍ത്തരായ കുടുംബത്തിനെയും അദ്ദേഹത്തിന്റെ അനുയായികളെയും അനുശോചനം അറിയിക്കുന്നു.’- രാജ്‌നാഥ് സിങ് പറഞ്ഞു.