Connect with us

From the print

ബിഹാറിലെ ഇടത് പ്രതീക്ഷകൾബിഹാറിലെ ഇടത് പ്രതീക്ഷകൾ

ഏതെങ്കിലും ഒരു സീറ്റ് വിജയിച്ചാൽ 20 വർഷത്തെ കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ കാത്തിരിപ്പിനാണ് വിരാമമാകുക

Published

|

Last Updated

ഇന്ത്യ സഖ്യത്തിന്റെ ധാരണ പ്രകാരം അഞ്ച് സീറ്റുകളാണ് ബിഹാറിൽ ഇടത് പാർട്ടികൾക്ക് ലഭിച്ചത്. മൂന്നെണ്ണത്തിൽ സി പി ഐ (എം എൽ)ലും ഒരോ സീറ്റുകളിൽ സി പി ഐയും സി പി എമ്മും മത്സരിക്കുന്നു. ഇവയിൽ ഏതെങ്കിലും ഒരു സീറ്റ് വിജയിച്ചാൽ 20 വർഷത്തെ കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ കാത്തിരിപ്പിനാണ് വിരാമമാകുക. 1999ൽ ഭഗൽപൂരിൽ നിന്ന് വിജയിച്ച സി പി എമ്മിന്റെ സുബോധ് റായ് ആണ് ബിഹാറിൽ നിന്ന് ലോക്സഭയിലെത്തിയ അവസാന ഇടത് പ്രതിനിധി. അതിനു ശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ ഇടത് പാർട്ടികൾ പരാജയപ്പെട്ടു. ബിഹാർ നിയമസഭയിൽ സി പി ഐ (എം എൽ)ന് 11  എം എൽ എമാരുണ്ട്.

സി പി ഐ, സി പി എം കക്ഷികൾക്ക് രണ്ട് പേരും. ഗിരിരാജിനെ വീഴ്ത്താൻ ഇടത് കോട്ടയായിരുന്ന ബെഗുസരായിൽ സി പി ഐയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ, ജെ എൻ യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാറാണ് ഇവിടെ നിന്ന് സി പി ഐ ടിക്കറ്റിൽ മത്സരിച്ചത്. കേന്ദ്രമന്ത്രിയായിരുന്ന ഗിരിരാജ് സിംഗായിരുന്നു എതിരാളി. പോരാട്ടം കനത്തെങ്കിലും 56 ശതമാനം വോട്ട് നേടി ഗിരിരാജ് ജയിച്ചു. കനയ്യ  പിന്നീട് കോൺഗ്രസ്സിലെത്തി. ഇക്കുറിയും ഗിരിരാജ് സിംഗാണ് മത്സരിക്കുന്നത്്. സി പി ഐക്ക് വേണ്ടി അവധേഷ് കുമാർ റായ് യാദവ് മത്സര രംഗത്തുണ്ട്. മണ്ഡലം ഉൾക്കൊള്ളുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ 2020ലെ തിരഞ്ഞെടുപ്പിൽ രണ്ടെണ്ണം നേടിയ ആത്മവിശ്വാസം സി പി ഐക്കുണ്ട്. രണ്ടെണ്ണം ആർ  ജെ ഡിയും കൈവശം വെക്കുന്നു. രണ്ട് സീറ്റുകൾ ബി ജെ പിക്കും ഒന്ന് എൽ ജെ പിക്കുമാണ് ലഭിച്ചത്. മുസ്‌ലിം, മഹ്‌തോ, പാസ്വാൻ, യാദവ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് ഈ മണ്ഡലത്തിൽ സ്വാധീനമുണ്ട്. നാലാം ഘട്ടത്തിലാണ് ബെഗുസരായിൽ വോട്ടെടുപ്പ്.

മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഖഗാരിയ മണ്ഡലത്തിലാണ് സി  പി എം മത്സരിക്കുന്നത്. പാർട്ടിയുടെ സഞ്ജയ് കുമാർ കുശ്‌വാഹയും എൽ ജെ പിയുടെ രാജേഷ് വർമയുമാണ് സ്ഥാനാർഥികൾ. എൽ ജെ പിയുടെ ചൗധരി മെഹ്ബൂബ് അലി കൈസറാണ് കഴിഞ്ഞ തവണ ജയിച്ചത്. അടുത്തിടെ അദ്ദേഹം ആർ ജെ ഡിയിലെത്തി. ഖഗാരിയ മണ്ഡലം ഉൾക്കൊള്ളുന്ന ആറ് നിയമസഭാ സീറ്റുകളിൽ 2020ൽ മൂന്നെണ്ണം ആർ  ജെ ഡിയും ഒന്ന് കോൺഗ്രസ്സും നേടി. രണ്ട് സീറ്റുകൾ ജെ ഡി യുവിനാണ്. യാദവ വിഭാഗത്തിനാണ് മണ്ഡലത്തിൽ സ്വാധീനം. മൊത്തം വോട്ടർമാരുടെ  14.6 ശതമാനം യാദവ വിഭാഗമാണ്. മുസ്‌ലിം, സിംഗ് വിഭാഗങ്ങൾക്കും ശക്തിയുണ്ട്. സി പി ഐ (എം എൽ) പ്രതീക്ഷ സംസ്ഥാനത്തെ ഏറ്റവും വലിയ ഇടത് പാർട്ടിയായ സി പി ഐ (എം എൽ) അർറാ, കർക്കാട്ട്, നളന്ദ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഇവിടങ്ങളിൽ ഏഴാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. അർറാ മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റുകളിൽ രണ്ടെണ്ണം സി പി ഐ(എം എൽ)ഉം മൂന്നെണ്ണം ആർ ജെ ഡിയും രണ്ട് സീറ്റ് ബി ജെ പിയുമാണ് നേടിയത്. ആർ ജെ ഡിയുടെ ശക്തികേന്ദ്രമാണ് കർക്കാട്ട്. ആകെയുള്ള ആറ് നിയമസഭാ സീറ്റുകളിൽ 2020ൽ ഒന്ന് സി പി ഐ (എം എൽ)ഉം അഞ്ചെണ്ണം ആർ ജെ ഡിയുമാണ് സ്വന്തമാക്കിയത്. ബി ജെ പിക്കും ജെ ഡി യുവിനും ശക്തിയുള്ള മണ്ഡലമാണ് നളന്ദ. തൊഴിലില്ലായ്മ, വിലക്കയറ്റം, വർധിച്ചു വരുന്ന അസമത്വം, രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നിവയിൽ ജനങ്ങൾ അസന്തുഷ്ടരും രോഷാകുലരുമാണെന്ന് ഇടത് പാർട്ടികൾ വിലയിരുത്തുന്നു.

---- facebook comment plugin here -----

Latest