Political Crisis in Bihar
ബിഹാറില്‍ ഇടത് പാര്‍ട്ടികള്‍ മന്ത്രിസഭയിലേക്കില്ല: പുറത്ത് നിന്ന് പിന്തുണക്കും
പുറത്ത് നിന്ന് ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ദീപാങ്കര്‍ ഭട്ടാചാര്യ
പാറ്റ്ന | ബിഹാറില്‍ നീതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം ഇന്ന് അധികാരമേല്‍ക്കാനിരിക്കെ ഇടതുപാര്‍ട്ടികള്‍ മന്ത്രിസഭയില്‍ ചേര്‍ന്നെക്കില്ലെന്ന് റിപ്പോര്‍ട്ട്. ബി ജെ പിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ നിതീഷ് കുമാറിനെ പുറത്ത് നിന്ന് പിന്തുണക്കും.
ഞങ്ങള്‍ മന്ത്രിസഭയുടെ ഭാഗമാവില്ല. പുറത്ത് നിന്ന് ഞങ്ങള്‍ ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുമെന്ന് മഹാസഖ്യത്തിലുള്ള സി പി ഐ എം എല്‍ ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. 12 എം എല്‍ മാരാണ് ഇവര്‍ക്ക് ബിഹാറിലുള്ളത്. മന്ത്രിസഭയെ പുറത്ത് നിന്ന് പിന്തുണക്കാനാണ് സി പി എമ്മിന്റേയും സി പി ഐയുടേയും തീരുമാനം. രണ്ട് പാര്‍ട്ടികള്‍ക്കും രണ്ട് വീതം എം എല്‍ എമാരാണ് ബിഹാറിലുള്ളത്.
അതേ സമയം മഹാസഖ്യത്തിലെ മറ്റൊരു കക്ഷിയായ കോണ്‍ഗ്രസിന് നാല് മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ചെറുപാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ പരിഗണന ലഭിക്കുമെന്നാണ് വിവരം.