Connect with us

local body byelection

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ നേട്ടം ഇടതിന്; എല്‍ ഡി എഫ് 16, യു ഡി എഫ് 13, ബി ജെ പി ഒന്ന്

എല്‍ ഡി എഫ് മൂന്ന് വാര്‍ഡും യു ഡി എഫ് രണ്ട് വാര്‍ഡും പിടിച്ചെടുത്തു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് നേട്ടം. എല്‍ ഡി എഫ് 16സീറ്റിലും യു ഡി എഫ് 13 സീറ്റിലും ബി ജെ പി ഒരു സീറ്റിലും വിമതന്‍ ഒരു സീറ്റിലും വിജയിച്ചു. ഉപതിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമായിരുന്ന കൊച്ചി കോര്‍പറേഷനിലും പിറവം നഗരസഭയിലും എല്‍ ഡി എഫും ഇരിങ്ങാലക്കുട നഗരസഭയിലും ഉണ്ണിക്കുളം പഞ്ചായത്തിലും യു ഡി എഫും ഭരണം നിലനിര്‍ത്തി. ഇവിടെ മുന്നണികള്‍ സിറ്റിംഗ് സീറ്റുകളില്‍ ജയിച്ച് കയറുകയായിരുന്നു. എല്‍ ഡി എഫ് മൂന്ന് വാര്‍ഡ് യു ഡി എഫില്‍ നിന്ന് പിടിച്ചെടുത്തപ്പോള്‍ യു ഡി എഫ് രണ്ട് വാര്‍ഡും ബി ജെ പി ഒരു വാര്‍ഡും എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുത്തു. ആലപ്പുഴ അരൂര്‍. പാലക്കാട് ശ്രീകൃഷ്ണപുരം, കോഴിക്കോട് നന്മണ്ട ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എല്‍ ഡി എഫ് വിജയിച്ചു.

കൊച്ചി കോര്‍പറേഷന്‍ ഭരണത്തില്‍ നിര്‍ണായകമായ ഗാന്ധിനഗര്‍ വാര്‍ഡ് എല്‍ ഡി എഫ് വന്‍ ഭൂരിഭക്ഷത്തില്‍ നിലനിര്‍ത്തി. സി പി എമ്മിലെ ബിന്ദു ശിവന്‍ കോണ്‍ഗ്രസിലെ പി ഡി മാര്‍ട്ടിനെ 687 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പിച്ചു. സിപിഎമ്മിലെ കെശിവന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
പിറവം നഗരസഭയിലെ ഇടപ്പള്ളിച്ചിറ വാര്‍ഡിലേക്ക് നടന്ന വാശിയേറിയ ഉപതിരഞ്ഞെടുപ്പില്‍ 26 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ ഡി എഫിലെ ഡോ അജേഷ് മനോഹര്‍ വിജയിച്ചത്. ഇവിടെ എല്‍ ഡി എഫിനും യുഡിഎഫിനും തുല്യ അംഗബലമായതിനാല്‍ 14-ാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിന് ഏറെ വീറും വാശിയുമുണ്ടായിരുന്നു.

ഇരിങ്ങാലക്കുട നഗരസഭയിലെ 18-ാം വാര്‍ഡായ ചാലാംപടം ഉപതിരഞ്ഞെടുപ്പില്‍ 151 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു ഡി എഫ് വിജയിച്ചു. നഗരസഭയിലെ യു ഡി എഫിനും എല്‍ഡിഎഫിനും അംഗബലം തുല്യമായതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണം പിടിക്കാന്‍ ഇരുകൂട്ടര്‍ക്കും നിര്‍ണായകമായിരുന്നു.
നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിച്ച കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോട് വാര്‍ഡ് യുഡിഎഫ് വിജയിച്ചു. 530 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്ലിം ലീഗിലെ ഒ എം ശശീന്ദ്രന്‍ വിജയിച്ചത്.

കോട്ടയം കാണക്കാരി പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് ലഭിച്ചു. കളരിപ്പടി വാര്‍ഡില്‍ 338 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ് വിജയിച്ചു. സി പി എമ്മിലെ വി ജി അനില്‍കുമാറാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് സി പി എം പിടിച്ചെടുക്കുകയായിരുന്നു.

മാഞ്ഞൂര്‍ പഞ്ചായത്തിലെ 12 ാം വാര്‍ഡായ മാഞ്ഞൂര്‍ സെന്‍ട്രലില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ സുനു ജോര്‍ഡ് 252 വോട്ടിന് വിജയിച്ചു. സീറ്റ് യുഡിഎഫ് നിലനിര്‍ത്തുകയായിരുന്നു കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.കെ ബാബു എല്‍ഡിഎഫിലെ കെ .വി സുഹാസിനെ 116 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി.

പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍ ഡിവിഷനില്‍ യുഡിഎഫ് വിജയിച്ചു. മുസ്ലിം ലീഗിലെ അബ്ദുള്‍സത്താര്‍ 710 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ വെട്ടുകട് വാര്‍ഡില്‍ 1490 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി പി എമ്മിലെ ക്ലൈനസ് റൊസാരിയ വിജയിച്ചു.
തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ആര്‍ എസ് പിയിലെ പ്രദീപ്കുമാര്‍ 317 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

രാജാക്കാട് പഞ്ചായത്തിലെ കുരിശുംപടി വാര്‍ഡില്‍ യു ഡി എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിന്‍സ് തോമസ് 429 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി പി ഐ സ്ഥാനാര്‍ഥിയെ തോല്‍പിച്ചു.ഒങ്ങല്ലൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ സി പി എമ്മിലെ കെ അശോകന്‍ 380 വോട്ടിന് ബി ജെ പി സ്ഥാനാര്‍ഥിയെ തോല്‍പിച്ചു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ആകെ 72 വോട്ടാണ്. എരുത്തുംപതി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ സി പി എം സ്ഥാനാര്‍ഥി 169 വോട്ടിന് ബി ജെ പി സ്ഥാനാര്‍ഥിയെ തോല്‍പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവിടെ മൂന്നാം സ്ഥാനത്തായി.

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. വിജയം 47 വോട്ടിന്. പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ സിപിഎമ്മിലെ സോമദാസന്‍ 1381 വോട്ടിന് വിജയിച്ചു.

 

Latest