Connect with us

സ്മൃതി

വാക്കുകള്‍ ആയുധമാക്കിയ നിയമ പോരാളി

ഭരണഘടനയുടെ കാലോചിതമായ വ്യാഖ്യാനങ്ങളിലൂടെയും പൗരാവകാശങ്ങളുടെ പക്ഷത്തുനിന്നും നിയമത്തെ പുരോഗനമപരമായി വ്യാഖ്യാനിച്ച എ ജി നൂറാനിയുടെ കണ്ടെത്തലുകൾ രാഷ്ട്രീയ വ്യവഹാരങ്ങളെ ഏറെ സ്വാധീനിച്ച ഒന്നായിരുന്നു. നിയമത്തോടൊപ്പം ചരിത്രവും അദ്ദേഹത്തിന്റെ ഗവേഷണത്തിലെ പ്രധാന അധ്യായമായിരുന്നു. സമീപകാലത്ത് ഇന്ത്യയുടെ ജനാധിപത്യപ്രക്രിയക്ക് സംഭവിക്കുന്ന ശോഷണത്തെ നൂറാനി നിരന്തരം അടയാളപ്പെടുത്തി.

Published

|

Last Updated

വിട പറഞ്ഞ എ ജി നൂറാനി രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരിൽ ഒരാളും ഭരണഘടനക്ക് കാവലിരുന്ന നിയമ വിദഗ്ധനുമായിരുന്നു. ആഴത്തിലുള്ള നിയമജ്ഞാനവും വിവിധ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യവുമുള്ള ഒരാളായിരുന്നു നൂറാനി. സുപ്രീം കോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. നീതിയോടുള്ള സമര്‍പ്പണത്തിനും ഭരണഘടനാപരമായ വിഷയങ്ങളെക്കുറിച്ചുള്ള അറിവുകൊണ്ടും ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ നിയമ-രാഷ്ട്രീയ വൃത്തങ്ങളിലെ പ്രമുഖനായ നൂറാനി 1930 സെപ്തംബര്‍ 16ന് ബോംബെയില്‍ ആണ് ജനിച്ചത്. മുംബൈയിലെ സെന്റ് മേരീസ് സ്‌കൂളിലും ഗവണ്‍മെന്റ് ലോ കോളജിലുമായിരുന്നു വിദ്യാഭ്യാസം. ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഹിന്ദു, ഡോണ്‍, ദി സ്റ്റേറ്റ്‌സ്മാന്‍, ഫ്രണ്ട്‌ലൈന്‍, ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി, ദൈനിക് ഭാസ്‌കര്‍ തുടങ്ങിയ പത്രങ്ങളില്‍ നൂറാനിയുടെ കോളങ്ങള്‍ ഇടംപിടിച്ചിരുന്നു. ഇതിനുപുറമേ ദി കശ്മീര്‍ ക്വസ്റ്റ്യന്‍സ്, മിനിസ്റ്റേഴ്‌സ് മിസ്‌കോണ്ടക്ട്, ദ ട്രയല്‍ ഓഫ് ഭഗത്്സിംഗ്, കോണ്‍സ്റ്റിറ്റ്യൂഷനല്‍ ക്വസ്റ്റ്യന്‍സ് ഓഫ് ഇന്ത്യ, ദ ആർ എസ് എസ് ആന്‍ഡ് ബി ജെ പി: എ ഡിവിഷന്‍ ഓഫ് ലേബര്‍ എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ബദറുദ്ദീന്‍ തയാബ്ജി, ഡോ. സക്കീര്‍ ഹുസൈന്‍ തുടങ്ങിയ പ്രമുഖരുടെ ജീവചരിത്രങ്ങളും നൂറാനി എഴുതിയിട്ടുണ്ട്.

ദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ നൂറാനി എഴുതിയ ആനുകാലിക ലേഖനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ന്യൂനപക്ഷങ്ങളെയും മറ്റു പിന്നാക്ക ജന വിഭാഗങ്ങളെയും ബാധിക്കുന്ന രാഷ്ട്രീയ, നിയമ വിഷയങ്ങളിൽ ഈ എഴുത്തുകാരൻ ധീരമായി ഇടപെട്ടു. നിരവധി വിഷയങ്ങളിൽ ആഴത്തിൽ ഗ്രാഹ്യമുണ്ടായിരുന്നു നൂറാനിക്ക്. രാമജന്മഭൂമി പ്രശ്നം, ഹൈദരാബാദ് ഇന്ത്യയിലേക്കുള്ള സംയോജനം, കശ്മീരിലെ നിയമ-രാഷ്ട്രീയ പ്രശ്നങ്ങൾ, ആർ എസ് എസ് തുടങ്ങിയവ അതിൽ ചിലതുമാത്രമാണ്. കശ്മീരിനെക്കുറിച്ചുള്ള പുസ്തകമായ ‘ദി കാശ്മീർ ഡിസ്പ്യൂട്ട് 1947-2012 ‘ 2013 ലാണ് പ്രസിദ്ധീകരിക്കുന്നത്. പ്രദേശത്തിന്റെ സങ്കീർണമായ ചരിത്രം വിശദമായി രേഖപ്പെടുത്തിയ ഈ പുസ്തകമാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്യുന്ന 2023ലെ ഒരു കേസിൽ അനുബന്ധ വായനക്കായി സുപ്രീം കോടതിയിൽ ഹാജരാക്കിയിരുന്നത്. 2019 നവംബർ മുതൽ സുപ്രീം കോടതിയുടെ അയോധ്യ വിധിയെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു നൂറാനിയെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

നൂറാനിയെക്കുറിച്ചുള്ള വ്യക്തിപരമായ കഥകൾ പോലും തന്റെ ജോലിയോടുള്ള സമർപ്പണം എത്രമാത്രം ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു. തന്റെ സ്ഥിരമായ ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് മണിക്കൂറുകൾ അദ്ദേഹം എഴുത്തിന് വേണ്ടി മാറ്റിവെക്കുമായിരുന്നു. കൈ കൊണ്ടുള്ള എഴുത്തായിരുന്നു അദ്ദേഹം എപ്പോഴും തിരഞ്ഞെടുത്തിരുന്നത്. ഇന്റർനെറ്റ് ഉപയോഗിക്കാതെ തന്റെ എല്ലാ ഗവേഷണങ്ങളും നടത്തി, തനിക്ക് താത്പര്യമുള്ള വിഷയങ്ങളിൽ പത്ര കട്ടിംഗുകൾ തുടങ്ങിയവ ശ്രദ്ധാപൂർവം സൂക്ഷിച്ചുവെച്ചു. The Kashmir Question (1964), Ministers’ Misconduct (1973), Constitutional Questions and Citizens’ Rights (2006), and The RSS: A Menace to India (2019) എന്നിവയാണ് പ്രധാന പുസ്തകങ്ങൾ.

അബ്ദുൾ ഗഫൂർ അബ്ദുൽ മജീദ് നൂറാനി എന്ന എ ജി നൂറാനി വിടപറയുമ്പോൾ ഹിന്ദുത്വ വാദത്തോട് സന്ധിയില്ലാതെ കലഹിച്ചിരുന്ന ജനാധിപത്യവാദി കൂടിയാണ് ഓർമയാകുന്നത്. അടിയന്തരാവസ്ഥ, കശ്മീർ, ബാബറി മസ്ജിദ് എന്നിവയെക്കുറിച്ച് അദ്ദേഹത്തെ പോലെ നിർഭയമായി തുറന്ന് എഴുതിയവർ വിരളമാണ്. ഭരണഘടനാ നിയമങ്ങളെക്കുറിച്ചും കശ്മീരിലെയും ഇന്ത്യൻ മുസ്‌ലിംകളുടെയും പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം നിരന്തരം പൊതുമധ്യത്തിൽ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു.

ഭരണഘടനയുടെ കാലോചിതമായ വ്യാഖ്യാനങ്ങളിലൂടെയും പൗരാവകാശങ്ങളുടെ പക്ഷത്തുനിന്നും നിയമത്തെ പുരോഗനമപരമായി വ്യാഖ്യാനിച്ച അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ രാഷ്ട്രീയ വ്യവഹാരങ്ങളെ ഏറെ സ്വാധീനിച്ച ഒന്നായിരുന്നു. നിയമത്തോടൊപ്പം ചരിത്രവും അദ്ദേഹത്തിന്റെ ഗവേഷണത്തിലെ പ്രധാന അധ്യായമായിരുന്നു. സമീപകാലത്ത് ഇന്ത്യയുടെ ജനാധിപത്യപ്രക്രിയക്ക് സംഭവിക്കുന്ന ശോഷണത്തെ നൂറാനി നിരന്തരം അടയാളപ്പെടുത്തി.

1975ൽ ഇന്ദിരാ ഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയെ നിയമത്തിന്റെയും പൗരാവകാശങ്ങളുടെയും പക്ഷത്തുനിന്ന് നേരിട്ട നിയമജ്ഞനായിരുന്നു നൂറാനി. അടിയന്തരാവസ്ഥാ പ്രഖ്യാപനം പാപവും ഭരണഘടനാപരമായ കുറ്റകൃത്യവുമായിരുന്നു എന്നായിരുന്നു നൂറാനിയുടെ പക്ഷം.

രാജ്യത്തെ ശ്രദ്ധേയമായ ബഹുവിധ വിഷയങ്ങളിലും നൂറാനി ഒരു നിയമ വിദഗ്ധൻ എന്ന നിലയിൽ ഇടപെടുകയുണ്ടായി. കശ്മീരിലെ ശേഖ് അബ്ദുല്ലയെ ദീര്‍ഘകാലം തടങ്കലില്‍ പാര്‍പ്പിച്ച സംഭവത്തിലും ജയലളിതക്കെതിരെ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ കേസിലും നൂറാനി ഹാജരായിട്ടുണ്ട്. ഈ കേസുകളില്‍ നൂറാനിയുടെ നിയമ വൈദഗ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. നൂറാനിയുടെ മരണത്തോടെ ഇന്ത്യന്‍ നിയമ, രാഷ്ട്രീയ പാണ്ഡിത്യത്തിന്റെ ഒരു യുഗത്തിന് കൂടിയാണ് അവസാനമാകുന്നത്. ഇന്ത്യയിലെ സങ്കീര്‍ണമായ നിയമ- രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് നൂറാനി നല്‍കിയ സംഭാവനകള്‍ വരും വര്‍ഷങ്ങളിലും ഓർമിക്കുക തന്നെ ചെയ്യും.

Chief Creative Director at Epistemic Breaks

Latest