JACOBITE- ORTHODOX CHURCH ISSUE
പള്ളി തർക്കത്തിലെ നിയമനിർമാണം: ഓർത്തഡോക്സ് സഭ സി പി എം നേതൃത്വത്തെ കണ്ടു
പത്തനംതിട്ടയിലെ സ്വകാര്യ ഹോട്ടലിൽ ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച

പത്തനംതിട്ട | യാക്കോബായ സഭയുമായുള്ള പള്ളി തർക്കത്തിൽ നിയമനിർമാണം നടത്താനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് വിഭാഗം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടു. ജനപ്രതിരോധ യാത്രയുടെ ഭാഗമായി പത്തനംതിട്ടയിലാണ് എം വി ഗോവിന്ദൻ. പത്തനംതിട്ടയിലെ സ്വകാര്യ ഹോട്ടലിൽ ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച.
അടൂർ ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം, സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവരാണ് ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയത്. ആശങ്കകൾ പരിഹരിക്കാനുളള ചർച്ചകൾ ഉണ്ടാവണമെന്ന് സഭ അവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോട്ടയത്ത് വച്ചു സഭ പ്രതിനിധികൾ സി പി എം സെക്രട്ടറിയെ കണ്ടിരുന്നു.
സുപ്രീം കോടതി വിധിക്കെതിരെ നിയമനിർമാണം നടത്തുന്നത് സര്‍ക്കാറിന്റെ പക്ഷപാത നിലപാടാണെന്ന് ആരോപിച്ച് ഓര്‍ത്തഡോക്സ് സഭ കഴിഞ്ഞ ദിവസം തിരുവനന്തപുരം പാളയം സെന്റ്ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയില്‍ ഉപവാസ പ്രാർഥനാ യജ്ഞം നടത്തിയിരുന്നു. സഭയിലെ മെത്രാപ്പോലീത്തമാരും വൈദീകരും പങ്കെടുക്കുന്ന പ്രാര്‍ഥനാ യജ്ഞം രാവിലെ ഒമ്പതിന് ആരംഭിച്ച് ഉച്ചയോടെ സമാപിച്ചു.
നിയമനിർമാണം നടത്തുന്നതിനുള്ള കരട് പ്രമേയം ഇടത് മുന്നണി യോഗം അംഗീകരിച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. നിയമനിര്‍മാണം എന്ന് കേട്ടപ്പോള്‍ തന്നെ സമാധാനപരമായി ഭരണം നടത്തപ്പെട്ട പള്ളികളില്‍ സംഘര്‍ഷം അരങ്ങേറുന്ന സാഹചര്യം ഉടലെടുത്തതായി ഓര്‍ത്തഡോക്സ് സഭാ വൃത്തങ്ങള്‍ പറഞ്ഞു. വിവിധ ദേവാലയങ്ങളിലേക്ക് സംഘര്‍ഷം വ്യാപിക്കാതിരിക്കാൻ തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്ന് സഭ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സഭയിലെ എല്ലാ ദേവാലയങ്ങളിലും നിയമനിർമാണത്തിനെതിരെ പ്രതിഷേധ പ്രമേയം വായിച്ച് പാസ്സാക്കിയിരുന്നു.