niyamasabha session
നിയമസഭാ സമ്മേളനം നാളെ തുടങ്ങും; അന്‍വറും ആരോപണങ്ങളും സഭാതലം കലുഷിതമാക്കും
സഭ തുടങ്ങും മുമ്പ് അന്‍വറിനെ സി പി എം ബ്ലോക്കില്‍ നിന്ന് മാറ്റാന്‍ പാര്‍ലിമെന്ററി പാര്‍ട്ടി കത്ത് നല്‍കും
തിരുവനന്തപുരം | നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ ഭരണപക്ഷ നിരയില്‍ നിന്ന് അന്‍വറിന്റെ ഇരിപ്പിടം മാറും. സി പി എം പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ ഇനില്‍ മേല്‍ അംഗമല്ലെന്ന് പി വി അന്‍വന്‍ പ്രഖ്യാപിച്ചിരുന്നു. സി പി എം ബ്ലോക്കില്‍ നിന്ന് അന്‍വറിനെ മാറ്റാന്‍ ആവശ്യപ്പെട്ട് പാര്‍ലിമെന്ററി പാര്‍ട്ടി സ്പീക്കര്‍ക്ക് കത്തുനല്‍കും.
സഭ തുടങ്ങും മുമ്പ് അന്‍വറിനെ സി പി എം ബ്ലോക്കില്‍ നിന്ന് മാറ്റി ഭരണപക്ഷത്തിന്റെ അവസാനനിരയില്‍ പ്രതിപക്ഷത്തിന്റെ അടുത്തായി ഇരിപ്പിടം നല്‍കും. സര്‍ക്കാറിനെതിരെ നിരവധി ആയുധങ്ങളുമായി ഇറങ്ങുന്ന പ്രതിപക്ഷ ബഞ്ചിന് കരുത്താകും അന്‍വറിന്റെ സാന്നിധ്യം.
മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന പി വി അന്‍വര്‍ സഭയിലെ ശ്രദ്ധകേന്ദ്രമായിരിക്കും. അന്‍വര്‍ വിവാദത്തിന് പുറമെ പൂരം കലക്കല്‍, എ ഡി ജി പി അജിത്കുമാറിനെതിരായ നടപടി, മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പി ആര്‍ ഏജന്‍സി ഇടപെടല്‍, മലപ്പുറം പരാമര്‍ശനം തുടങ്ങി മികച്ച ആയുധങ്ങളാണ് പ്രതിപക്ഷത്തിന്റെ കൈവശമുള്ളത്. സ്വതന്ത്ര എം എല്‍ എക്ക് സഭയില്‍ സംസാരിക്കാന്‍ ലഭിക്കുന്ന സമയം എത്രയായാലും അന്‍വര്‍ സഭയില്‍ ആഞ്ഞടിക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ വെല്ലുവിളി അന്‍വര്‍ സഭയിലും തുടരുമെന്നുറപ്പാണ്.
അന്‍വര്‍ ഉന്നയിച്ച വിവാദങ്ങളില്‍ തന്നെയാകും പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തിര പ്രമേയ നോട്ടീസ്. വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രതികരണവും കളംമാറിയ അന്‍വറിനെ തുറന്നു കാട്ടുന്ന പ്രതിപക്ഷ നിരയുടെ ആയുധങ്ങളും സഭാതലം ശ്രദ്ധേയമാക്കും. 18 വരെ സഭാ സമ്മേളനം തുടരും.