Kerala assembly
നിയമസഭാ സമ്മേളനം പുനരാരംഭിച്ചു; മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം
സഭാനടപടികൾ തടസ്സപ്പെടുത്താത്ത രീതിയിലാണ് പ്രതിപക്ഷ പ്രതിഷേധം.
തിരുവനന്തപുരം | നിയമസഭാ ബജറ്റ് സമ്മേളനം പുനരാരംഭിച്ചു. ചോദ്യോത്തര വേളയോടെയാണ് സഭാനടപടികൾ പുനരാരംഭിച്ചത്. അതേസമയം, തുടക്കംമുതൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്. കറുത്ത പ്ലക്കാർഡുകളും ബാനറുമുയർത്തി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുന്നുണ്ട്. അതേസമയം, സഭാനടപടികൾ തടസ്സപ്പെടുത്താത്ത രീതിയിലാണ് പ്രതിപക്ഷ പ്രതിഷേധം.
ബജറ്റിന്റെ ഭാഗമായ ധനാഭ്യർഥനകൾ പാസ്സാക്കുകയാണ് പ്രധാന കാര്യപരിപാടി. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളിൽ സമ്മേളനം മുങ്ങാനാണ് സാധ്യത. ഇന്ധന സെസിന് പുറമെ ദുരിതാശ്വാസ തട്ടിപ്പ്, മുഖ്യമന്ത്രിയുടെ സുരക്ഷയിൽ കരുതൽ തടങ്കലിലാക്കൽ തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.
ദുരിതാശ്വാസ തട്ടിപ്പിൽ കോൺഗ്രസ്സും സി പി എമ്മും സഭക്ക് പുറത്ത് പോര് രൂക്ഷമാണ്. ദുരിതാശ്വാസ തട്ടിപ്പിൽ വി ഡി സതീശനുൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്ന ആരോപണത്തിലൂടെ എൽ ഡി എഫ് പ്രതിരോധം തീർക്കും. വിഷയത്തെ ഇത്തരത്തിൽ കൈകാര്യം ചെയ്യാനാണ് നീക്കമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി തന്നെ സൂചന നൽകിയിട്ടുണ്ട്. ബജറ്റിലെ നികുതി വർധന, ഇന്ധന സെസ് എന്നിവയിലെ പ്രതിഷേധം സഭയിൽ വീണ്ടും തുടർന്നേക്കും.
21 ദിവസമാണ് സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. ധനാഭ്യർഥനകൾക്ക് പുറമേ ഏതാനും ബില്ലുകളും സമ്മേളനം പരിഗണിച്ചേക്കും. ജനുവരി 23ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം തുടങ്ങിയത്. ഈ മാസം മൂന്നിന് ബജറ്റ് അവതരിപ്പിച്ചു. മൂന്ന് ദിവസത്തെ പൊതുചർച്ചക്ക് ശേഷം ധനാഭ്യർഥനകളുടെ സബ്ജക്ട് കമ്മിറ്റി പരിശോധനകൾക്കായി താത്കാലികമായി പിരിയുകയായിരുന്നു.