Kerala
നിയമസഭാ കൈയാങ്കളി കേസ്; മന്ത്രി വി ശിവന്‍കുട്ടിയും ഇ പി ജയരാജനും ഉള്‍പ്പെടെ ആറ് പേര്‍ ഇന്ന് കോടതിയില്‍ ഹാജരാകും
വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികളെല്ലാം ഹാജരാകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ട സാഹചര്യത്തിലാണിത്
തിരുവനന്തപുരം| നിയമസഭാ കൈയാങ്കളി കേസില്‍ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ഉള്‍പ്പെടുന്ന ആറ് എല്‍ഡിഎഫ് നേതാക്കളും ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാകും.വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികളെല്ലാം ഹാജരാകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ട സാഹചര്യത്തിലാണിത്. വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍ എംഎല്‍എ, കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതികള്‍.
വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന പ്രതികളുടെ വാദവും കോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയിലെ വിടുതല്‍ ഹര്‍ജിയില്‍ വിധി വരുന്നത് വരെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ശിവന്‍കുട്ടി അടക്കമുള്ളവര്‍ വാദിച്ചത്. സാങ്കേതികവാദങ്ങളുയര്‍ത്തി വിചാരണ നടപടികളില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതടക്കമുള്ള നടപടികള്‍ക്കായി ഹാജരാകണമെന്നുമായിരുന്നു കോടതിയുടെ നിലപാട്.
അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍, നാശനഷ്ടങ്ങള്‍ വരുത്തല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. വിചാരണ നടപടികളുടെ തീയതി കോടതിയും ഇന്ന് തീരുമാനിക്കും. 2015 മാര്‍ച്ച് 13ന് ബാര്‍ കോഴക്കേസില്‍ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.