Connect with us

Kerala

നിയമസഭാ കൈയാങ്കളി കേസ്; കോടതിയില്‍ കുറ്റം നിഷേധിച്ച് മന്ത്രി വി ശിവന്‍കുട്ടിയടക്കമുള്ള പ്രതികള്‍

കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇ പി ജയരാജന്‍ ഹാജരാകണമെന്ന് കോടതി

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ കൈയാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ തിരുവനന്തപുരം സി ജെ എം കോടതിയില്‍ നേരിട്ട് ഹാജരായി. പ്രതികള്‍ തങ്ങള്‍ക്ക് മേല്‍ ചുമത്തിയ കുറ്റങ്ങള്‍ നിഷേധിച്ചു. കുറ്റപത്രം വായിച്ച് കേട്ട ശേഷമാണ് പ്രതികള്‍ കുറ്റം നിഷേധിച്ചത്. ഇപി ജയരാജന്‍ അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇ പി ജയരാജന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. വിചാരണ തീയതി ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ അന്ന് തീരുമാനിക്കും.

2015 മാര്‍ച്ച് 13ന് ബാര്‍ കോഴക്കേസില്‍ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍ എംഎല്‍എ, കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍, നാശനഷ്ടങ്ങള്‍ വരുത്തല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.സംഘര്‍ഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.

കേസ് പിന്‍വലിക്കാനായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്.

 

---- facebook comment plugin here -----

Latest