cover story
ഗസ്സയിൽ നോവുന്ന നോമ്പുകാലം
ഫലസ്തീനിലെ മനുഷ്യർക്ക് ഇന്നിപ്പോള്‍ സമാധാനത്തോടെ നോമ്പെടുക്കാനോ ആരാധനകള്‍ നിര്‍വഹിക്കാനോ സാധിക്കുന്നില്ല. കുഞ്ഞുങ്ങളുടെ ആഹ്ലാദകരമായ ശബ്ദത്തിന് പകരം സ്ഫോടനങ്ങളും നിസ്സഹായരായ മനുഷ്യരുടെ നിലവിളികളും മാത്രമാണ് എവിടെയും. ശ്മശാനഭൂമിയായി മാറിയ മണ്ണില്‍ പള്ളികള്‍ പലതും തകര്‍ത്തു തരിപ്പണമാക്കി. തെരുവുകളില്‍ ആളുകളുടെ തിരക്കില്ല, അവയെല്ലാം അവശിഷ്ടങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. കുടുംബങ്ങള്‍ ഇപ്പോള്‍ ഒത്തുകൂടുന്നത് പരസ്പരം അഭിവാദ്യം ചെയ്യാനും ആഘോഷിക്കാനുമല്ല, മരിച്ചവരെ കാണാനും അവരുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനും മാത്രമാണ്.
റമസാന്‍ കാലമായാല്‍ ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലമായി ഗസ്സരൂപാന്തരപ്പെടും. ആഴ്ചകള്‍ക്കുമുമ്പെ വിശുദ്ധ മാസത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലായിരിക്കും അവര്‍. വീട്ടിലേക്ക് ആവശ്യമായ വസ്തുക്കള്‍ വാങ്ങാനായി കുടുംബത്തോടൊപ്പം മാര്‍ക്കറ്റുകളിലേക്ക് പോകും. അല്‍-സാവിയ മാര്‍ക്കറ്റിലാകും തിരക്ക് കൂടുതല്‍. അവിടെ, വ്യത്യസ്ത ഇനം അച്ചാറുകള്‍, മുന്തിയ ഇനം ഈത്തപ്പഴം, സ്വാദിഷ്ഠമായ ഒലിവ്, സുഗന്ധം നിറച്ച മസാലകള്‍, ആപ്രിക്കോട്ട് പേസ്റ്റ്, ഉണക്കിയ പഴങ്ങള്‍, വിവിധ തരം ജ്യൂസുകള്‍ തുടങ്ങി എല്ലാ പരമ്പരാഗത റമസാന്‍ ഭക്ഷണ വസ്തുക്കളും ലഭിക്കും. പെരുന്നാളിന് മാത്രമല്ല, റമസാനിലും പുതിയ വസ്ത്രങ്ങള്‍ വാങ്ങും. കൂടാതെ, നിസ്‌കാരക്കുപ്പായങ്ങളും. മാതാപിതാക്കളുടെ കൈകളില്‍ പിടിച്ച് നടക്കുന്ന കുട്ടികള്‍, കടകളില്‍ തൂക്കിയിട്ടിരിക്കുന്ന വർണാഭമായ വിളക്കുകള്‍ വാങ്ങിത്തരാന്‍ വാശിപിടിക്കും.
തെരുവുകളിലെല്ലാം നല്ല ജനത്തിരക്കായിരിക്കും. എവിടെയും അലങ്കാരങ്ങള്‍ ഉയര്‍ന്നിട്ടുണ്ടാകും. മാര്‍ക്കറ്റില്‍ നിന്ന് ഉയരുന്ന റമസാന്‍ ഗാനങ്ങള്‍ ഹൃദയങ്ങളെ താളാത്മകമാക്കി മാറ്റും. നോമ്പാണെന്ന് അറിയിപ്പ് ലഭിച്ചാല്‍ അന്നു രാത്രി തന്നെ ഗസ്സയുടെ പരിസരങ്ങള്‍ തറാവീഹ് പ്രാർഥനകളാല്‍ നിറയും. പുണ്യമാസത്തിന്റെ ആരംഭം കുറിക്കാന്‍ കുട്ടികള്‍ വൈകും വരെ പുറത്തിറങ്ങും. തെരുവുകളില്‍ കളിച്ചും വിളക്കുകള്‍ പിടിച്ചും പാട്ടുപാടിയും പടക്കം പൊട്ടിച്ചുമെല്ലാം അവര്‍ പുണ്യമാസത്തെ ഹൃദയം നിറഞ്ഞ് സ്വീകരിക്കും.
അത്താഴ ഭക്ഷണം പങ്കിടാനും ഫജ്ര്‍ ഒരുമിച്ച് നിസ്‌കരിക്കാനുമെല്ലാം കുടുംബങ്ങള്‍ ഒത്തുചേരും. രാവിലെ സ്‌കൂളുകളിലേക്കും തൊഴിലിനും പോയവര്‍ ഉച്ചയാകുമ്പോഴേക്കും വീട്ടിലേക്ക് മടങ്ങും. കുട്ടികള്‍ വീട്ടിലോ പള്ളികളിലോ ഇരുന്ന് ഖുര്‍ആന്‍ ഓതുകയും മനഃപാഠമാക്കുകയും ചെയ്യും. മാതാപിതാക്കളും വല്യുമ്മമാരും കുട്ടികളോടും കൊച്ചുമക്കളോടും പ്രവാചകന്മാരുടെ കഥകള്‍ പറഞ്ഞുകൊടുക്കും. വൈകുന്നേരമാകുന്നതോടെ, ഇഫ്താര്‍ വിരുന്നിനുള്ള ഭക്ഷണം തയാറാക്കാനുള്ള ഒരുക്കങ്ങളിലേക്ക് പ്രവേശിക്കും. സൂര്യാസ്തമയത്തിന് ഒരു മണിക്കൂര്‍ മുമ്പ്, പരിസരം മുഴുവന്‍ വിവിധ ഭക്ഷണങ്ങളുടെ രുചികരമായ ഗന്ധം നിറയും. വീട്ടിലെ ഒരാള്‍ മഖ്‌ലൂബ (അരിയും പച്ചക്കറികളും ഉള്ള ഒരു മാംസ വിഭവം), മറ്റൊരാള്‍, മുസാഖന്‍ (ചിക്കന്‍ വിഭവം), മറ്റൊരാള്‍, മുലൂഖിയ (ഒരു തരം സൂപ്പ്) എന്നിവയെല്ലാം പാകം ചെയ്യും.
ഇതിനിടയിലാകും, അയല്‍ക്കാരന്‍ ഉണ്ടാക്കിയ ഭക്ഷണവുമായി എത്തുന്നത്. പകരം ഇവിടെയുള്ള ഭക്ഷണം നല്‍കിയാകും അയാളെ തിരികെ പറഞ്ഞയക്കുക. അസ്തമയമെത്തുന്നതോടെ ഇഫ്താര്‍ ടേബിള്‍ നിരത്തി എല്ലാവരും ഇരിക്കും. വൈകാതെ, പള്ളികളില്‍ നിന്ന് നോമ്പ് തുറക്കാനുള്ള വിളി ഉയരും. എല്ലാവരും സന്തോഷത്തോടെ സംസാരിച്ചും ചിരിച്ചും സ്വാദിഷ്ഠമായ ഭക്ഷണം പങ്കിട്ടു കഴിക്കും. ശേഷം തറാവീഹിനായി പള്ളികളിലേക്കു നീങ്ങും. വിശുദ്ധ ഖുര്‍ആനിന്റെ ശബ്ദങ്ങളും പ്രാർഥനകളും ഗസ്സയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും കേള്‍ക്കുന്നുണ്ടാകും.
ഫലസ്തീനിലെ മനുഷ്യരുടെ നോമ്പുകാലം മുമ്പ് ഇങ്ങനെയൊക്കെയായിരുന്നു. ഇന്നിപ്പോള്‍ സമാധാനത്തോടെ നോമ്പെടുക്കാനോ ആരാധനകള്‍ നിര്‍വഹിക്കാനോ അവര്‍ക്ക് സാധിക്കുന്നില്ല. കുഞ്ഞുങ്ങളുടെ ആഹ്ലാദകരമായ ശബ്ദത്തിന് പകരം സ്ഫോടനങ്ങളും നിസ്സഹായരായ മനുഷ്യരുടെ നിലവിളികളും മാത്രമാണ് എവിടെയും. ശ്മശാനഭൂമിയായി മാറിയ മണ്ണില്‍ പള്ളികള്‍ പലതും തകര്‍ത്തു തരിപ്പണമാക്കി. തെരുവുകളില്‍ ആളുകളുടെ തിരക്കില്ല, അവയെല്ലാം അവശിഷ്ടങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. കുടുംബങ്ങള്‍ ഇപ്പോള്‍ ഒത്തുകൂടുന്നത് പരസ്പരം അഭിവാദ്യം ചെയ്യാനും ആഘോഷിക്കാനുമല്ല, മരിച്ചവരെ കാണാനും അവരുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനും മാത്രമാണ്.
നാല് മക്കളുടെ ഓർമയില്‍
വിടരും മുമ്പെ കൊഴിഞ്ഞു പോകുന്ന പുഷ്പങ്ങളെപ്പോലെ ഗസ്സയിലെ മനുഷ്യര്‍ ഓരോ ദിവസവും കണ്‍തുറക്കുന്നത് മരണത്തിലേക്കാണ്. കുടുംബങ്ങളെ മാത്രം ലക്ഷ്യമിട്ട് ഇസ്്റാഈല്‍ സൈന്യം വീടുകള്‍ക്ക് നേരെ ബോംബ് വര്‍ഷിക്കുന്നു. ഇതുവരെ മരിച്ചവരില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണ്. മുപ്പത്തിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള അലാ എല്‍ ഖത്രാവിയെന്ന ഉമ്മക്ക് നാല് മക്കളെയാണ് നഷ്ടമായത്. യാമന്‍, ഓര്‍ക്കിഡ്, കാനന്‍, കാര്‍മല്‍ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. ഇവരുടെ വേര്‍പാട് താങ്ങാന്‍ കരുത്തില്ലാതെ കരഞ്ഞു ചോരനിറം പുരണ്ട കണ്ണുകളോടെ ചുറ്റും നോക്കി അവള്‍ മക്കളുടെ പേരുകള്‍ ഉരുവിടുകയാണിപ്പോള്‍. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞതിനാല്‍ മക്കളെല്ലാം ഖാന്‍യൂനുസില്‍ പിതാവിന്റെ കൂടെ തന്നെയായിരുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം കുറച്ച് സമയങ്ങളില്‍ മാത്രമേ കുട്ടികളെ കാണാന്‍ കഴിഞ്ഞിരുന്നുള്ളു അവര്‍ക്ക്. അവരെ കുറിച്ചുള്ള ഓര്‍മകളാണ് ഇവരുടെ മനസ്സ് നിറയെ.
“മൂത്തയാള്‍ യാമന് എട്ട് വയസ്സ് തികഞ്ഞതേയുണ്ടായിരുന്നു. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍, “എന്റെ പ്രിയപ്പെട്ട ഉമ്മ’ എന്നു തുടങ്ങുന്ന മനോഹരമായ ഒരു കത്ത് അവന്‍ എനിക്കെഴുതി. അത് ഇപ്പോഴും എന്റെ പക്കലുണ്ട്, ഞാനത് ഒരിക്കലും നഷ്ടപ്പെടുത്തില്ല. അവന്റെ ജനനം തന്നെ വളരെ സങ്കീര്‍ണമായിരുന്നു. പ്രസവ സമയത്ത് രണ്ടു പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെടുകയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ദൈവകൃപയാല്‍ രണ്ടു പേരും അതിജീവിച്ചു. എല്ലാ വര്‍ഷവും അവന്റെ ജന്മദിനത്തില്‍, അവന്റെ ജനനത്തിലെ അത്ഭുതത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഞാന്‍ ഡോക്ടര്‍ക്ക് ഒരു കാര്‍ഡ് എഴുതാറുണ്ട്. അവന്‍ വളരെ സുന്ദരനായിരുന്നു, നീലക്കണ്ണുകളുള്ള അവന്‍ എന്റെ ഇളയ സഹോദരനെപ്പോലെ കാണപ്പെട്ടു, അവന്റെ സഹോദരങ്ങളില്‍ ഏറ്റവും ദയയുള്ളവനായിരുന്നു അവന്‍.
സുന്ദരികളായിരുന്നു കെനാനും ഓര്‍ക്കിഡും. സ്വർണ നിറമുള്ള ചർമവും നീളമുള്ള കറുത്ത മുടിയുള്ള ഓര്‍ക്കിഡിനേക്കാള്‍ അൽപ്പം ഉയരമുണ്ട് കെനാന്. എല്ലാ കാര്യങ്ങളിലും അവര്‍ പരസ്പരം മത്സരിക്കുന്നത് കാണാന്‍ സന്തോഷമായിരുന്നു. യുദ്ധം തുടങ്ങിയപ്പോള്‍ രണ്ടുപേര്‍ക്കും ഒന്നാം ക്ലാസ്സില്‍ ഒരു മാസമേ സ്‌കൂള്‍ ഉണ്ടായിരുന്നുള്ളൂ. കെനാന് പഴങ്ങള്‍ ഇഷ്ടമായിരുന്നു, ചിലപ്പോള്‍ ഉറങ്ങുമ്പോള്‍ ഞാന്‍ അവരുടെ അടുത്ത് പഴങ്ങള്‍ വെക്കുമായിരുന്നു, അതുകൊണ്ടുതന്നെ ഉണരുമ്പോഴെല്ലാം കൈയില്‍ ലഘുഭക്ഷണം ഉണ്ടാകും. ഓര്‍ക്കിഡ് ഒരു ഡോക്ടറായി വളരുമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാന്‍ ഒരു കവിയായതിനാല്‍ ഓര്‍ക്കിഡിന് എന്നെക്കുറിച്ച് അഭിമാനമുണ്ടായിരുന്നു. ഒരു കവിയാകണമെന്നും പരിപാടിയില്‍ പങ്കെടുക്കണമെന്നും അവള്‍ എന്നോട് പറയുമായിരുന്നു.
കാര്‍മല്‍, സ്വര്‍ഗത്തില്‍ നിന്നുള്ളവളാണ്. അവള്‍ മനോഹരിയായിരുന്നു’. അറബിയില്‍ പി എച്ച് ഡി നേടിയ അല ഗസ്സയില്‍ അധ്യാപികയാണ്. തന്റെ കുട്ടികളുടെ മികച്ച ഭാവിക്കായി അവരെ ദുബൈയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അവര്‍ കൊല്ലപ്പെടുന്നത്- കണ്ണീരോടെ അല പറഞ്ഞു. യുദ്ധത്തിന് മുമ്പ് ഇവർ യു എ ഇയില്‍ ഉണ്ടായിരുന്നു. ഇവിടെ നിന്ന് ഓര്‍ക്കിഡിനായി ഒരു രാജകുമാരി വസ്ത്രവും മറ്റ് കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളും വാങ്ങി. അത് സ്വീകരിക്കാന്‍ തന്റെ മക്കളില്ലെന്ന യാഥാർഥ്യം തിരിച്ചറിയാന്‍ ഇനിയും ഈ ഉമ്മക്കായിട്ടില്ല. “ഒരു കവിതയോ ഏതെങ്കിലും ഗദ്യമോ. ഈ യുദ്ധത്തിന്റെ തുടക്കം മുതല്‍ ഞാന്‍ എഴുതിയിട്ടില്ല. ഈ യുദ്ധത്തില്‍ ഞങ്ങള്‍ ഒറ്റയ്ക്കാണെന്ന തോന്നലില്‍ ഞാന്‍ ഞെട്ടിയിരിക്കുകയാണ്.
2014 ലെ യുദ്ധത്തില്‍, ഞാന്‍ ലെറ്റേഴ്സ് അണ്ടര്‍ വാര്‍, ദൈനംദിന യുദ്ധ ഡയറികള്‍ എന്ന പേരില്‍ ഒരു പുസ്തകം എഴുതി. എന്നാല്‍ ഇത്തവണ ഒന്നും എഴുതിയില്ല. ആരും അത് ശ്രദ്ധിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് ആരോടും സംസാരിക്കാന്‍ താത്പര്യമില്ല. എല്ലാം അല്ലാഹുവിനോട് പറയും. അതിലാണ് ഞാനിപ്പോള്‍ സംതൃപ്തി കണ്ടെത്തുന്നത്. എല്ലാം അറിയുന്നവനും കാണുന്നവനും അവന്‍ മാത്രമാണ്-അല പറഞ്ഞു.
പ്രവേശനം അടച്ച് അല്‍ അഖ്സ
ഗസ്സയില്‍ ഓരോ മണിക്കൂറിലും 15 പേര്‍ കൊല്ലപ്പെടുന്നുവെന്നാണ് കണക്ക്, ഇതില്‍ ആറ് പേര്‍ കുട്ടികളാണ്. 32,623 പേര്‍ കൊല്ലപ്പെടുകയും 75,092 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഈ കുറിപ്പ് തയ്യാറാക്കുന്നതുവരെയുള്ള കണക്കുകള്‍. കൊല്ലപ്പെട്ടവരില്‍ 40 ശതമാനത്തിലധികം 18 വയസ്സിന് താഴെയുള്ളവര്‍. എട്ടായിരത്തോളം പേരെ കാണാതായി. ഒക്ടോബര്‍ ഏഴ് മുതല്‍ മാര്‍ച്ച് 16 വരെ 1.7 ദശലക്ഷം ആളുകള്‍, അതായത് ജനസംഖ്യയുടെ 75 ശതമാനത്തിലധികം ആളുകള്‍ പലായനം ചെയ്തിട്ടുണ്ട്. അവരില്‍ ചിലര്‍ പലതവണ പലായനം ചെയ്തവരാണ്.
ഗസ്സയുടെ തെക്കേ അറ്റത്തുള്ള റഫയില്‍ ഒരു ദശലക്ഷത്തിലധികം പേരെ കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുന്നു. 392 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 123 ആംബുലന്‍സുകള്‍, 184 പള്ളികള്‍ എന്നിവക്കൊപ്പം 60 ശതമാനത്തിലധികം ഭവനങ്ങളും അക്രമത്തില്‍ തകര്‍ക്കപ്പെട്ടുകഴിഞ്ഞു. യു എന്‍ സാറ്റലൈറ്റ് സെന്റര്‍ വിശകലനം ചെയ്ത സാറ്റലൈറ്റ് ചിത്രങ്ങള്‍ കാണിക്കുന്നത് ഗസ്സ മുനമ്പിലെ 35 ശതമാനം കെട്ടിടങ്ങളും ഇസ്്റാഈല്‍ ആക്രമണത്തില്‍ നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ്.
വെള്ളിയാഴ്ചകളില്‍ പ്രാർഥനക്കെത്തുന്ന നൂറുകണക്കിന് വിശ്വാസികളെ അല്‍-അഖ്സ മസ്ജിദില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഇസ്്റാഈലി സൈന്യം തടയുകയാണ്. ആവശ്യമായ പെര്‍മിറ്റുകള്‍ ഇല്ലെന്ന പേരില്‍ ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികളെ ഇസ്്റാഈല്‍ സൈന്യം തിരിച്ചയക്കുകയാണത്രെ.
വിനാശകരമായ പട്ടിണി
വടക്കന്‍ ഗസ്സയില്‍ കടുത്ത ക്ഷാമം ആസന്നമായിരിക്കുന്നു. അടുത്ത മാസത്തോടെ ഇത് സംഭവിച്ചേക്കും. ജൂലൈയില്‍ അഭയാര്‍ഥി കേന്ദ്രങ്ങളിലേക്ക് ഇത് വ്യാപിക്കുമെന്ന് ലോകത്തിന്റെ വിശപ്പ് നിരീക്ഷക സംഘടനയായ ഇന്റഗ്രേറ്റഡ് ഫുഡ്-സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (ഐ പി സി) മുന്നറിയിപ്പ് നല്‍കുന്നു. വടക്കന്‍ ഗസ്സയുടെ ചില ഭാഗങ്ങളില്‍ 70 ശതമാനം ആളുകളും കടുത്ത ഭക്ഷ്യക്ഷാമത്തിലാണ്. ഒരു പ്രദേശത്ത് രണ്ട് ശതമാനം പേര്‍ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നുണ്ടെങ്കില്‍ അത് പട്ടിണിയായി കണക്കാക്കണം. എന്നാല്‍ ഇതിന്റെ മൂന്നിരട്ടിയിലധികം വരും വടക്കന്‍ ഗസ്സയിലേത്. മൊത്തത്തില്‍, ജനസംഖ്യയുടെ പകുതിയോളം വരുന്ന 1.1 ദശലക്ഷം ഗസ്സക്കാര്‍ ക്ഷാമം അനുഭവിക്കുന്നുണ്ട്.
ഗസ്സയിലെ ആരോഗ്യസംരക്ഷണ സംവിധാനം തകര്‍ന്നിരിക്കുകയാണ്. 12 ആശുപത്രികള്‍ മാത്രമേ ഇപ്പോഴും ഭാഗികമായി പ്രവര്‍ത്തിക്കുന്നുള്ളൂ. 3,00,000 ത്തിലധികം പേരില്‍ ശ്വാസകോശ സംബന്ധമായ അണുബാധകളും 2,00,000ത്തിലധികം പേരില്‍ ജലജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വടക്കന്‍ ഗസ്സയില്‍ ‘കടലാസ് കനം കുറഞ്ഞ ധാരാളം കുട്ടികള്‍’ ഉണ്ടെന്ന് ഗസ്സയിലെ ബെയ്റ്റ് ലാഹിയ പ്രദേശം സന്ദര്‍ശിച്ച ശേഷം യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ പറയുന്നു.
രണ്ട് വയസ്സിന് താഴെയുള്ള മൂന്ന് കുട്ടികളില്‍ ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. വല്ലപ്പോഴും ലഭിക്കുന്ന ടിന്നിലടച്ച ഭക്ഷണങ്ങള്‍ കഴിച്ച് കുഞ്ഞുങ്ങള്‍ക്ക് വയറിളക്ക രോഗങ്ങള്‍ ഉണ്ടാകുന്നു. ആശുപത്രികളിലെ സാഹചര്യങ്ങള്‍ സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറത്താണെന്ന് ലോകാരോഗ്യ സംഘടന തന്നെ സാക്ഷ്യപ്പെടുത്തുന്നു. ‘ഗസ്സയിലെ ജനങ്ങള്‍ ഇപ്പോള്‍ പട്ടിണി കിടന്ന് മരിക്കുകയാണ്. ഈ മനുഷ്യനിര്‍മിത പട്ടിണിയും പോഷകാഹാരക്കുറവും ഗസ്സയെ അതിവേഗത്തില്‍ തകര്‍ക്കും-‘ വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ സിന്‍ഡി മക്കെയ്ന്‍ പറഞ്ഞു.
ഇന്നത്തെ ഇഫ്താറിന് എന്തു വിഭവം തയ്യാറാക്കണമെന്നും വരുന്ന ചെറിയ പെരുന്നാളിന് ഏതു വസ്ത്രം വാങ്ങണമെന്നും നാം ആലോചിക്കുന്ന സമയത്താണ് ഒരു നേരത്തെ ഭക്ഷണത്തിനായി ഫലസ്തീനിലെ മനുഷ്യര്‍ കാത്തിരിക്കുന്നത്. നോന്പ് നോറ്റിരിക്കുന്ന അവരിലേക്ക് വല്ലപ്പോഴുമെത്തുന്ന സന്നദ്ധ സംഘടനകളുടെ ഭക്ഷണ വാഹനങ്ങള്‍ക്കു മുന്നില്‍ തിക്കിത്തിരക്കി കിട്ടുന്നതുമായി മടങ്ങുകയാണവര്‍. വിശന്നു കരഞ്ഞുറങ്ങുന്ന കുട്ടികള്‍ക്ക് കൊടുത്താല്‍ പിന്നെ ബാക്കിയൊന്നുമുണ്ടാകില്ല; മുതിര്‍ന്നവര്‍ക്ക് വീണ്ടും പട്ടിണി തന്നെ. എത്രനാള്‍ ഈ ദുരിതം തുടരുമെന്ന് ആര്‍ക്കുമറിയില്ല.
വെടി നിര്‍ത്തല്‍ നിര്‍ദേശത്തിന് ചെവികൊടുക്കാതെ ഇസ്്‌റാഈല്‍ നരനായാട്ട് തുടരുകയാണ്. ഫലസ്തീന്‍ ജനതയെ വംശീയമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ മൗനാനുവാദം നല്‍കുന്നു. വെടി നിര്‍ത്തണമെന്ന യു എന്‍ ആവശ്യം ഫലസ്തീന്‍ ജനതയില്‍ തെല്ലൊരു പ്രതീക്ഷയുണ്ടാക്കിയിരുന്നു. എന്നാല്‍, തങ്ങള്‍ ഒറ്റക്കാണെന്നും സഹായത്തിനാരുമില്ലെന്നും അവര്‍ പതിയെ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.