feature
നോമ്പുകാലം
വൈകുന്നേരങ്ങളിൽ മണലുപൊന്തിയ പനമ്പുഴക്കടവിന്റെ തീരത്ത് കാൽപ്പന്തുകളിയുടെ ആരവങ്ങൾ. മെലിഞ്ഞുണങ്ങി, ഒറ്റവരയായി മാറിയ പുഴയുടെ നേർത്ത നിശ്വാസംചുടുകാറ്റായി വായുവിൽ തങ്ങിനിൽക്കും.

‘മുഹ്മിനോം കാ ഖുശി ആജ് ക്യാഹെ..
ആഗയാ ആഗയാ മാഹി റമജാൻ…’
പനമ്പുഴക്കടവിന്റെ തീരത്തെ ഗ്രാമത്തിൽ ഇപ്പോഴും നോമ്പുകാലങ്ങളുടെ അന്ത്യയാമങ്ങളിൽ ആ പാട്ട് മേടക്കാറ്റിനൊപ്പം ഒഴുകിനടക്കുന്നുണ്ടാകും.വടക്കേ ഇന്ത്യയിലെ ഏതോ കുഗ്രാമത്തിൽ നിന്ന് പൂർണചന്ദ്രന്റെ വലുപ്പമുള്ള ദഫ്ഫുമായി ഞങ്ങളുടെ ഗ്രാമത്തിലെത്താറുണ്ടായിരുന്ന ബാബാ അലിയെന്ന ഞങ്ങളുടെ ബാബ.
തലയിൽ കടുംപച്ചത്തലപ്പാവ്, അതിന്റെ അറ്റം ഒരു വാലുപോലെ ബാബയുടെ ചുമലിലേക്ക് വീണുകിടക്കും. ഇരുണ്ടമുഖത്തിനു അതിരിടുന്ന തൂവെള്ളത്താടിയിൽ നിലാവിന്റെ അലകൾ ഒഴുകിനടക്കും. തിളങ്ങുന്ന കണ്ണുകളിൽ തിരതല്ലുന്ന സാത്വികഭാവം. നോമ്പ് തുടങ്ങുന്നതിന്റെ തലേന്നാൾ ബാബയെത്തും. മാടപ്രാക്കൾ കുറുകുന്ന വലിയപള്ളിയുടെ മുറ്റത്ത്, കുട്ടികളായ ഞങ്ങളുടെ നടുവിലിരുന്ന് ആദ്യത്തെ പാട്ട് പാടും.
‘ആഗയാ ആഗയാ മാഹി റമജാൻ…’
പാനീസ് വിളക്കുകൾ വർണങ്ങൾ തൂവി അന്തിക്കാറ്റിൽ ആടിയുലയും. ദഫ്മുട്ടിന്റെ താളത്തിൽ ലയിച്ച് പള്ളിയും പള്ളിക്കാടും നിശ്ശബ്ദമാകും. രാപ്പാടിയുടെ തേങ്ങൽ നിലച്ച രാവ്.. രാപ്പുള്ളുകൾ പാട്ടുനിർത്തിയ രാത്രി.ബാബ പാടും.
പിന്നെയാപ്പാട്ട് ഓരോ അത്താഴനേരത്തും ഞങ്ങളെ വിളിച്ചുണർത്തും. ബാബയുടെ പാട്ടില്ലാതെ ഒരു നോമ്പുകാലവും ഗ്രാമത്തിൽ കഴിഞ്ഞുപോയില്ല.റമസാൻ ഓർമകളുടെ വസന്തകാലത്തിന് തിരികൊളുത്തുന്നു വീണ്ടും.
നോമ്പിന്റെ ആഴ്ചകള്‍ക്കു മുമ്പ് തുടങ്ങുന്ന ഒരുക്കങ്ങൾ..”പാറോത്തി’ന്റെ ഇലകൾ കൊണ്ട് തേച്ചുരച്ചു കഴുകുന്ന വീടകം. മേശയും കസേരയും അലമാരകളും വൃത്തിയാക്കാൻ കുട്ടികളുടെ മത്സരം. അന്ന്, നോമ്പുകാലങ്ങൾ അവധിക്കാലത്തിന്റെ തുടക്കം കൂടിയായിരുന്നു. നോമ്പിന്റെ വർണച്ചിത്രങ്ങളില്ലാതെ ഒരു വേനലവധിയും കൊഴിഞ്ഞുവീണില്ല.
വൈകുന്നേരങ്ങളിൽ മണലുപൊന്തിയ പനമ്പുഴക്കടവിന്റെ തീരത്ത് കാൽപ്പന്തുകളിയുടെ ആരവങ്ങൾ. മെലിഞ്ഞുണങ്ങി, ഒറ്റവരയായി മാറിയ പുഴയുടെ നേർത്ത നിശ്വാസംചുടുകാറ്റായി വായുവിൽ തങ്ങിനിൽക്കും.
ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ തറവാട്ടിൽ റെഡി! അരിയും മഞ്ഞളും കൊത്തമ്പാലിയും മുളകുപൊടിയും ആരെയോ കാത്തിട്ടെന്നവണ്ണം ചില്ലുകുപ്പികളിൽ നിറഞ്ഞുചിരിക്കുന്നു. പായകളും പുതപ്പുകളും കഴുകിയുണക്കുന്നു. കിടക്കയും തലയണകളും വെയിലുകായുന്നു.നോമ്പിന്റെ തലേന്നാൾ വല്യുപ്പ വീട്ടിനുള്ളിലെ എല്ലാ മുറികളും കയറിനോക്കുന്നു.
വൃത്തിയാകാത്തിടത്ത് സ്വയം വൃത്തിയാക്കുന്നു. മുറ്റത്തെ പുല്ലും വള്ളികളും മാറ്റി മഹാനായൊരു അതിഥിയെ വരവേൽക്കാനൊരുങ്ങുന്നു. അത്താഴത്തിന് വിളിച്ചുണർത്തൽ വല്യുമ്മയായിരുന്നു. മുറുക്കമുള്ള ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാൻ മടിക്കുമ്പോൾ വല്യുമ്മ പറയും, ‘നാളെ നോമ്പെടുക്കാഞ്ഞാ ന്റെ കുട്ടി മറ്റുള്ളോലെ മുന്നില് തോൽക്കും..’
അതോടെ ഉറക്കത്തിന്റെ കരിമ്പടം അഴിഞ്ഞുവീഴുന്നു. വലിയ പടാപ്പുറത്തെ ചിമ്മിനിവിളക്കിന്റെ നിഴലിൽ മടിയിലിരുത്തി പുറത്തെ നിലാവെട്ടത്തിലേക്ക് നോക്കി വല്യുമ്മ ചൊല്ലിത്തരുന്നു,
‘നവൈതു സൗമഗതിൻ….’
അന്നേരം എങ്ങുനിന്നോ ഒരു പൂവൻകോഴി കൂവുന്നു. വെയിൽ കാളുന്ന പകലുകളിൽ പള്ളിയിലേക്ക് നടക്കവേ, ശരീരം അപ്പൂപ്പന്താടിയേക്കാൾ ഭാരമറ്റുപോകുന്നു. പള്ളിക്കുളത്തിന്റെ പടവുകളിൽ ദൂരേക്ക് നോക്കിയിരുന്ന് മീസാൻ കല്ലുകൾക്കടിയിലെ നിഗൂഢതകളെക്കുറിച്ച് ഇളംമനസ്സ് സന്ദേഹപ്പെടുന്നു. അസർ ബാങ്കിന്റെ ഈണത്തിൽ അസ്തമയത്തിലേക്ക് ഇനിയധികം ദൂരമില്ലെന്ന് ആശ്വസിക്കുന്നു. മസാലക്കൂട്ടുകളുടെ മനംമയക്കുന്ന ഗന്ധം നോമ്പിന്റെ ഉറപ്പ് പരിശോധിക്കുന്നത് സഹിക്കവയ്യാതെ പനമ്പുഴയോരത്തേക്ക് നടക്കുന്നു. കാല്‍ വെള്ളത്തിലിട്ട് ഇക്കിളികൂട്ടാന്‍ വരുന്ന പരല്‍മീനുകളോട് കിന്നാരം പറയുന്നു. പഞ്ചാരമണലിൽ മലർന്നുകിടന്ന് സൂര്യന്റെ ചലനം നിരീക്ഷിക്കുന്നു. ചെഞ്ചോര തൂവി മറയുന്ന പകൽവിളക്കിനെ നോക്കിയിരിക്കുമ്പോൾ മനസ്സിൽ ആവാച്യമായൊരു അനുഭൂതി വന്നുനിറയുന്നു. ഉറയ്ക്കാത്ത പദങ്ങൾ പാലപ്പൂവുകൾക്കിടയിലൂടെ നടന്നുനീങ്ങുന്നു.
പടാപ്പുറത്തെ സുപ്രയിൽ, ചില്ലുഗ്ലാസ്സിൽ നിറഞ്ഞുതുളുമ്പുന്ന നാരങ്ങാവെള്ളം. തരിക്കഞ്ഞിയിൽ ചന്ദ്രക്കലപോലെ വീണുകിടക്കുന്ന അണ്ടിപ്പരിപ്പിൻ കഷ്ണങ്ങൾ. മൺചട്ടിയിൽ വേവുന്ന ഇറച്ചിക്കറിയുടെ മണം. പത്തിരിച്ചട്ടിയിൽ നൈസ്പത്തിരി. മഗ്രിബ് ബാങ്കിന്റെ അലകൾ കണ്ണുകളിലെ തിളക്കം തിരിച്ചുകൊണ്ടുവരുന്നു.ഒരു തുള്ളി നീർക്കണം, അത് തൊണ്ടയെ നനയ്ക്കുന്നതും ഉള്ളിലെ മരുഭൂവിൽ ഇറ്റിയിറ്റിവീഴുന്നതും അവിടം തണുപ്പ് നിറയുന്നതും കണ്ണടച്ചുപിടിച്ച് അറിയുന്നു, നിർവൃതിയടയുന്നു.നോമ്പുകാരന് രണ്ട് സന്തോഷങ്ങൾ; ഒന്ന് നോമ്പ് തുറക്കുമ്പോൾ, മറ്റൊന്ന് അവന്റെ നാഥനെ കണ്ടുമുട്ടുമ്പോൾ.