Connect with us

Health

മനുഷ്യരാശിയോളം പഴക്കമുള്ള കുഷ്ഠരോഗം

കുഷ്ഠരോഗം ഇപ്പാഴും നമുക്ക് ചുറ്റുമുണ്ട് എന്നതാണ് യാഥാർഥ്യം. സംസ്ഥാനത്തെ ഓരോ ജില്ലയില്‍നിന്നും ഓരോ വര്‍ഷവും പുതുതായി കുഷ്ഠരോഗികളെ കണ്ടെത്തുന്നുണ്ട്.

Published

|

Last Updated

മനുഷ്യചരിത്രത്തോളം പഴക്കമുളള ഒരു രോഗമാണ് കുഷ്ഠരാഗം. ഈ രോഗമുണ്ടാക്കുന്ന വൈകല്യങ്ങളാണ് ചിലരെങ്കിലും ഇതിനെ ഭയത്താടെയും അവജ്ഞയോടെയും കാണാന്‍ കാരണം. എന്നാല്‍ കുഷ്ഠരോഗമോ? അതൊക്കെ ഇപ്പോഴും ഉണ്ടോ എന്നു ചോദിക്കുന്നവരുമുണ്ട്. കുഷ്ഠരോഗം ഇപ്പാഴും നമുക്ക് ചുറ്റുമുണ്ട് എന്നതാണ് യാഥാർഥ്യം. സംസ്ഥാനത്തെ ഓരോ ജില്ലയില്‍നിന്നും ഓരോ വര്‍ഷവും പുതുതായി കുഷ്ഠരോഗികളെ കണ്ടെത്തുന്നുണ്ട്. അവർ ചികിത്സ നല്‍കുന്നുമുണ്ട്. രോഗം വിവരം പുറത്തു പറയാതെ ചികിഝ തേടുന്നവരും ധാരാളം.

ഓരോ വര്‍ഷവും കണ്ടുപിടിക്കപ്പെടുന്ന രോഗികളുടെ എണ്ണം ഈ വെല്ലുവിളിയുടെ ചെറിയൊരു അംശം മാത്രമാണ്. രോഗമുണ്ടായിട്ടും അത് തിരിച്ചറിയാതെപോകുന്നവരുമുണ്ട്. ഇതെല്ലാം കാണിക്കുന്നത് കുഷ്ഠരോഗത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നുതന്നെയാണ്.

ചരിത്രം

മനുഷ്യരാശി നാലായിരം വര്‍ഷമെങ്കിലുമായി നേരിടുന്ന രോഗമാണ് കുഷ്ഠം എന്നാണ് ചരിത്രസാക്ഷ്യം. ഇന്ത്യയിലേയും, ചൈനയിലേയും, ഈജിപ്തിലേയും പുരാതനസംസ്‌കാരങ്ങള്‍ക്ക് ഈ രോഗം പരിചിതമായിരുന്നു. അക്കാലങ്ങളില്‍ കുഷ്ഠബാധയില്‍ ഇരുപതു ലക്ഷത്തിനും മുപ്പതു ലക്ഷത്തിനും ഇടക്ക് ആളുകള്‍ക്ക് സ്ഥിരമായ അംഗഭംഗം വന്നിട്ടുണ്ടാകാമെന്ന് 1995-ല്‍ ലോകാരോഗ്യസംഘടന കണക്കാക്കി.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ലോകമൊട്ടാകെ 15 ലക്ഷം മനുഷ്യര്‍ ഈ രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ചു. ചികിത്സക്കു സൗകര്യമുള്ള സാഹചര്യങ്ങളില്‍, രോഗികളെ നിര്‍ബ്ബന്ധപൂര്‍വം ഒറ്റപ്പെടുത്തുകയോ മാറ്റി താമസിപ്പിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും ഇന്ത്യ ഉള്‍പ്പെടെ പല നാടുകളിലും കുഷ്ഠരോഗികളുടെ കോളനികള്‍ ഇപ്പോഴും നിലവിലുണ്ട്. ഇന്ത്യയില്‍ തന്നെ ആയിരത്തോളം കോളനികള്‍ ഉള്ളതായി പറയപ്പെടുന്നു. ചൈന, റൊമേനിയ, ഈജിപ്ത്, നേപ്പാള്‍, സൊമാലിയ, ലൈബീരിയ, വിയറ്റ്‌നാം, ജപ്പാന്‍ എന്നിവിടങ്ങളിലും കുഷ്ഠരോഗി കോളനികളുണ്ട്.

ഏറെ സാംക്രമികസ്വഭാവമുള്ള രോഗമായി കുഷ്ഠം ഒരു കാലത്തു കരുതപ്പെട്ടിരുന്നു. 1530-ല്‍ തിരിച്ചറിയപ്പെട്ട സിഫിലിസിന്റെ കാര്യത്തിലെന്ന പോലെ രസം(മെര്‍ക്കുറി) ഉപയോഗിച്ചായിരുന്നു ഇതിന്റെയും ചികിത്സ. ചിലപ്പോഴെങ്കിലും കുഷ്ഠമായി കണക്കാക്കപ്പെട്ടിരുന്നത് സിഫിലിസ് ആയിരുന്നിരിക്കാനും സാദ്ധ്യതയുണ്ട്.

കുഷ്ഠരോഗം

മൈക്കോബാക്ടീരിയം ലെപ്രേ, മൈക്കോബാക്ടീരിയം ലെപ്രോമാറ്റോസിസ് എന്നീ ഇനങ്ങളില്‍ പെട്ട ബാക്ടീരിയ വഴി ഉണ്ടാകുന്ന ഒരു കഠിനരോഗമാണ് കുഷ്ഠ രോഗം. രോഗാണുവിനെ കണ്ടുപിടിച്ച നോര്‍വേക്കാരന്‍ ജി.എച്ച്.എ.ഹാന്‍സന്‍ എന്ന വൈദ്യന്റെ പേരു പിന്തുടര്‍ന്ന് ‘ഹാന്‍സന്റെ രോഗം’ എന്ന പേരിലും ഇതറിയപ്പെടുന്നു.

രോഗലക്ഷണങ്ങള്‍

മുഖ്യമായും ശ്വാസനാളത്തിന്റെ മേല്‍ഭാഗത്തെ ഉപരിതലനാഡികളേയും ശ്ലേഷ്മപടലത്തേയും ബാധിക്കുന്ന രോഗമായ കുഷ്ഠത്തിന്റെ പ്രധാന ബാഹ്യലക്ഷണം ചര്‍മ്മത്തിലെ ക്ഷതങ്ങളാണ്. ചികിത്സ ചെയ്യാതിരുന്നാല്‍ ഈ രോഗം ക്രമേണ വഷളായി, ചര്‍മ്മത്തിനും, നാഡികള്‍ക്കും, അവയവങ്ങള്‍ക്കും, കണ്ണ് ഉള്‍പ്പെടെയുള്ള ഇന്ദ്രിയങ്ങള്‍ക്കും സ്ഥായിയായ കേടു വരുത്താനിടയുണ്ട്. എങ്കിലും പൊതുവേ വിശ്വസിക്കപ്പെടുന്നതു പോലെ, ശരീരഭാഗങ്ങള്‍ ഈ രോഗത്തിന്റെ മാത്രം ഫലമായി അടര്‍ന്നു പോകാറില്ല; എന്നാല്‍ ദ്വിതീയമായ അണുബാധയില്‍ അവയവങ്ങള്‍ക്ക് ക്ഷതം പറ്റുകയോ ചേതന നഷ്ടപ്പെടുകയോ ചെയ്യാം. കുഷ്ഠബാധ ശരീരത്തിന്റെ പ്രതിരോധശക്തിയെ ദുര്‍ബ്ബലപ്പെടുത്തുന്നതു മൂലമാണ് ഇതു സംഭവിക്കുന്നത്. ഈ ദ്വിതീയബാധകളില്‍ അവയവങ്ങള്‍ ക്ഷയിക്കുകയോ, വികൃതമാവുകയോ, തരുണാസ്ഥി ആഗിരണം ചെയ്യപ്പെട്ട് ചെറുതാവുകയോ ചെയ്യാം.

കുഷ്ഠരോഗ ദിനം

ജനുവരി മാസത്തിലെ അവസാന ഞായറാഴ്ച്ചയാണ് കുഷ്ഠരാഗനിവാരണ ദിനമായി നീക്കിവച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഈ ദിനം ആചരിക്കുന്നത് എല്ലാവര്‍ഷവും നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30-നാണ്. ഗാന്ധിജിക്ക് കുഷ്ഠരോഗികളോടുണ്ടായിരുന്ന സവിശേഷ ദയാവായ്പും അനുകമ്പയും കണക്കിലെടുത്താണ് ഭാരതത്തില്‍ ഈ ദിവസം ഈ ദിനമായി ആചരിക്കുന്നത്.

കുഷ്ഠരോഗികളുടെ അനുഭവം പങ്കുവയ്ക്കുക, ഈ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് വളര്‍ത്തുക, ഈ രോഗത്തിന്റെ പേരില്‍ മുദ്രകുത്തപ്പെടുന്ന വിവേചനം ഇല്ലായ്മ ചെയ്യുക തുടങ്ങിയവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍.

2030 ആകുമ്പോഴേയക്കും കുഷ്ഠരോഗികള്‍ ഇല്ലാത്ത രാജ്യങ്ങളുടെ എണ്ണം 120 ആയി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ കുഷ്ഠരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

 

Latest