Siraj Article
പാഠം ഒന്ന്: ജാഗ്രത
കൊവിഡിന്റെ തുടക്കത്തില്‍ നാം പുലര്‍ത്തിയ ജാഗ്രത കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്. അധ്യാപകരും രക്ഷാകര്‍ത്താക്കളും അക്കാര്യത്തില്‍ അവരവരുടെ ഉത്തരവാദിത്വം നിറവേറ്റണം. കുട്ടികളോട് നിരന്തരമായി പറയുകയും സ്‌കൂളുകളില്‍ അത് മോണിറ്റര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. കൊവിഡ് കണക്കുകള്‍ പൂജ്യത്തില്‍ എത്തുന്നത് വരെ ആ ജാഗ്രത തുടര്‍ന്നാല്‍ മാത്രമേ സ്‌കൂള്‍ തുറക്കാനുള്ള നമ്മുടെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കാനാകൂ
ഒടുവില് സ്‌കൂളുകളുടെ വാതിലുകള്‍ കുട്ടികള്‍ക്കായി മലർക്കേ തുറക്കുകയാണ്. കേരളപ്പിറവി ദിനമായ ഇന്ന് നമ്മുടെ കൊച്ചുകുട്ടികള്‍ വീണ്ടും അവരുടെ പള്ളിക്കൂടങ്ങളിലേക്ക് മെല്ലെ പിച്ചവെച്ചുതുടങ്ങും. രക്ഷാകര്‍ത്താക്കളുടെ ആശങ്കകള്‍ ഒരു വശത്ത്, അധ്യാപകരുടെ സമ്മര്‍ദങ്ങള്‍ മറ്റൊരു വശത്ത്, എല്ലാത്തിനുമപ്പുറം കുട്ടികള്‍ക്ക് തങ്ങളുടെ കൂട്ടുകാരെ നീണ്ട ഒരു ഇടവേളക്കു ശേഷം കാണുന്നതിന്റെ സന്തോഷവും ആഘോഷവും. കൊവിഡിനു ശേഷം ഏറ്റവും വലിയ ഒരു തീരുമാനമാണ് നമ്മള്‍ പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. കോളജും സിനിമാ തിയേറ്ററും തുറക്കുന്ന പോലെയല്ല ലക്ഷക്കണക്കിന് കുട്ടികളുള്ള സ്‌കൂളുകള്‍ തുറക്കുന്നത്. കുട്ടികള്‍ക്കൊപ്പം അവരുടെ രക്ഷാകര്‍ത്താക്കള്‍, അവരുടെ അധ്യാപകര്‍ എന്നിങ്ങനെ അവര്‍ക്കൊപ്പം വലിയൊരു കൂട്ടവും പുറത്തേക്ക് ഇറങ്ങുകയാണ്. അതുകൊണ്ട് തന്നെ നവംബര്‍ ഒന്ന് കേരളപ്പിറവിക്കൊപ്പം കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ കൂടി ഒരു പുതിയ ഏട് എഴുതിച്ചേര്‍ക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാം ആശങ്കപ്പെടേണ്ട കാര്യമില്ല. പക്ഷേ, എന്നുകരുതി നാം നിയന്ത്രണങ്ങളെ വല്ലാതെ ഉപേക്ഷിക്കാനും പാടില്ല.
ജാഗ്രത തത്കാലം കൈവിടരുത്
കൊവിഡ് പൂര്‍ണമായും പിന്‍വാങ്ങിയിട്ടില്ല എങ്കില്‍പ്പോലും നമുക്ക് കുറച്ചൊക്കെ ആത്മവിശ്വാസം കൈവന്നിട്ടുണ്ട്. കുട്ടികളില്‍ കൊവിഡ് വൈറസിനെതിരെ സ്വതവേയുള്ള പ്രതിരോധ ശക്തിയും, കൊവിഡിന്റെ ഭീഷണി മെല്ലെയാണെങ്കിലും ദിനംപ്രതി കുറഞ്ഞു വരുന്നതും ഒക്കെയാകാം ഈ ആത്മവിശ്വാസത്തിന് കാരണം. എന്നിരുന്നാല്‍ തന്നെയും, കൊവിഡിന്റെ സാധ്യതകളെ പൂര്‍ണമായും തള്ളിക്കളയാനാകില്ല. പ്രത്യേകിച്ച് വര്‍ഷങ്ങള്‍ക്കുശേഷം സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ കൂട്ടുകാരെ കാണുമ്പോള്‍ സൗഹൃദത്തിന്റെ തണലില്‍ കൊവിഡ് പ്രോട്ടോകോള്‍ കാറ്റില്‍ പറത്താന്‍ തന്നെയാണ് സാധ്യത. അത് ചെറിയ തോതിലെങ്കിലും രോഗസാധ്യതകള്‍ക്ക് കാരണമായേക്കാം. അതുകൊണ്ട്, കൊവിഡിന്റെ തുടക്കത്തില്‍ നാം പുലര്‍ത്തിയ ജാഗ്രത കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്. അധ്യാപകരും രക്ഷാകര്‍ത്താക്കളും അക്കാര്യത്തില്‍ അവരവരുടെ ഉത്തരവാദിത്വം നിറവേറ്റണം. കുട്ടികളോട് നിരന്തരമായി പറയുകയും സ്‌കൂളുകളില്‍ അത് മോണിറ്റര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. കൊവിഡ് കണക്കുകള്‍ പൂജ്യത്തില്‍ എത്തുന്നതുവരെ ആ ജാഗ്രത തുടര്‍ന്നാല്‍ മാത്രമേ സ്‌കൂള്‍ തുറക്കാനുള്ള നമ്മുടെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കാനാകൂ.
എല്ലാ അര്‍ഥത്തിലും ഓരോ കുട്ടിയും ആദ്യമായി സ്‌കൂളില്‍ വരുന്ന ഒരു പ്രതീതിയാണ് ഇത്തവണ സ്‌കൂള്‍ തുറക്കുമ്പോള്‍ സംജാതമാകാന്‍ പോകുന്നത്. ഒന്നര വര്‍ഷത്തില്‍ അധികമായി സ്‌കൂളിന്റെ വരാന്ത പോലും കാണാതെയാണ് ഏതാണ്ട് അപരിചിതരെപ്പോലെ കുട്ടികള്‍ വീണ്ടും സ്‌കൂളുകളില്‍ എത്തുന്നത്. കൊവിഡ് അനാഥമാക്കിയ വളരെ വിലപ്പെട്ട ഒരു സ്‌കൂൾ വര്‍ഷക്കാലം കുട്ടികള്‍ വീട്ടില്‍ അടച്ചിരുന്നു. അടുത്ത അക്കാദമിക കാലത്തേക്ക്, അതും അഞ്ച് മാസത്തോളം വൈകി നാം കാലെടുത്തു വെക്കുമ്പോള്‍ ആശങ്കകള്‍ പലതാണ്.
സമ്മര്‍ദം നല്‍കരുത്
ഈ അധ്യയന വര്‍ഷം തീരാന്‍ ഇനിയധികം സമയമില്ല. തീര്‍ച്ചയായും എത്രയും പെട്ടെന്ന് പഠിപ്പിച്ചു തീര്‍ക്കാനാകും അധ്യാപകരുടെ ശ്രമം. പഠിപ്പിച്ചു തീർക്കൽ അധ്യാപകരെ സംബന്ധിച്ച് അത്ര എളുപ്പമല്ല എന്നാകിലും, അവരുടെ ഉത്തരവാദിത്വമായി വിദ്യാഭ്യാസ വകുപ്പ് വ്യാഖ്യാനിക്കുമ്പോള്‍ അത് അവര്‍ക്ക് തീര്‍ത്തേ മതിയാകൂ. എന്നാല്‍ അത് പഠിച്ചെടുക്കേണ്ടിവരുന്ന കുട്ടികളുടെ കാര്യം അങ്ങനെയല്ല. ഒരു വര്‍ഷത്തിലേറെയായി വീടുകളില്‍ മൊബൈല്‍ ഫോണുകളുടെ മുന്നില്‍ മാത്രം തളച്ചിടപ്പെട്ട കുട്ടികള്‍ സ്‌കൂളുകളിലേക്ക് വരാന്‍ അതിയായി ആഗ്രഹിച്ചത് അവരുടെ പഠനഭാരം അല്‍പ്പമെങ്കിലും കുറയുമെന്നും കൂട്ടുകാരുമായി സമയം ചെലവഴിക്കാം എന്നുമുള്ള ആഗ്രഹത്തോടെയാണ്. എന്നാല്‍, സ്‌കൂളുകളിലെത്തുമ്പോള്‍ അവര്‍ക്ക് അമിത ഭാരമാണ് അവിടെ കാത്തിരിക്കുന്നതെങ്കില്‍ കുട്ടികള്‍ മാനസികമായി തകരും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍, വരുന്ന അധ്യയന വര്‍ഷം കുട്ടികളെ നമ്മുടെ സ്‌കൂളുകളുടെ അന്തരീക്ഷത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. അവര്‍ ആദ്യം മെല്ലെ തിരിച്ചുവരട്ടെ. എന്നിട്ടാകാം പുറത്ത് ഭാരം കയറ്റുന്നത്.
കൗണ്‍സിലിംഗ് നിര്‍ബന്ധം
സ്‌കൂളുകളില്‍ കൗണ്‍സിലിംഗ് നടത്തപ്പെടുന്നുണ്ടെങ്കിലും ക്രിയാത്മകമായി എല്ലാ കുട്ടികള്‍ക്കുമായി നടത്തപ്പെടുന്നുണ്ടോ എന്നത് സംശയമാണ്. എന്നാല്‍ ഇപ്പോള്‍ സ്‌കൂളുകളിലേക്ക് എത്തിപ്പെടാന്‍ പോകുന്ന കുട്ടികള്‍ സ്വാഭാവികമായും വീടുകളില്‍ ഇരുപത്തിനാല് മണിക്കൂറും കഴിഞ്ഞവരാണ്. അവരുടെ രക്ഷാകര്‍ത്താക്കള്‍ക്ക് കൊവിഡ് കാലത്തെ ജോലിയുമായി ബന്ധപ്പെട്ട വലിയ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടാകാം. അതൊക്കെത്തന്നെ നേരില്‍ കണ്ടും അനുഭവിച്ചും ഉള്ള മാനസികാവസ്ഥയിലാകും കുട്ടികള്‍ ഇപ്പോള്‍ ഉള്ളത്. ഈയവസരത്തില്‍ അവരെ അത്തരം മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താനും പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരാനും കൗണ്‍സിലര്‍മാരായ അധ്യാപകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തുറന്നു സംസാരിക്കാനും എന്ത് കാര്യത്തിനും മാനസിക പിന്തുണ കുട്ടികള്‍ക്ക് നല്‍കാനും അധ്യാപകര്‍ തയ്യാറായിരിക്കണം. കേവലം പാഠം പഠിപ്പിക്കുന്നവര്‍ ആകാതെ, അവരുടെ സർവതോമുഖമായ പുരോഗതിയാണ് വിദ്യാഭ്യാസ വകുപ്പ് ഈയവസരത്തില്‍ ലക്ഷ്യമിടേണ്ടത്.
ശാസ്ത്ര വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം
മറ്റു വിഷയങ്ങളെ അപേക്ഷിച്ച്, ഒരുപക്ഷേ ശാസ്ത്ര വിഷയങ്ങളുടെ കാര്യത്തില്‍ കുട്ടികള്‍ക്ക് പഠനത്തോടുള്ള ആഭിമുഖ്യം ഏതാണ്ട് മുഴുവനായും ഈ കൊവിഡ് കാലം കവര്‍ന്നിട്ടുണ്ടാകും. എന്തുകൊണ്ടെന്നാല്‍, നമ്മുടെ പഠന രീതികള്‍ ക്ലാസ് മുറികളുടെ ചുവരുകള്‍ക്കുള്ളില്‍ മാത്രമായാണല്ലോ ശാസ്ത്ര പഠനങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട് ക്രിയാത്മകമായ ശാസ്ത്ര പഠനത്തിന് കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യവും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കേണ്ടത് ഇനി വരുന്ന സുഗമമായ പഠനാന്തരീക്ഷത്തിന് അത്യന്താപേക്ഷിതമാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അതിനുള്ള പരിശീലനം നമ്മുടെ അധ്യാപകര്‍ക്ക് കിട്ടിയിട്ടില്ല. ശാസ്ത്രത്തില്‍ കുട്ടികള്‍ക്ക് അടിത്തറയുണ്ടാക്കേണ്ടതിന്റെ ആവശ്യകത നാം ഏറ്റവുമധികം തിരിച്ചറിഞ്ഞ കാലമായിരുന്നല്ലോ കൊവിഡ് കാലം. വളരെ കൃത്യമായും ശാസ്ത്രീയമായും പ്രതിരോധരീതികള്‍ ആവിഷ്‌കരിച്ചതാണ് കേരളത്തിന് ആദ്യ ഘട്ടത്തിലെങ്കിലും കൊവിഡ് പ്രതിരോധ മാതൃകയുടെ കാര്യത്തില്‍ മേല്‍ക്കൈ സമ്മാനിച്ചത്. പക്ഷേ, അങ്ങനെയൊരു ശാസ്ത്രബോധം കുട്ടികളില്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. കേവലം പാഠങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുന്നതില്‍ മാത്രം അധ്യാപകര്‍ ശുഷ്‌കാന്തി കാണിക്കുകയും പരീക്ഷ നടത്തി ജയിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ നിന്ന് മാറ്റം വരേണ്ടതുണ്ട്.
ഇന്ന് മുതല്‍ സ്‌കൂള്‍ അന്തരീക്ഷത്തില്‍ പുതിയൊരു കേരളം പുലരാന്‍ പോകുകയാണ്. തീര്‍ച്ചയായും കുട്ടികള്‍ നാളെയുടെ വാഗ്ദാനങ്ങള്‍ തന്നെയാണ്. സ്‌കൂളുകളില്‍ ആണ് അവര്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ചു തുടങ്ങുന്നത്. കൊവിഡിന്റെ പരീക്ഷണ കാലം താണ്ടി നമ്മുടെ കുട്ടികള്‍ അറിവിന്റെയും അധ്യയനത്തിന്റെയും വിശാലമായ ലോകത്തേക്ക് പറന്നുയരുന്ന കാഴ്ചക്കായി നമുക്ക് കാത്തിരിക്കാം.