Connect with us

Articles

മാലിന്യപ്പുക നല്‍കുന്ന പാഠങ്ങള്‍

'എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം' എന്ന മുദ്രാവാക്യം ഇത്തിരിയെങ്കിലും ജീവിതത്തില്‍ പകര്‍ത്തിയാല്‍ പരമാവധി മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാന്‍ കഴിയും.

Published

|

Last Updated

കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ ശേഖരത്തില്‍ സംഭവിച്ച ദിവസങ്ങള്‍ നീണ്ട അഗ്‌നിബാധ മാധ്യമങ്ങളിലും ചര്‍ച്ചകളിലും നിറയുകയാണല്ലോ. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യമല ദിവസങ്ങളോളം നിന്ന് കത്തിയപ്പോള്‍ കൊച്ചിയാകെ വിഷപ്പുക വമിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാലിന്യ നീക്കത്തിന് തടസ്സം വന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള ചര്‍ച്ചകളും കേട്ടു. ഭക്ഷണാവശിഷ്ടങ്ങളും മറ്റും കൂടുതല്‍ സമയം വീടുകളില്‍ സൂക്ഷിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ചാണ് പലരും സംസാരിക്കുന്നത്. ഈ മാലിന്യ മലയും അഗ്‌നിബാധയും വിഷപ്പുകയും ഒക്കെ നമുക്ക് നല്‍കുന്ന ചില പാഠങ്ങളുണ്ട്. ഈ മാലിന്യ ശേഖരം ഒരു വലിയ മലയായി ഒരു ദിവസം അവിടെ പ്രത്യക്ഷപ്പെട്ടതല്ലല്ലോ. നിരവധി വീടുകള്‍, ഹോട്ടലുകള്‍, വിരുന്നു കേന്ദ്രങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കൊച്ചുകൊച്ചു കൂനകള്‍ ആയി അവിടെ എത്തിപ്പെട്ട് വലിയ ഒരു മല രൂപാന്തരപ്പെടുകയായിരുന്നു എന്ന് നമുക്കെല്ലാം അറിയാം.

‘എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം’ എന്ന മുദ്രാവാക്യം ഇത്തിരിയെങ്കിലും ജീവിതത്തില്‍ പകര്‍ത്തിയാല്‍ പരമാവധി മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാന്‍ കഴിയും. അങ്ങനെ കഴിയാത്തവ തരംതിരിച്ച് ശേഖരിച്ച് സംസ്‌കരണത്തിന് അയക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ മാലിന്യ മലയുടെ വലിയ ഒരു ശതമാനം അവിടെ രൂപപ്പെടില്ലായിരുന്നു. പ്ലാസ്റ്റിക് മാലിന്യത്തെ കഴുകി ഉണക്കി സംസ്‌കരിക്കുന്നതിലൂടെ വരുമാനം നേടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാതൃകകള്‍ കേരളത്തില്‍ തന്നെ ഉണ്ട്. വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ സമാനമായ ഒരു മാതൃകാ നീക്കത്തെക്കുറിച്ച് കൂടെ ഇവിടെ പറയാം. ‘സേവ്’ എന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികളോട് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴുകി ഉണക്കി വീടുകളില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ സൂക്ഷിച്ചവ മൂന്ന് മാസത്തിലൊരിക്കല്‍ സ്‌കൂളുകളിലേക്ക് കൊണ്ടുവരികയും അന്ന് തന്നെ പത്ത് സ്‌കൂളുകള്‍ക്ക് ഒന്ന് എന്ന രീതിയില്‍ നിശ്ചയിച്ചിട്ടുള്ള സംഭരണ കേന്ദ്രമായ സ്‌കൂളിലേക്ക് മാറ്റുകയും അവിടെ നിന്ന് സംസ്‌കരണത്തിനായി അയക്കുകയും ചെയ്യുന്ന ഒരു രീതി ആയിരുന്നു അത്. ഇങ്ങനെ 25 ടണ്ണില്‍ ഏറെ പ്ലാസ്റ്റിക് മാലിന്യമാണ് സംസ്‌കരണത്തിന് അയച്ചത്. ഇത്തരം മാതൃകകള്‍ മനസ്സുവെച്ചാല്‍ എവിടെയും പ്രാവര്‍ത്തികമാക്കാവുന്നതേ ഉള്ളൂ.

ചുറ്റും കണ്ണോടിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്ന ചില ദൃശ്യങ്ങള്‍ ഉണ്ട്. ഭക്ഷണപ്പൊതികള്‍ വാങ്ങുമ്പോള്‍ ഒരു പ്ലാസ്റ്റിക് പാത്രവും അത് പൊതിയാന്‍ ഒരു പ്ലാസ്റ്റിക് കവറും കാണാം. ഭക്ഷണം കഴിഞ്ഞാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്ളില്‍ വെച്ച് പാത്രം ചുരുട്ടി പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ് മാലിന്യ സംഭരണിയില്‍ നിക്ഷേപിക്കുന്നതാണ് പൊതുവെ കാണാറുള്ളത്. എന്നാല്‍ അതിന് പകരം ഭക്ഷണാവശിഷ്ടങ്ങള്‍ പ്രത്യേകം ഒരു സംഭരണിയില്‍ നിക്ഷേപിച്ച്, പാത്രം കഴുകി പാത്രവും പ്ലാസ്റ്റിക് കവറും മറ്റൊരു സംഭരണിയില്‍ സൂക്ഷിച്ചാല്‍ ദുര്‍ഗന്ധം ഇല്ലാതെ എത്രകാലം വേണമെങ്കിലും സൂക്ഷിക്കാമല്ലോ. ഭക്ഷണാവശിഷ്ടങ്ങള്‍ ജീവികള്‍ക്ക് തിന്നാന്‍ നല്‍കുകയോ കമ്പോസ്റ്റ് കുഴിയില്‍ ഇടുകയോ കുഴിച്ചിടുകയോ എന്തുവേണമെങ്കിലും ചെയ്യാം. കഴുകി സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യത്തെ സംസ്‌കരണത്തിന് കൊണ്ടുപോകുന്ന ആളുകളെ ഏല്‍പ്പിച്ചാല്‍ ചെറിയ വരുമാനം നേടുകയും ചെയ്യാം. ഈ രീതിയില്‍ തരംതിരിച്ച് നമ്മുടെ മാലിന്യത്തെ കൈകാര്യം ചെയ്താല്‍ മാലിന്യ പ്രശ്നത്തില്‍ നിന്ന് വളരെ എളുപ്പത്തില്‍ നമുക്ക് രക്ഷനേടാന്‍ കഴിയും. അതിനായി ഒന്ന് മനസ്സ് വെക്കുകയും ഇത്തിരി സമയം ചെലവഴിക്കുകയും ചെയ്താല്‍ മതി. അതിലൂടെ നമ്മുടെ നാടിനെ ദുര്‍ഗന്ധപൂരിതമായ മാലിന്യ വിപത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയും. അത് ഒരു സാമൂഹിക പ്രതിബദ്ധതയായി നാം ഏവരും ഏറ്റെടുത്തെങ്കില്‍!
(കേരള സര്‍ക്കാറിന്റെ വനമിത്ര പുരസ്‌കാര ജേതാവാണ് ലേഖകന്‍)

 

Latest