തെളിയോളം
വീമ്പ് പറയാം, വീർപ്പിച്ചോ വെറുപ്പിച്ചോ വേണ്ട
നിങ്ങളെക്കുറിച്ച് നിങ്ങൾ തന്നെ സംസാരിക്കാൻ തുടങ്ങുമ്പോൾ നേരിയ പരിഭ്രാന്തിയും വാക്കുകളിൽ ഇടർച്ചയും വരാം, അത് സാധാരണമാണ്. ആവശ്യമായ സമയങ്ങളിൽ ഒരു എലിവേറ്റർ പിച്ച് റിഹേഴ്സൽ ചെയ്യുന്നതിലൂടെ ആത്മവിശ്വാസത്തോടെ സ്വയം അവതരിപ്പിക്കാനുള്ള പ്രാപ്തി കൂട്ടാൻ കഴിയും.
നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് അൽപ്പമെങ്കിലും വീമ്പിളക്കാൻ ധൈര്യമുണ്ടാകേണ്ടത് ഏത് രംഗത്തും വിജയം കൈവരിക്കാൻ അനിവാര്യമായി വേണ്ട ഒരു പുതിയകാല ഗുണമാണ്. നമ്മൾ ജീവിക്കുന്നത് അതിവേഗ ലോകത്താണല്ലോ. നിങ്ങൾ ഒരു ടീമിനെ എങ്ങനെ സഹായിച്ചു അല്ലെങ്കിൽ ഒരു ലക്ഷ്യം നേടുന്നതിൽ നിങ്ങൾ വഹിച്ച പങ്ക് എന്ത് എന്നതിലേക്ക് വെളിച്ചം വീശുക എന്നത് ഇക്കാലത്ത് നിങ്ങളുടെ ബ്രാന്റ് വാല്യു കൂട്ടുന്ന സുപ്രധാന ഘടകമാണ്.
നിങ്ങളുടെ മൂല്യം ന്യായമായും ഉചിതമായും ആശയവിനിമയം നടത്തുക എന്നതിനർഥം നിങ്ങളുടെ വൈദഗ്ധ്യത്തിന്റെ മേഖലയിൽ ഒരു നിപുണതയും മേന്മയുമുള്ള പ്രൊഫഷണലായി മറ്റുള്ളവർക്ക് സ്വയം അവതരിപ്പിക്കുക എന്നാണ്. ഭാവിയിൽ നിങ്ങളുടെ വളരുന്ന കരിയറിനെ അരക്കിട്ടുറപ്പിക്കാൻ കഴിയുന്ന ഒരു മികച്ച നൈപുണ്യമാണിത്. നിങ്ങളുടെ പ്രൊഫഷണൽ വളർച്ച നിങ്ങൾക്കായി വാദിക്കാനുള്ള നിങ്ങളുടെ കഴിവിനെ കൂടി ആശ്രയിച്ചിരിക്കുന്നു എന്നർഥം.
സ്വയം എങ്ങനെ പ്രമോട്ട് ചെയ്യാമെന്ന് അറിയുന്നത് നിങ്ങളുടെ തൊഴിൽ പ്രമോഷനുകൾ, ജോലി വാഗ്ദാനങ്ങൾ, പുതിയ അവസരങ്ങൾ എന്നിവയെ ത്വരിതപ്പെടുത്തും. കരിയറിലെ നിങ്ങളുടെ സാധ്യതകൾ ശക്തിപ്പെടുത്തുന്നതിന് മറ്റുള്ളവരുമായി നിങ്ങളുടെ നേട്ടങ്ങൾ എപ്പോൾ, എങ്ങനെ ചർച്ച ചെയ്യണമെന്നറിയണം. നിങ്ങളുടെ നേട്ടങ്ങൾ അല്ലെങ്കിൽ നിങ്ങൾ നേടിയ മറ്റെന്തെങ്കിലും ഹൈലൈറ്റ് ചെയ്യുന്നതാണ് സ്വയം പ്രൊമോഷൻ. ഇത് ചെയ്യുന്നതിലൂടെ, നിങ്ങൾ നിങ്ങളുടെ അനുഭവവും കഴിവും മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയാണ്. വിവിധ മേഖലകളിലെ സാധ്യതകളിലേക്ക് കടന്ന് കയറാനും നിങ്ങളുടെ കഴിവുകൾ പങ്കിടാനും ഇത് നിങ്ങളെ സഹായിക്കും. നിങ്ങളുടെ മികവുകളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് നിങ്ങളെ നയിക്കുന്നവർക്ക് നിശ്ചയിക്കാൻ പാകത്തിന് സ്വന്തം വൈഭവങ്ങളെ തനത് ഭാവത്തിൽ വിശദമായിതന്നെ വിവരിക്കാൻ കഴിയുന്നത് ചെറിയ കാര്യമല്ല.
സ്വയം പ്രമോഷൻ എന്നത് പൊങ്ങച്ചം പറച്ചിലോ “തള്ളി മറിക്കലോ’ അല്ല. നിങ്ങളുടെ ഏറ്റവും മികച്ച വ്യക്തിത്വവും നിങ്ങളുടെ കഠിനാധ്വാനത്തിന്റെ തെളിവും എങ്ങനെ അവതരിപ്പിക്കണമെന്ന് അറിയുക എന്നതാണ്. മത്സരാധിഷ്ഠിത രംഗങ്ങളിൽ നമുക്കുള്ളത് മറച്ചു വെക്കുന്നത് വളർച്ച മുരടിക്കാൻ മാത്രമേ ഉതകൂ. തന്നെക്കുറിച്ചുള്ള “ജാക്കി’ ആയി തോന്നിയാലോ എന്ന് കരുതി നാം ഉണ്ടാക്കിയ ഫലങ്ങളെ മൂടിവെക്കേണ്ടതില്ല.
നിങ്ങളെക്കുറിച്ച് നിങ്ങൾ തന്നെ സംസാരിക്കാൻ തുടങ്ങുമ്പോൾ നേരിയ പരിഭ്രാന്തിയും വാക്കുകളിൽ ഇടർച്ചയും വരാം, അത് സാധാരണമാണ്. ആവശ്യമായ സമയങ്ങളിൽ ഒരു എലിവേറ്റർ പിച്ച് റിഹേഴ്സൽ ചെയ്യുന്നതിലൂടെ ആത്മവിശ്വാസത്തോടെ സ്വയം അവതരിപ്പിക്കാനുള്ള പ്രാപ്തി കൂട്ടാൻ കഴിയും. അഭിമുഖ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, അല്ലെങ്കിൽ മേലധികാരിയുമായുള്ള സംഭാഷണങ്ങൾ എന്നിവയിൽ നിങ്ങളെക്കുറിച്ച് പറയുന്നിടത്ത് ആത്മവിശ്വാസം വർധിപ്പിക്കാനും ഇത് സഹായിക്കും. കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ അല്ലെങ്കിൽ കണ്ണാടിയിൽ നോക്കിയോ ഇത് സ്വയം ചെയ്ത് പരിശീലിക്കാൻ കഴിയും. സ്വയം മുകളിലേക്ക് ഉയരുന്നതും നിങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കുന്നതും മൂല്യവത്തായ പരിശ്രമമാണ്. സംശയത്തെ മറികടന്ന് സ്വയം എങ്ങനെ വിശ്വസിക്കാമെന്ന് പഠിക്കുന്നതിലൂടെ, നിങ്ങൾക്ക് സ്വയം പ്രമോഷന്റെ കലയിൽ വൈദഗ്ദ്ധ്യം നേടാനാകും.
നിങ്ങൾ ഉൾപ്പെട്ട ഒരു പ്രോജക്ടിനായി നിങ്ങൾ വഹിച്ച നേതൃത്വ പങ്കിന്റെ ക്രെഡിറ്റ് നേടുക, ജോലി അഭിമുഖങ്ങളിൽ നിങ്ങളുടെ ശക്തിയും ബലഹീനതയും വിവരിക്കുക, നിങ്ങളുടെ സ്റ്റാർട്ടപ്പ് ബിസിനസ്സ് ചർച്ച ചെയ്യാൻ സാധ്യതയുള്ള നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തുക, ഒരു ലേഖനമോ ഗവേഷണ പ്രബന്ധമോ എഴുതുകയും അത് മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യുക, നിങ്ങൾ നേടിയ ഒരു വിജയപ്രഖ്യാപനമോ അവാർഡ് വിവരമോ പൊതു പ്ലാറ്റ്ഫോമുകളിൽ പോസ്‌റ്റ് ചെയ്യുക, കമ്പനി ലാഭം എങ്ങനെ വർധിപ്പിച്ചുവെന്ന് നിങ്ങളുടെ ബോസുമായി ചർച്ച ചെയ്യുക ഇതൊക്കെ സ്വയം പ്രമോഷനായി തിരഞ്ഞെടുക്കാവുന്ന ഉചിതമായ സന്ദർഭങ്ങളാണ്. ഇത്തരം സമയങ്ങളിൽ ആധികാരിക ഭാവം സൂക്ഷിക്കുക എന്നതിൽ കൂടി ശ്രദ്ധ വേണം. ഊതി വീർപ്പിച്ച് പറയുന്നതിന്റെ കാമ്പ് നഷ്ടപ്പെടരുത്.
ഏത് സ്ഥാപനവും ഉദ്യോഗാർഥികളിൽ നിന്നുള്ള ആധികാരികതയെ മാത്രമേ വിലമതിക്കുകയുള്ളൂ. ഓരോ സ്ഥാനത്തും നിയമിക്കാൻ ഉചിതമായ വ്യക്തികളെ കണ്ടെത്താനും നിലനിർത്താനും അധികാരികളെ സഹായിക്കുന്ന ഒരു കാര്യം കൂടിയാണിത്. ഒരു വ്യക്തി ഒരു സ്ഥാനം സ്വീകരിച്ചുകഴിഞ്ഞാൽ, കമ്പനിയുടെ ദൗത്യത്തെ മാനിക്കുന്ന വിധത്തിൽ അവർ തങ്ങളുടെ ചുമതലകൾ നിർവഹിക്കുമെന്ന് ഉറപ്പാക്കാൻ ആധികാരികത അവരെ സഹായിക്കും. സ്വയം പ്രമോട്ട് ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകിക്കൊണ്ട് നിയമന പ്രക്രിയയിൽ നിങ്ങൾക്ക് ആധികാരികത പ്രകടിപ്പിക്കാനാകും. നിങ്ങളുടെയും നിങ്ങളുടെ കഴിവുകളുടെയും പ്രമോഷനിൽ സത്യസന്ധത പുലർത്തുന്നത് പോസിറ്റീവ് പ്രശസ്തി ഉണ്ടാക്കാനും നിങ്ങളുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കും. ആധികാരികത നിങ്ങളുടെ യഥാർഥ വ്യക്തിത്വം പ്രകടിപ്പിക്കുന്നതിനും വൈവിധ്യമാർന്ന വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുന്നതിനും നിങ്ങളെ സഹായിക്കും.
വില കളയുന്ന സ്വയം പൊക്കലുകൾ സംഭവിക്കുന്നതാണ് സെൽഫ് പ്രൊമോഷനെ നെഗറ്റീവ് ആയി കാണാൻ കാരണമാകുന്നത്. അനുചിതമായ സമയങ്ങളിൽ സ്വന്തം മേന്മകൾ വിളിച്ചു പറയുന്നവർ അവമതിപ്പ് വിളിച്ചു വരുത്തുകയാണ്. മറ്റൊരാൾക്കുള്ള അവാർഡ്ദാന ചടങ്ങിലോ ഒരു വിവാഹത്തിൽ അല്ലെങ്കിൽ ജന്മദിന പാർട്ടിയിലോ മറ്റൊരാൾ അവരുടെ പ്രശ്നങ്ങൾ അല്ലെങ്കിൽ വൈകാരിക ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യുമ്പോഴോ ഒക്കെ തന്റെ വീര സാഹസിക കഥകൾ പൊലിപ്പിച്ചു പറയാൻ കിട്ടിയ അവസരമായി കാണുന്നവരുണ്ട്. ഇടപെടുന്ന മേഖലയിൽ വളരാനും സാധ്യതകൾ എത്തിപ്പിടിക്കാനുമുള്ള നല്ല മാർഗമായി ഉപയോഗിക്കാവുന്ന സ്വയം പ്രൊമോഷൻ, ഒരു വ്യക്തിഗത വിശകലനം കൂടി ആണെന്നറിയുക. നിങ്ങളുടെ ശക്തി, ബലഹീനതകൾ, അവസരങ്ങൾ, വെല്ലുവിളികൾ എന്നിവ കൃത്യമായി അവലോകനം ചെയ്ത്, സത്യസന്ധതയും അവബോധവും ഉള്ള ഒരു സ്ഥലത്ത് നിന്ന് നിങ്ങൾക്ക് സ്വയം പ്രമോട്ട് ചെയ്യാം.