indian presidential election
ആഘോഷിക്കാം, പക്ഷേ...
വനഭൂമിക്ക് മേല്‍ കോര്‍പറേറ്റുകള്‍ക്ക് അധികാരം നല്‍കുന്ന ബി ജെ പി സര്‍ക്കാറിന്റെ നയവും ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ ഗോത്രവര്‍ഗ ജനസമൂഹം നേരിടുന്ന വെല്ലുവിളികളെയും എത്രകണ്ട് ഈ സര്‍ക്കാറിന് അഡ്രസ്സ് ചെയ്യാനാകും എന്നിടത്താണ് മുര്‍മുവിന്റെ സ്ഥാനാരോഹണം ആഘോഷിക്കപ്പെടേണ്ടത്. അതേ സമയം ഹിന്ദുത്വ ദേശീയതക്ക് കീഴില്‍ ജനാധിപത്യത്തിന്റെ ബലഹീനതകളെ ചൂഷണം ചെയ്യുന്ന ഭരണകൂട തന്ത്രം കൂടി മുര്‍മുവിന്റെ സ്ഥാനാരോഹണത്തോടെ ചര്‍ച്ച ചെയ്യപ്പെടും.
ഇന്ത്യയുടെ ആദ്യത്തെ ഗോത്രവര്‍ഗ രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അത് നമ്മുടെ ജനാധിപത്യ ചരിത്രത്തിലെ ഉജ്വലമായ അധ്യായങ്ങളില്‍ ഒന്നായി രേഖപ്പെടുത്തുകയാണ്. ജനാധിപത്യം ഭൂരിപക്ഷാധിപത്യത്തിന്റെ എല്ലാ ലക്ഷണങ്ങളോടും സ്വാഭാവികമായി പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലും, ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയിലേക്ക് ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയായ ഒരു വനിതയെ കൊണ്ടു വന്നിരിക്കുന്നു. ജനാധിപത്യത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്താന്‍ വേണ്ടി തങ്ങള്‍ നടത്തിയ ഏറ്റവും വലിയ പോരാട്ടമാണെന്ന് ബി ജെ പിക്ക് അവകാശപ്പെടാനാകും വിധമാണ് പതിനഞ്ചാം രാഷ്ട്രപതി തിരഞ്ഞെടുപ്പിന് തിരശ്ശീല വീണത്.
അതേസമയം അടുത്ത കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും ആവേശം ജനിപ്പിക്കേണ്ടിയിരുന്ന ഒരു തിരഞ്ഞെടുപ്പ് ഔപചാരികതക്ക് വേണ്ടി മാത്രം നടത്തേണ്ടി വന്ന ദയനീയതക്കാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ സാക്ഷിയായത്. ഇന്ത്യയില്‍ അനുദിനം ദുര്‍ബലമാകുന്ന പ്രതിപക്ഷ മുന്നണിയുടെ കരുത്ത് ഒറ്റയടിക്ക് കൊള്ളയടിച്ചു കൊണ്ടുപോയ ബി ജെ പിയുടെ രാഷ്ട്രീയ ശക്തിയുടെ ആഴവും പരപ്പും ഒരുപോലെ വ്യക്തമാക്കുന്നതായിരുന്നു ഈ തിരഞ്ഞെടുപ്പ്. മാത്രമല്ല 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരിക്കല്‍ കൂടി ബി ജെ പി അവരുടെ സ്വാധീനം വര്‍ധിപ്പിക്കുകയും പ്രതിപക്ഷ പ്രതീക്ഷകള്‍ക്ക് മേല്‍ ശക്തമായ പ്രഹരമേല്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് 49 ശതമാനം വോട്ട് മൂല്യം പോലും ബി ജെ പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (NDA) അക്കൗണ്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ബി ജെ പിയുടെ രാഷ്ട്രീയത്തോട് വിയോജിക്കുന്നവര്‍ക്ക് പോലും ഉള്ളടക്കപരമായി മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വത്തോട് യോജിക്കേണ്ടി വന്നു എന്നതാണ് വിജയ ശതമാനം മഹാ ഭൂരിപക്ഷത്തിലേക്ക് നയിച്ചതിന്റെ പ്രധാന കാരണം. എം പിമാരുടെ വോട്ടുകള്‍ മാത്രം എണ്ണിക്കഴിഞ്ഞപ്പോള്‍ ദ്രൗപദി മുര്‍മു 3,78,000 മൂല്യമുള്ള 540 വോട്ടുകളും യശ്വന്ത് സിന്‍ഹ 1,45,600 മൂല്യമുള്ള 208 വോട്ടുകളും നേടിയിരുന്നു. ഇത് ബി ജെ പി ഈ തിരഞ്ഞെടുപ്പിന് മുമ്പായി എത്രമാത്രം ഹോം വര്‍ക്ക് ചെയ്തിട്ടുണ്ട് എന്നതിന്റെ സാക്ഷ്യം കൂടിയാണ്.
പ്രതിപക്ഷ മുന്നണിയിലെ കേഡറുകളെന്ന് അടയാളം വെക്കാന്‍ കഴിയുന്ന കോണ്‍ഗ്രസ്സിന്റെയും എന്‍ സി പിയുടെയും തന്നെ ചില അംഗങ്ങള്‍ അതാത് പാര്‍ട്ടികളുടെ നിലപാടിന് വിരുദ്ധമായി ക്രോസ് വോട്ട് ചെയ്തതായി റിപോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ്സിന്റെ 17 എം പിമാര്‍ മുര്‍മുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു എന്നാണ് റിപോര്‍ട്ടുകള്‍. മാത്രമല്ല യശ്വന്ത് സിന്‍ഹയെ നോമിനേറ്റ് ചെയ്ത ടി എം സിയുടെ 17 എം എല്‍ എമാര്‍ ക്രോസ് വോട്ട് ചെയ്തതായി ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍ സുകാന്ത മജുംദാറും അവകാശപ്പെട്ടു കഴിഞ്ഞു. ഈ വാര്‍ത്തകള്‍ക്ക് വിശ്വാസ്യത നല്‍കും വിധമാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നത്.
അടുത്ത കാലത്തായി വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായ കൂറുമാറ്റങ്ങളും ഇപ്പോള്‍ ഉണ്ടായ ക്രോസ് വോട്ടും പ്രതിപക്ഷത്തെ നയിക്കേണ്ട കോണ്‍ഗ്രസ്സിന് എങ്ങനെയാണ് ഇനി നേതൃസ്ഥാനത്ത് തുടരാനാകുക എന്ന ധാര്‍മികപരമായ ചോദ്യം അന്തരീക്ഷത്തില്‍ ഉയര്‍ത്തുന്നുണ്ട്. ഒരുപക്ഷേ മമതയും ഇടതുപക്ഷവും അടക്കമുള്ള പാര്‍ട്ടികള്‍ ഈ ചോദ്യം പൊതുവേദികളില്‍ തന്നെ ശക്തമായി ഉന്നയിക്കാന്‍ സാധ്യതയുണ്ട്. സ്റ്റാലിനെപ്പോലെ കേന്ദ്രസര്‍ക്കാറിനെ ഭരണപരമായും പ്രത്യയശാസ്ത്രപരമായും ഒരുപോലെ വിമര്‍ശിക്കുന്ന ഒരാള്‍ക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് കാണിച്ച ഈ പിടിപ്പുകേടിനെ എത്രകണ്ട് ഉള്‍ക്കൊള്ളാനാകും എന്നതും തിരഞ്ഞെടുപ്പോടെ ഒരു മൂന്നാം മുന്നണി ശ്രമങ്ങള്‍ക്ക് ഈ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങുമോ എന്നതും കണ്ടറിയേണ്ടി വരും. കേന്ദ്ര സര്‍ക്കാറിനോട് നേരേ നിന്ന് പോരാടാന്‍ ആളില്ലാത്ത അവസ്ഥയില്‍ സാധ്യമായ ബദലുകളിലേക്ക് സ്റ്റാലിനും കെ സി ആറും അടക്കമുള്ളവര്‍ ആകര്‍ഷിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നത് മാത്രമാണ് ഈ രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രതിപക്ഷ മുന്നണിയില്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ചലനം.
അടുത്ത കാലത്തായി സംഭവിച്ച ബി ജെ പിയുടെ ഏറ്റവും മികച്ച രാഷ്ട്രീയ നീക്കമായിരുന്നു ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വം എന്ന് പറയാതെ വയ്യ. ഒഡീഷയില്‍ നിന്നുള്ള ആദിവാസി സ്ത്രീയും മുന്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറുമായ മുര്‍മുവിനെ എന്‍ ഡി എ തങ്ങളുടെ ചോയ്‌സായി തിരഞ്ഞെടുത്തത് പ്രതിപക്ഷത്തെ പിളര്‍ത്താനും നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍, ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ്സ് തുടങ്ങിയ ചേരിചേരാ കക്ഷികളില്‍ നിന്ന് പിന്തുണ നേടാനുമുള്ള നീക്കമായി മാറി. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷ ചേരിയില്‍ ശക്തമായി നിലയുറപ്പിക്കും എന്ന് കരുതിയ ശിവസേനക്ക് പോലും ബി ജെ പിയുടെ സ്ഥാനാര്‍ഥിത്വത്തോട് ഐക്യപ്പെടേണ്ടി വന്നു എന്നതാണ് ബദല്‍ തേടുന്ന പ്രതിപക്ഷ മുന്നണിയുടെ ഏറ്റവും വലിയ ദയനീയത.
യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ സാമാന്യം തരക്കേടില്ലാത്ത സെലക്്ഷനായിരുന്നെങ്കിലും പ്രതിപക്ഷ മുന്നണിയുടെ പ്രചാരണത്തിലെ ആസൂത്രണമില്ലായ്മയും പാര്‍ട്ടികള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മകളും സഖ്യത്തിന്റെ ഐക്യമില്ലായ്മയുമാണ് സിന്‍ഹയുടെ പരാജയത്തിന്റെ ആഴം വര്‍ധിപ്പിച്ചത്. പ്രതിപക്ഷ മുന്നണിക്ക് നിര്‍ണായകമായി സേവനം ലഭിക്കേണ്ട സമയത്ത് പവാറിനെപ്പോലെ ഒരു നേതാവിനെ പ്രതിസന്ധിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയും ഇ ഡിയെ ഉപയോഗിച്ച് സോണിയ-രാഹുല്‍ ദ്വയത്തെ പൂട്ടിയതും പ്രതിപക്ഷ കരുത്തിനെ എല്ലാ തലങ്ങളിലും ചോര്‍ത്തി എടുത്ത ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ആസൂത്രണത്തിന്റെ കരുത്താണ് പ്രകടമാക്കിയത്. വ്യക്തികള്‍ തമ്മിലല്ല പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലാണ് മത്സരം എന്ന് പറഞ്ഞ് വോട്ടു ചോദിച്ച യശ്വന്ത് സിന്‍ഹ മുന്നോട്ടുവെച്ച രാഷ്ട്രീയം തന്നെയാണ് പ്രതിപക്ഷ വാദങ്ങളുടെ ആണിക്കല്ലായി മാറേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല എന്ന് മാത്രമല്ല സിന്‍ഹയും ബി ജെ പിയും തമ്മിലാണ് അങ്കം എന്ന് തോന്നിപ്പിക്കും വിധം ചിത്രത്തില്‍ സിന്‍ഹ മാത്രമായി ചുരുങ്ങി. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് തലക്കെട്ട് നല്‍കാന്‍ പാകത്തില്‍, രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗംഭീരം എന്ന് ആലങ്കാരികമായെങ്കിലും അവകാശപ്പെടാനുള്ള പൊളിറ്റിക്കലായ പ്രസ്താവനകള്‍ പോലും പ്രതിപക്ഷത്ത് നിന്ന് വന്നില്ല എന്നതാണ് ദൗര്‍ഭാഗ്യകരം. അവസാന ഘട്ടത്തില്‍ ലഭിച്ച ആം ആദ്മിയുടെ പിന്തുണ മാത്രമാണ് സിന്‍ഹക്ക് ആശ്വസിക്കാനെങ്കിലും വകയുണ്ടാക്കിയത്.
ആദിവാസി സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിലും രാജ്യത്തെ രണ്ടാം വനിതാ പ്രസിഡന്റ് എന്ന നിലയിലും മുര്‍മു ആഘോഷിക്കപ്പെടുമ്പോള്‍ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ഗംഭീരമായ സാധ്യതകളെ ലോകത്തിന് മുന്നില്‍ തുറന്ന് പ്രൊജക്ട് ചെയ്യുകയാണ്. എന്നാല്‍ വനഭൂമിക്ക് മേല്‍ കോര്‍പറേറ്റുകള്‍ക്ക് അധികാരം നല്‍കുന്ന ബി ജെ പി സര്‍ക്കാറിന്റെ നയവും ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ ഗോത്രവര്‍ഗ ജനസമൂഹം നേരിടുന്ന വെല്ലുവിളികളെയും എത്രകണ്ട് ഈ സര്‍ക്കാറിന് അഡ്രസ്സ് ചെയ്യാനാകും എന്നിടത്താണ് മുര്‍മുവിന്റെ സ്ഥാനാരോഹണം ആഘോഷിക്കപ്പെടേണ്ടത്. അതേ സമയം ഹിന്ദുത്വ ദേശീയതക്ക് കീഴില്‍ ജനാധിപത്യത്തിന്റെ ബലഹീനതകളെ ചൂഷണം ചെയ്യുന്ന ഭരണകൂട തന്ത്രം കൂടി മുര്‍മുവിന്റെ സ്ഥാനാരോഹണത്തോടെ ചര്‍ച്ച ചെയ്യപ്പെടും. അതുകൊണ്ട് തന്നെ ആ രാഷ്ട്രീയത്തിനപ്പുറത്തേക്ക് രാഷ്ട്രപതിയുടെ ഓഫീസിന് കടക്കാന്‍ കഴിയുമോ എന്നത് കൂടി ഉത്തരം കാത്തിരിക്കുന്ന ചോദ്യ ചിഹ്നമായി അന്തരീക്ഷത്തിലുണ്ടാകും. മോദി-അമിത് ഷാ അധികാര കേന്ദ്രത്തിന് കീഴില്‍ 2025ല്‍ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന സംഘ്പരിവാറിന് അവരുടെ അജന്‍ഡകള്‍ ചോദ്യങ്ങളില്ലാതെ നടപ്പാക്കാന്‍ കഴിയുന്ന ഒരു റബ്ബര്‍ സ്റ്റാമ്പ് പ്രസിഡന്റിനെയാണോ ഇന്ത്യ തിരഞ്ഞെടുത്തത് എന്നതാണ് തിരഞ്ഞെടുപ്പ് ബാക്കിയാക്കുന്ന വലിയ ആശങ്ക.