Connect with us

തെളിയോളം

മടുപ്പിക്കാതെ അടുപ്പിക്കാം

ചുറ്റും നോക്കൂ, നിങ്ങളെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങൾ നിങ്ങൾ തുടക്കത്തിൽ എത്രമാത്രം ആസ്വദിച്ചിരുന്നുവെന്ന് ചിന്തിക്കുക. പിന്നെപ്പിന്നെ അതിന്റെ ആസ്വാദ്യതയിൽ കുറവ് വന്നിട്ടില്ലേ?

Published

|

Last Updated

“എനിക്ക് ബോറടിക്കുന്നു’ എന്ന് പറയുന്നത് വെറുതെയാണ്. അതായത്, നിങ്ങൾ ജീവിക്കുന്നത് ഒരു ശതമാനം പോലും കണ്ടിട്ടില്ലാത്ത ഒരു വലിയ, വിശാലമായ ലോകത്തിലാണ്. മനസ്സ് എന്ന അനന്തമായ സാധ്യത ഉൾവഹിച്ച്, ജീവിച്ചിരിപ്പുണ്ടെന്ന അത്ഭുതകരമായ വസ്തുത നിലനിൽക്കെ “എനിക്ക് ബോറടിക്കുന്നു’ എന്ന് പറയാൻ ആർക്കാണ് കഴിയുക?. – ലൂയിസ് സി കെയുടെ വചനമാണിത്. ഉപയോഗിക്കാത്ത സാധ്യതകളുടെ വേദനയാണ് വിരസത എന്ന് പറയാറുണ്ട്. വേഗതയേറിയതും, തത്സമയ ആഹ്ലാദം ആഗ്രഹിക്കുന്നതും, വിനോദം അടിസ്ഥാനമാക്കിയുള്ളതുമായ ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. കൂടുതൽ സമയത്തിനായി കൊതിച്ചു കൊണ്ടേയിരിക്കുമ്പോഴും ഒഴിവു സമയം ലഭിക്കുമ്പോൾ, അത് എന്തു ചെയ്യണമെന്ന് നമുക്കറിയില്ല.

വിലയേറിയ സമയം ആസ്വദിക്കാൻ തക്ക ആവേശകരമായി ഒന്നും അനുഭവപ്പെടാതെയും ഒന്നും ചെയ്യാതെയും വിരസത നമ്മിൽ അടിഞ്ഞുകൂടുന്നു. തിരക്കുപിടിച്ച് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് ഓടുമ്പോഴും ചെയ്യാനുള്ള ജോലികളിലേക്ക് പ്രവേശിക്കുമ്പോഴും സ്വയമറിയാതെ തന്നെ വല്ലാത്ത ഒരു വിരസത നമ്മിൽ നിറയുന്നുണ്ടാകും.

ഒരു പുതിയ വാഹനം വാങ്ങി വർഷങ്ങളോളം അത് ഓടിക്കുമ്പോഴെല്ലാം അത് നിങ്ങളെ ഒരേ സന്തോഷത്തിൽ നിലനിർത്തുമോ? തുടക്കത്തിൽ അങ്ങനെ കരുതിയാലും ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ ആ വികാരം ഇല്ലാതായി പിന്നീട് അത് ഒരു കാർ മാത്രമായിട്ടുണ്ടാകും. ഇന്നത്തെ ഏത് ട്രെൻഡുകളും പരിശോധിച്ചു നോക്കൂ. ഒരു പാട്ട് എത്രകാലമാണ് വൈറലായി നിൽക്കുക!. കേട്ട് കേട്ട് പിന്നെ അതു കേൾക്കുന്നതേ അലർജിയായി തോന്നാറില്ലേ? നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു പാനീയം കുപ്പി തുറന്ന് ചുണ്ടിൽ വെക്കുമ്പോൾ കിട്ടുന്ന രുചി അങ്ങേയറ്റമായിരിക്കും. എന്നാൽ ഒരു മിനുട്ടിനുശേഷം, നിങ്ങൾ അത് വീണ്ടും കുടിക്കുമ്പോൾ അതിന്റെ രുചി അത്രമാത്രം ഉണ്ടാകില്ല. ഹെഡോണിക് അഡാപ്റ്റേഷൻ എന്നറിയപ്പെടുന്ന ഈ സംതൃപ്തി, നമ്മെ സന്തോഷിപ്പിക്കുന്ന മിക്കവാറും എല്ലാത്തിനും സംഭവിക്കുന്നുണ്ട്. ചുറ്റും നോക്കൂ, നിങ്ങളെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങൾ നിങ്ങൾ തുടക്കത്തിൽ എത്രമാത്രം ആസ്വദിച്ചിരുന്നുവെന്ന് ചിന്തിക്കുക. പിന്നെപ്പിന്നെ അതിന്റെ ആസ്വാദ്യതയിൽ കുറവ് വന്നിട്ടില്ലേ?

പുതിയ കാലത്ത് ചൂതാട്ടം, മദ്യം, മയക്കുമരുന്ന് ഉപയോഗം എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുന്നതിൽ വിരസതക്ക് വലിയ പങ്കുണ്ടെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. വിരസത കൂടുതലുള്ളവരിൽ ഉത്കണ്ഠ, വിഷാദം, നീട്ടിവെക്കൽ എന്നിവ അനുഭവപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പ്രാരംഭ ആസ്വാദനം തിരികെ ലഭിക്കുക എന്നത് ആരും ആഗ്രഹിക്കുന്ന കാര്യമാണ്. അതിന് ഫലപ്രദമായ പ്രതിവിധിയുണ്ട്. ശ്രദ്ധ നഷ്ടപ്പെടുന്നതാണ് വിരസതയായി നമുക്ക് അനുഭവപ്പെടുന്നതെന്നറിയുക. എന്തെങ്കിലും ഒന്ന് പുതിയതാണ് എന്ന് തോന്നുമ്പോൾ, ആളുകൾ അതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. ആസ്വാദ്യകരമായ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമ്പോൾ, അവർ അത് കൂടുതൽ ആസ്വദിക്കാൻ പ്രവണത കാണിക്കും. ഉപഭോഗത്തിൽ ഇത്രയധികം വൈവിധ്യം തേടുന്നത് അതുകൊണ്ടാണ്. നമ്മൾ എന്തെങ്കിലും വാങ്ങുകയും അത് പരിചിതവും സാധാരണവുമാകുന്നതുവരെ കുറച്ചുകാലം ഉപയോഗിച്ച് പുതിയ ഒന്നിലേക്ക് മാറുമ്പോൾ നമ്മുടെ സന്തോഷം തിരിച്ചു കിട്ടുന്നുണ്ട്. എന്നാൽ ഈ മാറ്റിസ്ഥാപിക്കൽ ചെലവേറിയതാണ്, തന്നെയുമല്ല വീട്, ഇണ തുടങ്ങിയ ഒഴിവാക്കാനാകാത്ത പരിചയങ്ങളിൽ നമുക്കിത് പ്രായോഗികവുമല്ലല്ലോ.

ഒരിക്കൽ എന്തെങ്കിലും മടുത്തുകഴിഞ്ഞാൽ അത് മാറ്റി പകരം വെക്കുന്നതിന് പകരം അതു തന്നെ വ്യത്യസ്തമായതും അസാധാരണമായതുമായ രീതിയിൽ ഉപയോഗിച്ചു നോക്കുക. നിങ്ങൾ സ്ഥിരമായി വെള്ളം കുടിക്കുന്ന ആളാണ്. കുടിക്കുന്ന രീതിയിൽ വരുത്തുന്ന ഒരു വ്യത്യാസം പോലും നിങ്ങളുടെ ആസ്വാദനത്തിൽ വ്യത്യാസം വരുത്തും. കച്ചവടക്കാർ ഈ തന്ത്രം ഉപയോഗപ്പെടുത്തിയാണ് പുതിയ മാർക്കറ്റുകൾ വിപുലപ്പെടുത്തുന്നത്. ഒരേ സാധനം തന്നെ വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിൽ നൽകുന്ന രുചിയനുഭവം തീർത്തും വ്യത്യസ്തമായിരിക്കും. കേട്ടു മടുത്ത ഒരു ഗാനം മറ്റൊരു സ്ഥലത്തു നിന്നു കേൾക്കുമ്പോൾ സന്തോഷത്തോടെ ആസ്വദിക്കാൻ കഴിയാറില്ലേ?.

ഇണയുമായി ഒരു പാർക്കിൽ ഇരിക്കുമ്പോൾ വീട്ടിൽ ഇരിക്കുന്നതിനേക്കാൾ സന്തോഷവും അടുപ്പവും അനുഭവപ്പെടും. ഹോട്ടലിലോ ബാർബർ ഷാപ്പിലോ ലഭിക്കുന്ന സേവനം ഒന്നു തന്നെയാണെങ്കിലും അവിടെ ഒരുക്കിയ ടേബിളിന്റെയോ വിരിയുടേയോ നേരിയ വ്യത്യാസം നമ്മുടെ സംതൃപ്തി പതിന്മടങ്ങാക്കും. സംതൃപ്തി എന്ന സാർവത്രിക പ്രതിഭാസത്തിന്, അല്ലെങ്കിൽ പരിചയം മൂലമുണ്ടാകുന്ന ആസ്വാദനം കുറയുന്നതിന് ഉചിതമായ പരിഹാരം കണ്ടെത്തുന്നതിലാണ് ഇന്നത്തെ ബിസിനസുകാർ വിജയിക്കുന്നത്. വൈവിധ്യം ജീവിതത്തിന്റെ സുഗന്ധവ്യഞ്ജനമാണ്, നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ മാത്രമല്ല, അത് എങ്ങനെ ചെയ്യുന്നു എന്നതിലും ഇത് പ്രധാനമാണ്. ഇതറിയുന്നത് കുടുംബ ജീവിതത്തിലും കരിയറിലും പരമാവധി ആസ്വാദ്യത നിലനിർത്താൻ സഹായിക്കും.

Latest